ട്രൈബ്യൂണൽ ഉത്തരവിനെതിരേ സർക്കാർ അപ്പീൽ നല്കണം: കെബിടിഎ
Thursday, May 26, 2016 12:50 PM IST
തൃശൂർ: ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കിയാൽ സംസ്‌ഥാനത്തെ 50 ശതമാനത്തിനു മുകളിലുള്ള ബസുകളും സർവീസ് നിർത്തിവയ്ക്കേണ്ടിവരുമെന്നും ഉത്തരവ് അടിയന്തരമായി പിൻവലിക്കുന്നതിനു കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.

2000 സിസിക്കു മുകളിൽവരുന്ന വാഹനങ്ങൾ പത്തുവർഷം വരെ മാത്രമേ ഉപയോഗിക്കാവൂ എന്നും പുതിയ രജിസ്ട്രേഷൻ നടത്തിക്കൊടുക്കാൻ പാടില്ലെന്നുമുള്ള ഉത്തരവ് സംസ്‌ഥാനത്തെ മോട്ടോർവാഹന മേഖലയിലെ ഉടമകളെയും ജീവനക്കാരെയും ബാധിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിനു വിരുദ്ധമായാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. വലിയ തുക മുതൽമുടക്കി ഈ മേഖലയിൽ വ്യവസായം ചെയ്യുന്നവർ വൻ തകർച്ചയിലേക്കാണ് പോകുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

സംസ്‌ഥാന പ്രസിഡന്റ് ജോൺസൺ പടമാടൻ, സംസ്‌ഥാന സെക്രട്ടറി എം. ഗോകുൽദാസ്, വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ്കുമാർ, ജോയിന്റ് സെക്രട്ടറി വി.വി. മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

<ആ>സർക്കാർ നീക്കം സ്വാഗതാർഹമെന്നു വ്യാപാരി വ്യവസായി സമിതി


തൃശൂർ: വലിയൊരു വിഭാഗം ഡീസൽ വാഹനങ്ങൾക്കു വിലക്കേർപ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഏകപക്ഷീയമായ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമെന്നു സംസ്‌ഥാന വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞു.

ആവശ്യമായ പഠനവും അഭിപ്രായ സ്വരൂപണവും നടത്താതെയും പരിഹാരം മുൻകൂട്ടി കാണാതെയുമാണ് ട്രൈബ്യൂണൽ കേരളത്തിൽ ഇത്തരമൊരു ഉത്തരവിറക്കിയത്. പൊതുഗതാഗത രംഗത്തും ചരക്കു ഗതാഗത – വ്യാപാര മേഖലയിലും കനത്ത പ്രത്യാഘാതങ്ങൾക്ക് ഇത് ഇടയാക്കും. 15 വർഷത്തെ നികുതി മുൻകൂർ നല്കിയാണ് വാഹനങ്ങൾ നിരത്തിലിറങ്ങുന്നത്. പരിസ്‌ഥിതി സംരക്ഷണമാണ് ലക്ഷ്യമെങ്കിൽ കേരളത്തിലും വാഹന ഇന്ധനങ്ങളിൽ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് ലഭ്യമാക്കണം. നഗരപ്രദേശങ്ങളിൽ ലഭിക്കാത്ത രജിസ്ട്രേഷനുവേണ്ടി ഗ്രാമപ്രദേശങ്ങളെ ആശ്രയിക്കുന്ന സ്‌ഥിതിവരും. പുകനിയന്ത്രണ സംവിധാനം കാര്യക്ഷമമാക്കാൻ നടപടിയെടുക്കണമെന്നും സംസ്‌ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടിയും സെക്രട്ടറി ഇ.എസ്. ബിജുവും ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.