ഗിന്നസ് ലക്ചറിനു മാളയിൽ തുടക്കം
Thursday, May 26, 2016 12:39 PM IST
മാള: തുടർച്ചയായി 140 മണിക്കൂർ ക്ലാസെടുത്ത് ലോക റിക്കാർഡ് നേടാൻ ഫ്രാൻസിസ് ജോസഫിന്റെ യജ്‌ഞത്തിനു മാളയിൽ തുടക്കമായി. മാള ഹോളിഗ്രേസ് എൻജിനിയറിംഗ് കോളജിലെ പ്രഫസറായ ഫ്രാൻസിസ് ജോസഫാണ് ഗിന്നസ് ബുക്ക് ലക്ഷ്യവുമായി തുടർച്ചയായി ക്ലാസെടുക്കുന്നത്. അർബുദ രോഗത്തിന് ആയുർവേദ ഔഷധങ്ങളുടെ പ്രസക്‌തിയും അതിനായുള്ള ഗവേഷണങ്ങളും സംബന്ധിച്ചാണ് പ്രധാനമായും ഫ്രാൻസിസ് ജോസഫ് ക്ലാസെടുക്കുന്നത്. ഇതിനു ഗിന്നസ് അധികൃതരുടെ അനുമതി ലഭിച്ചിട്ടുണ്ട്.

ഇന്ത്യക്കാരനായ അധ്യാപകൻ അരവിന്ദ് മിശ്രയുടെ നിലവിലുള്ള റിക്കാർഡ് മറികടക്കാനാണ് ഫ്രാൻസിസ് ജോസഫിന്റെ ശ്രമം. ഗ്രാഫിക് ഇറ സർവകലാശാലയിലെ അധ്യാപകനായ അരവിന്ദ് മിശ്ര 139 മണിക്കൂർ 42 മിനിറ്റ് 56 സെക്കൻഡ് തുടർച്ചയായി ക്ലാസെടുത്താണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഫ്രാൻസിസ് ജോസഫ് തുടർച്ചയായി 88 മണിക്കൂർ ക്ലാസെടുത്ത് പരിശീലനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി ആഹാര നിയന്ത്രണവും യോഗ പരിശീലനവും അടക്കമുള്ള തയാറെടുപ്പുകളാണ് നടത്തിയത്. കെമിക്കൽ എൻജിനയർ കൂടിയായ ഫ്രാൻസിസ് ജോസഫ് ഈ മേഖലയിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

മാരത്തൺ ക്ലാസെടുക്കലിനായി വിപുലമായ ഒരുക്കങ്ങളാണ് ഹോളിഗ്രേസിൽ നടത്തിയിരിക്കുന്നത്. ക്ലാസ് കേൾക്കാൻ എത്തുന്നവർക്ക് ഇരിക്കാനുള്ള പ്രത്യേക ഇടങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. പൂർണമായി റിക്കാർഡ് ചെയ്യാനും വിലയിരുത്താനും മേൽനോട്ടത്തിനും സജ്‌ജീകരണം ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും ക്ലാസ് കേൾക്കാൻ ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും അടക്കമുള്ള നിരവധി പേരാണ് എത്തുക. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്കും സാക്ഷ്യപ്പെടുത്തലിനും ശേഷം ഏഴു ഭാഷയിൽ സ്വാഗതം പറഞ്ഞാണ് ഫ്രാൻസിസ് ജോസഫ് തന്റെ മാരത്തൺ ക്ലാസെടുക്കൽ ആരംഭിച്ചത്. സാക്ഷികളും ഔദ്യോഗിക പ്രതിനിധികളും പൂർണസമയവും സന്നിഹിതരായിരിക്കും.


ക്ലാസെടുക്കൽ ഡിജിപി ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ പി.പി. ജയിംസ് അധ്യക്ഷത വഹിച്ചു. നിയുക്‌ത എംഎൽഎ അഡ്വ. വി.ആർ.സുനിൽകുമാർ, സംഗീതജ്‌ഞൻ ഫാ. പോൾ പൂവ്വത്തിങ്കൽ, കണ്ടംകുളത്തി വൈദ്യശാല മാനേജിംഗ് ഡയറക്ടർ കെ.പി. വിൽസൺ, ഡോ. ഡി.രാമനാഥൻ, സാനി എടാട്ടുകാരൻ, വക്കച്ചൻ താക്കോൽക്കാരൻ, ജോസ് കണ്ണമ്പിള്ളി, ഹരിനാഥ് വിശ്വനാഥൻ, ബെന്നി ജോൺ ഐനിക്കൽ തുടങ്ങിയവർ സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.