നിയമവിദ്യാർഥിനി മരിച്ചത് ക്രൂരമായ പീഡനത്തിനിരയായെന്നു പോലീസ്
നിയമവിദ്യാർഥിനി മരിച്ചത് ക്രൂരമായ പീഡനത്തിനിരയായെന്നു പോലീസ്
Monday, May 2, 2016 1:20 PM IST
<ആ>സ്വന്തം ലേഖകൻ

പെരുമ്പാവൂർ: കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി കൊല്ലപ്പെട്ടതു ക്രൂരമായ പീഡനത്തിന് ഇരയായശേഷമെന്നു പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടിൽ രാജേഷിന്റെ മകൾ ജിഷ (30) കഴിഞ്ഞ വ്യാഴാഴ്ചയാണു കൊല്ലപ്പെട്ടത്.

യുവതിയുടെ മാറിടത്തിലും കഴുത്തിലുമായി 13 ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഗുഹ്യഭാഗത്ത് ഇരുമ്പു ദണ്ഡ് കൊണ്ട് ആക്രമിച്ചതായും വൻകുടൽ പുറത്തുവന്നതായും ഇൻക്വസ്റ്റ് റിപ്പോർട്ട് പറയുന്നു. ആണി പറിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡുകൊണ്ടു തലയ്ക്കു പിന്നിലും മുഖത്തും മാരകമായി അടിയേറ്റിട്ടുണ്ട്. അടിയുടെ ആഘാതത്തിൽ മൂക്കു തകർന്നു. ഇരുമ്പുദണ്ഡ് പോലീസ് കണ്ടെടുത്തു. ഷാൾ ഉപയോഗിച്ചു മുറുക്കിയശേഷം കഴുത്തിൽ കത്തി ഉപയോഗിച്ചു കുത്തിയിട്ടുണ്ട്. ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെയാണ് അക്രമം നടന്നതെന്നാണു പോലീസിന്റെ നിഗമനം.

വ്യാഴാഴ്ച രാത്രി എട്ടോടെയാണു ജിഷയുടെ മൃതദേഹം കുറുപ്പംപടി വട്ടോളിപ്പടിയിൽ കനാൽ പുറംപോക്കു ഭൂമിയിലെ ഒറ്റമുറി വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. ആദ്യപരിശോധനയിൽ കൊലപാതകമാണെന്നു പോലീസ് സ്‌ഥിരീകരിച്ചിരുന്നു. എന്നാൽ, സംഭവം നടന്നു ദിവസങ്ങളോളം ജിഷയുടെ ശരീരത്തിലുണ്ടായ മറ്റു പീഡനങ്ങളെക്കുറിച്ചു പോലീസ് അന്വേഷിച്ചില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമാണു കെലപാതകത്തിനു മുമ്പ് ക്രൂരമായ പീഡനം നടന്നതിന്റെ വിവരങ്ങൾ പുറത്തുവന്നത്.


സ്പെഷൽ ബ്രാഞ്ച് എസ്പി പി. മധുവിന്റെ നേതൃത്വത്തിൽ കുറുപ്പംപടി പോലീസും മറ്റ് ഉദ്യോഗസ്‌ഥരും കുറുപ്പംപടിയിലെ വീട്ടിലെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു. ജിഷയുടെ മൊബൈൽ ഫോണിലേക്കു വിളിച്ച ഫോൺനമ്പറുകളും സംഭവശേഷം നാട്ടിൽനിന്ന് അപ്രത്യക്ഷരായവരെയും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണമെന്നും പോലീസ് പറഞ്ഞു.

ജിഷയും അമ്മ രാജേശ്വരിയുമാണു വീട്ടിൽ താമസിച്ചിരുന്നത്. മാനസിക അസ്വസ്‌ഥതകളുള്ള രാജേശ്വരി ഇടയ്ക്കു വീട്ടുജോലികൾക്കു പോയാണു കുടുംബം പുലർത്തിയിരുന്നത്. സംഭവദിവസം രാജേശ്വരി ജോലി കഴിഞ്ഞ് വൈകിയാണു വീട്ടിലെത്തിയത്. പരിസരവാസികളുമായി അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവർ കഴിഞ്ഞിരുന്നത്. രാജേശ്വരിയുടെ ഭർത്താവ് ബാബു 25 വർഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടക്കാലി ചെറുകുന്നം ഭാഗത്ത് മാറിത്താമസിക്കുകയാണ്.

എറണാകുളം ഗവ. ലോ കോളജിൽ അവസാന വർഷ എൽഎൽബി വിദ്യാർഥിനിയാണ് ജിഷ. ചില വിഷയങ്ങളിൽ തോറ്റതിനാൽ വീണ്ടും എഴുതാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.