തോൽപ്പിച്ചതു പാർട്ടിയെന്നു ശോഭ സുരേന്ദ്രൻ
തോൽപ്പിച്ചതു പാർട്ടിയെന്നു ശോഭ സുരേന്ദ്രൻ
Sunday, May 22, 2016 4:35 PM IST
പാലക്കാട്: സ്‌ഥാനാർഥി നിർണയം മുതൽ തുടർന്നു വരുന്ന ബിജെപിയിലെ ഉൾപ്പോര് പരസ്യമായ പൊട്ടിത്തെറിയിലേക്കു നീങ്ങുന്നു. പാലക്കാട് മണ്ഡലത്തിൽ മത്സരിച്ച തന്നെ ബോധപൂർവം തോൽപ്പിക്കുകയായിരുന്നുവെന്നാരോപിച്ചു ബിജെപി ദേശീയ നിർവാഹക സമിതിയംഗവും മുൻ മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റുമായിരുന്ന ശോഭാ സുരേന്ദ്രൻ ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്കു പരാതി നൽകി.

മലമ്പുഴ മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയും പാലക്കാട് നഗരസഭാ വൈസ് ചെയർമാനും ബിജെപി സംസ്‌ഥാന സെക്രട്ടറിയുമായ സി. കൃഷ്ണകുമാറിനെതിരേയാണു ശോഭ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ തോൽവിക്കു പിന്നിൽ ജില്ലാ–സംസ്‌ഥാന നേതൃത്വങ്ങൾക്കു പങ്കുള്ളതായി കത്തിൽ ആരോപിക്കുന്നു. തന്നെ തോൽപ്പിക്കുന്നതിനായി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി സി. കൃഷ്ണകുമാർ ഒത്തുകളിച്ചു. വിജയപ്രതീക്ഷ ഏറെ ഉണ്ടായിരുന്ന മണ്ഡലമായിരുന്നു പാലക്കാട്.

സംസ്‌ഥാനത്താദ്യമായി ബിജെപി ഭരിച്ച പാലക്കാട് നഗരസഭയിലുള്ള പാർട്ടി പ്രവർത്തകരെ മലമ്പുഴയിലെ പ്രചാരണത്തിനായി കൃഷ്ണകുമാർ കൊണ്ടുപോയി. ഇതു പാലക്കാട്ടെ തന്റെ പ്രചാരണ പ്രവർത്തനങ്ങളെ ബാധിച്ചു. പാർട്ടി വോട്ടുകളും പൂർണമായി തനിക്കു ലഭിച്ചിട്ടില്ല. അത്തരത്തിൽ തനിക്കെതിരേ ഗൂഢനീക്കം നടത്തുകയും പാർട്ടിയുടെ വിജയത്തിനെതിരായി പ്രവർത്തിച്ച കൃഷ്ണ കുമാറിനെതിരേ നടപടിയെടുക്കണമെന്നുമാണ് അമിത് ഷായ്ക്ക് അയച്ച കത്തിൽ ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്‌ഥാനാർഥിനിർണയ ചർച്ചകളിൽ ജില്ലയിൽനിന്ന് ഏറെപ്പേരും നിർദേശിച്ച സി. കൃഷ്ണകുമാറിനെ ഒഴിവാക്കി ശോഭാ സുരേന്ദ്രനെ സ്‌ഥാനാർഥിയാക്കിയതുമുതൽ പാലക്കാട്ടെ ബിജെപിയിൽ കലഹങ്ങൾ ആരംഭിച്ചിരുന്നു. പ്രാദേശിക വികാരം മാനിക്കാതെ ആർഎസ്എസിന്റെയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും തീരുമാനപ്രകാരമാണു ശോഭാ സുരേന്ദ്രൻ ഇവിടെ സ്‌ഥാനാർഥിയായത്. ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങ് സ്‌ഥാനാർഥിയായ ശോഭ സുരേന്ദ്രൻ എത്തും മുമ്പേ നേതാക്കൾ നടത്തിയതും സുരേഷ് ഗോപി പങ്കെടുത്ത തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ സി. കൃഷ്ണകുമാർ പങ്കെടുക്കാതിരുന്നതും ചർച്ചയായിരുന്നു. തുടർന്നാണു മലമ്പുഴയിൽ സി. കൃഷ്ണകുമാറിനെ സ്‌ഥാനാർഥി യായി തീരുമാനിച്ചത്. വി.എസ്. അച്യുതാന്ദൻ മത്സരിച്ച മലമ്പുഴ മണ്ഡലത്തിൽ ശക്‌തമായ പോരാട്ടം നടത്തി രണ്ടാം സ്‌ഥാനത്തെത്താൻ കൃഷ്ണകുമാറിനു കഴിഞ്ഞിരുന്നു.


തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്‌ഥാനത്തിൽ നേമത്തിനൊപ്പംതന്നെ വിജയപ്രതീക്ഷ ബിജെപി വച്ചുപുലർത്തിയ മണ്ഡലമായിരുന്നു പാലക്കാട്. കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം പങ്കെടുത്ത പൊതുയോഗവും പാലക്കാട്ടായിരുന്നു.

നിരവധി കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കി പ്രചാരണ പ്രവർത്തനം ബിജെപി ഇവിടെ നടത്തിയെങ്കിലും 17,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷ ത്തിൽ കോൺഗ്രസിലെ ഷാഫി പറമ്പിൽ വിജയിക്കു കയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.