യു.കെ.എസ്. ചൗഹാൻ, ഐഎഎസുകാർക്കിടയിലെ മഹാകവി
Wednesday, May 4, 2016 12:37 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാളത്തിലെ മഹാകവികളുടെ കൃതികൾ ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്‌ഥനായിരുന്നു ഇന്നലെ വിടവാങ്ങിയ യു.കെ.എസ്. ചൗഹാൻ. ജി. ശങ്കരക്കുറുപ്പിന്റെയും അക്കിത്തത്തിന്റെയും കവിതകൾ മലയാളത്തിൽ നിന്നു ഹിന്ദിയിലേക്കു തർജമ ചെയ്തപ്പോഴും ആശയഭംഗി ഒട്ടും ചോരാതെ സൂക്ഷിക്കാൻ ഉത്തർപ്രദേശ് സ്വദേശിയായ ചൗഹാനായി.

1986 ഐഎഎസ് ബാച്ചിൽ കേരള കേഡറിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു മസൂറിയിൽ പരിശീലനം തുടങ്ങിയപ്പോൾ തന്നെ ചൗഹാൻ മലയാള ഭാഷ സ്വായത്തമാക്കാനുള്ള ശ്രമം തുടങ്ങിയതായി ഇതേ ബാച്ചിലുണ്ടായിരുന്ന സുഹൃത്തും ഇപ്പോൾ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുമായ പി.എച്ച്. കുര്യൻ ഓർക്കുന്നു. മസൂറിയിലെ പരിശീലന കാലത്തു തന്നെ പുതുതായി പഠിച്ചുതുടങ്ങിയ മലയാളം വഴങ്ങുന്ന അവസ്‌ഥയിലെത്തി. ഇതേ സമയത്തു തന്നെ ഹിന്ദിയിൽ കവിത എഴുതിയ ചൗഹാൻ സിവിൽ സർവീസ് ബാച്ചിലെ അറിയപ്പെടുന്ന കവിയായി.

അസിസ്റ്റന്റ് കളക്ടറായി കേരളത്തിലെത്തിയതോടെ മലയാള സാഹിത്യത്തിലുള്ള ചൗഹാന്റെ അഭിരുചി വർധിച്ചു. മലയാള സാഹിത്യ കൃതികളും കവിതകളും വായിച്ചു തീർത്തു.


വയനാട്, കോഴിക്കോട് ജില്ലകളിൽ കളക്ടർ, നാഫെഡ് മാനേജിംഗ് ഡയറക്ടർ, ടൂറിസം ഡയറക്ടർ, പൊതുഭരണ സെക്രട്ടറി, സ്പോർട്സ് യുവജനകാര്യ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിക്കുന്നതിനിടെ മലയാള സാഹിത്യത്തിലെ അവഗാഹം വർധിച്ചു. 2001 ൽ ജി. ശങ്കരക്കുറുപ്പിന്റെ ജന്മശതാബ്ദി ആഘോഷവേളയിലാണ് അദ്ദേഹത്തിന്റെ അഞ്ചു കവിതകൾ തർജമ ചെയ്ത് അവതരിപ്പിച്ചത്. 2009ൽ അക്കിത്തത്തിന്റെ കവിതകളുടെ വിവർത്തന സമാഹാരം ‘അക്കിത്തം കി പ്രതിനിധി കവിതായേം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

കവിതയിലും സാഹിത്യത്തിലുമൊക്കെ സജീവമായപ്പോഴും ജോലിയിൽ അദ്ദേഹം നന്നായി ശ്രദ്ധിച്ചിരുന്നു. 12 വർഷമാണു കേരളത്തിൽ വിവിധ തസ്തികകളിൽ ജോലി നോക്കിയത്. മറ്റു സമയങ്ങളിൽ ഡപ്യൂട്ടേഷനിൽ ഡൽഹി റസിഡന്റ് കമ്മീഷണർ അടക്കമുള്ള വിവിധ പദവികൾ വഹിച്ചു.

ഏറെ നാളായി അർബുദ രോഗബാധിതനായി കഴിയുമ്പോഴും ഐഎഎസുകാർക്കിടയിലെ വാട്ട്സ് ആപ് ഗ്രൂപ്പിൽ സജീവമായിരുന്നു യു.കെ.എസ്. ചൗഹാൻ. വാട്ട്സ് ആപ് ഗ്രൂപ്പിലെ ചൗഹാന്റെ പ്രധാന കമന്റുകളെല്ലാം സാഹിത്യ കൃതികളെ കുറിച്ചായിരുന്നുവെന്നും ഐഎഎസ് സുഹൃത്തുക്കൾ ഓർക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.