പരിഹാരം പുതിയ ഡാം മാത്രം: റോഷി അഗസ്റ്റിൻ
പരിഹാരം പുതിയ ഡാം മാത്രം: റോഷി അഗസ്റ്റിൻ
Sunday, May 29, 2016 12:28 PM IST
കട്ടപ്പന: മുല്ലപ്പെരിയാർ ഡാമിനു ബലക്ഷയമില്ലെന്ന റിപ്പോർട്ടിനെ തള്ളിക്കളയാനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കേരള ജനതയോടുള്ള അവഹേളനമാണെന്നു റോഷി അഗസ്റ്റിൻ എംഎൽഎ. കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും എന്നതാണു കേരളം സ്വീകരിച്ചിരുന്ന നയം.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഡാമിന്റെ അപകടഭീതി കണക്കിലെടുത്തു ഡാം പൊളിച്ചുമാറ്റണമെന്നും പുതിയ ഡാം നിർമിക്കണമെന്നും കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തെ അറിയിക്കുകയും നിലവിലുള്ള ഡാമിന് ഏതാനും മീറ്ററുകൾ താഴെ പുതിയ ഡാം നിർമിക്കാനുള്ള സ്‌ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ടു കേരള സർക്കാർ കേസുകൾ നടത്തുകയും തമിഴ്നാടുമായി നിരവധി ചർച്ചകൾ നടത്തിയിട്ടുള്ളതുമാണ്.

ഡാമിന്റെ ബലക്ഷയം പരിശോധിക്കുന്നതിനും റിപ്പോർട്ട് സമർപ്പിക്കാനായി കേന്ദ്രം വിദഗ്ധസമിതിയെ നിയോഗിച്ചെങ്കിലും ഇവർ നൽകിയ റിപ്പോർട്ട് പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ഉപയുക്‌തമല്ല. പുതിയ ഡാം മാത്രമാണു ശാശ്വത പരിഹാരമെന്ന നിലപാടാണു കേരളം സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഇതിൽനിന്നു വ്യത്യസ്തമായി യാതൊരുവിധ പഠനങ്ങളും നടത്താതെ റിപ്പോർട്ടിന് അനുകൂലമായുള്ള മുഖ്യമന്ത്രിയുടെ നിലപാടു പുതിയ ഡാം നിർമാണത്തിനുള്ള അനുമതിയെ തടസപ്പെടുത്തും.


മഴക്കാലമാകുന്നതോടെ ഡാമിലെ ചോർച്ച കൂടുകയും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ചെയ്യുന്നതു മുൻവർഷങ്ങളിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. തന്മൂലം തമിഴ്നാട്ടിലേക്കു കൂടുതൽ വെള്ളം ഒഴുക്കിവിട്ടു ജലനിരപ്പ് നിയന്ത്രിക്കുകയാണു ചെയ്തുവരുന്നത്.എന്നാൽ, ജനങ്ങളുടെ സുരക്ഷ കണക്കാക്കാതെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കൂടുതൽ വെള്ളം തടഞ്ഞുനിർത്തുന്നതിനു തമിഴ്നാടിനെ സഹായിക്കുന്ന വിധത്തിലുള്ളതാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎൽഎ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.