നടൻ സലിംകുമാറിന്റെ വീട്ടിൽ പി. ജയരാജൻ സന്ദർശനം നടത്തി
നടൻ സലിംകുമാറിന്റെ വീട്ടിൽ പി. ജയരാജൻ സന്ദർശനം നടത്തി
Friday, April 29, 2016 1:18 PM IST
പറവൂർ: നടൻ സലിംകുമാറിന്റെ വീട്ടിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും കാരായി രാജനും നടൻ സുബീഷ്, സംവിധായകൻ എം. മോഹനൻ എന്നിവരടക്കമുള്ളവരും സൗഹൃദ സന്ദർശനം നടത്തി. എതിർചേരിയിൽ നിൽക്കുന്നവരെ നെഗറ്റീവായി കാണാത്ത പോസിറ്റീവ് രാഷ്ട്രീയമാണു തനിക്കുള്ളതെന്നു തന്റെ ലാഫിംഗ് വില്ലയിലിരുന്നു സ്വതസിദ്ധമായ ശൈലിയിൽ സലിംകുമാർ പറഞ്ഞു.

അന്തരീക്ഷത്തിലെ കടുത്ത ചൂടുപോലെ ചൂടുപിടിച്ചിട്ടുള്ള രാഷ്ട്രീയ സാഹചര്യത്തിൽ രാഷ്ട്രീയം മറന്നുള്ള സംഘത്തിന്റെ സന്ദർശനം കൗതുകമായി. ജില്ലയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് പി. ജയരാജനും കാരായി രാജനും സലിംകുമാറിനെ കാണാനെത്തിയത്. ജയരാജൻ വളരെ നേരത്തെതന്നെ സലിംകുമാറിന്റെ വീട്ടിൽ വരുന്ന കാര്യം വിളിച്ചു പറഞ്ഞിരുന്നു.

വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട വീഡിയോ ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നു സലിം കുമാറെങ്കിലും ജയരാജനെ സ്വീകരിക്കാൻ നേരത്തെതന്നെ വീട്ടിലെത്തി. ഉച്ചയ്ക്ക് ഒന്നോടെ ജയരാജനും സംഘവും ലാഫിംഗ് വില്ലയിലെത്തി. വ്യക്‌തിപരമായ സൗഹൃദം മാത്രമാണു സന്ദർശന ലക്ഷ്യമെന്നു ജയരാജൻ പറഞ്ഞു.


ജഗതി ശ്രീകുമാറിനെ ഇഷ്‌ടപ്പെടുന്നതുപോലെ സലിംകുമാറിനെയും താൻ ഇഷ്‌ടപ്പെടുന്നുണ്ട്. രാഷ്ട്രീയരംഗത്തെ തിരക്കിനിടയിലും സിനിമയിലെ കോമഡി രംഗങ്ങൾ മനസിനു സന്തോഷം നൽകുന്ന കാര്യമാണ്. അപകടം പറ്റിയിരിക്കുമ്പോൾ ജഗതിയുടെ വീട്ടിലും പോയിട്ടുണ്ട്. രാഷ്ട്രീയമേതായാലും കലയിലും കലാകാരന്മാരിലും പരസ്പരം വിശ്വാസവും സൗഹൃദവുമുണ്ട്. എന്നാൽ, രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടെന്നും ജയരാജൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.