ജിഷയുടെ കുടുംബത്തിന് കെപിസിസി 15 ലക്ഷം രൂപ നൽകി
ജിഷയുടെ കുടുംബത്തിന് കെപിസിസി 15 ലക്ഷം രൂപ നൽകി
Wednesday, May 25, 2016 12:24 PM IST
പെരുമ്പാവൂർ: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ദളിത് നിയമവിദ്യാർഥിനി ജിഷയുടെ കുടുംബത്തിന് കെപിസിസി പ്രഖ്യാപിച്ചിരുന്ന 15 ലക്ഷം രൂപയുടെ ധനസഹായം കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ അമ്മ രാജേശ്വരിക്കു കൈമാറി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലാണ് ധനസഹായം നേരത്തെ കൈമാറാൻ കഴിയാതിരുന്നത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സുധീരൻ ജിഷയുടെ അമ്മയ്ക്ക് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ രാജേശ്വരിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചു രണ്ടു വർഷത്തേക്ക് ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നതിന് കെപിസിസി സെക്രട്ടറി ടി.എം. സക്കീർ ഹുസൈനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ജിഷയുടെ കുടുംബത്തെ സഹായിക്കാൻ നിരവധി സംഘടനകളും കഴിഞ്ഞ സർക്കാരും മുന്നോട്ടുവന്നിരുന്നു. കൂടാതെ ജില്ലാ കളക്ടറുടെ പ്രവർത്തനം നല്ല രീതിയിലായിരുന്നുവെന്നും സുധീരൻ പറഞ്ഞു. നാടിനെ നടുക്കിയ കൊലപാതകത്തിൽനിന്ന് സമൂഹം ഇപ്പോഴും പൂർണമായി മുക്‌തമായിട്ടില്ല. പ്രതിയെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഒട്ടും വൈകാതെ പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇതിനായി പുതിയ സർക്കാരിന് കെപിസിസിയുടെയും കേരള ജനതയുടെയും പൂർണ പിന്തുണയുണ്ടാകുമെന്നും സുധീരൻ പറഞ്ഞു. പുതിയ സർക്കാരിന് ആശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.


യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ, എംഎൽഎമാരായ വി.ഡി. സതീശൻ, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, കെപിസിസി സെക്രട്ടറിമാരായ ടി.എം. സക്കീർ ഹുസൈൻ, അഡ്വ. ജയ്സൺ ജോസഫ്, അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, ഡിസിസി ഭാരവാഹികളായ ഒ. ദേവസി, മനോജ് മൂത്തേടൻ, മുഹമ്മദ് ഷിയാസ്, ഡാനിയേൽ മാസ്റ്റർ, പോൾ ഉതുപ്പ്, തോമസ് പി. കുരുവിള എന്നിവർ വി.എം. സുധീരനൊപ്പം ആശുപത്രിയിൽ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.