അഗസ്ത വെസ്റ്റ്ലാൻഡ്: കേസെടുക്കാൻ വെല്ലുവിളിച്ച് എ.കെ. ആന്റണി
അഗസ്ത വെസ്റ്റ്ലാൻഡ്: കേസെടുക്കാൻ വെല്ലുവിളിച്ച് എ.കെ. ആന്റണി
Monday, May 2, 2016 1:13 PM IST
കാസർഗോഡ്: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ വീരസ്യം പുലമ്പാതെ തെളിവുണ്ടെങ്കിൽ കേസെടുക്കുകയാണു വേണ്ടതെന്നും കഴിവുകേടു മറച്ചുവയ്ക്കാൻ ജല്പനം നടത്തുന്നതു ഭരണകൂടങ്ങൾക്കു ഭൂഷണമല്ലെന്നും മുൻ കേന്ദ്രമന്ത്രിയും എഐസിസി പ്രവർത്തക സമിതിയംഗവുമായ എ.കെ.ആന്റണി. കാസർഗോഡ് പ്രസ് ക്ലബ്ബിന്റെ ജനസഭ 2016 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടുന്ന ആൾക്കൂട്ടം അവരുടെ വോട്ടു ബാങ്കുകളല്ല. സംസ്‌ഥാനത്ത് അഞ്ചു വർഷംകൊണ്ടു സ്വപ്നവേഗത്തിലുള്ള വികസനമാണുനടന്നത്. അതിന്റെ തുടർച്ചയ്ക്കാണു യുഡിഎഫ് വോട്ടുചോദിക്കുന്നത്. യുഡിഎഫിന്റെ മദ്യനിരോധന നയം വോട്ടിനു വേണ്ടിയുള്ളതല്ല. കോൺഗ്രസ് ദേശീയ തലത്തിൽ ഇക്കാര്യത്തിൽ നയരൂപീകരണമെടുത്തിട്ടില്ല. അതതു സംസ്‌ഥാനങ്ങളുടെ സാഹചര്യമനുസരിച്ചായിരിക്കും മദ്യനിരോധനം പോലുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത്. സംസ്‌ഥാനത്തു യുഡിഎഫും എൽഡിഎഫും തമ്മിലാണു മത്സരം നടക്കുന്നത്. തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു താൻ പ്രവചിക്കാനില്ല.


കേരളത്തിൽ ബിജെപി ഒരു ശക്‌തിയല്ല. മഞ്ചേശ്വരത്തും കാസർഗോട്ടും മതേതര വോട്ടുകൾ ഭിന്നിക്കരുത്. വർഗീയ ശക്‌തികൾക്കു താവളമൊരുക്കാനുള്ള സംഘടിതശ്രമത്തിന് ഈ പ്രദേശം നിമിത്തമാകരുതെന്നും ആന്റണി ഓർമിപ്പിച്ചു. മതനിരപേക്ഷതയും മതസൗഹാർദവും കാത്തുസൂക്ഷിക്കാൻ മതേതര വോട്ടർമാർ തയാറാവണം. ശ്രീനാരായണ ഗുരുവിന്റെ കേരളം വർഗീയ ശക്‌തികളുടെ താവളമാകരുത്.

കേന്ദ്രത്തിൽ ഇന്നു തൊഴിലാളി വിരുദ്ധ സർക്കാരാണ് അധികാരത്തിൽ ഇരിക്കുന്നത്. പിഎഫ് പലിശ ഉൾപ്പെടെയുള്ളവ വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുന്നു. കേരളത്തിൽ ബിജെപി നാമമാത്രമായ ശക്‌തിയുള്ള പാർട്ടിയാണ്. അഞ്ചു സംസ്‌ഥാനങ്ങളിൽ നടക്കുന്ന അസംബ്ലി തെരഞ്ഞടുപ്പുകളിൽ ബിജെപി ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു കേരളത്തിലാണ്. വരാനിരിക്കുന്ന വലിയ ആപത്തിന്റെ സൂചനയാണത്. ഇന്ത്യയുടെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കി വർഗീയ തിരിവ് ഉണ്ടാക്കിയതു ബിജെപിയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പു മാനേജ്മെന്റാകെ ആർഎസ്എസാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.