തെരഞ്ഞെടുപ്പു ഗോദയിൽ നിന്ന് ഒളിച്ചോടിയത് അച്യുതാനന്ദൻ: ഉമ്മൻചാണ്ടി പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിൽ
Friday, April 29, 2016 1:18 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഗോദയിൽനിന്ന് ഒളിച്ചോടുന്നതു താനല്ല, വി.എസ്. അച്യുതാനന്ദനാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൈക്കൊണ്ട നിലപാടുകളിൽ നിന്ന് താൻ ഒരിക്കലും ഒളിച്ചോടിയിട്ടില്ല. ഒളിച്ചോടുന്നത് വിഎസ് തന്നെയാണെന്നും ഫേസ്ബുക്കിലൂടെ നൽകിയ മറുപടിയിൽ ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

ഉത്തരം മുട്ടിയപ്പോൾ തെരഞ്ഞെടുപ്പു ഗോദയിൽനിന്ന് ഒളിച്ചോടാൻ ശ്രമിച്ചുവെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഫേസ്ബുക്കിലൂടെ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ലാവ്ലിൻ കേസിലും ടി.പി.ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ടതിലും നിലപാടുകളിൽനിന്ന് ഒളിച്ചോടിയതു വി.എസ് തന്നെയല്ലേ എന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.മിണ്ടാതിരിക്കുന്നവന്റെ വായ മൂടിപ്പിടിക്കുന്നതെന്തിന്? ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മൗനം പാലിച്ചിരിക്കുന്ന അങ്ങയുടെ വായ ഞാനെന്തിന് മൂടിപ്പിടിക്കണം? എനിക്കെതിരേ 31 കേസുകളും എന്റെ മന്ത്രിസഭയിൽ ഉള്ളവർക്ക് എതിരേ 136 കേസുകളും ഉണ്ടെന്നാണ് അങ്ങ് പ്രസംഗിച്ചത്. അതിനു മറുപടിയായി, എനിക്കെതിരേ മാത്രമല്ല എന്റെ മന്ത്രിസഭയിലുള്ള ആർക്കെതിരേയും ഒരൊറ്റ എഫ്ഐആറും നിലനിൽക്കുന്നില്ലെന്നു ഞാൻ വ്യക്‌തമാക്കിയതാണ്. ഒരു എഫ്ഐആറെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അതിനുള്ള തെളിവു ഹാജരാക്കാൻ ഞാൻ അങ്ങയെ വെല്ലുവിളിച്ചിരുന്നു. എന്നാൽ എന്റെ ചോദ്യങ്ങൾക്കു ദിവസങ്ങൾ നീണ്ട മൗനമായിരുന്നു അങ്ങയുടെ മറുപടി.

ലോകായുക്‌തയിൽനിന്നു ലഭിച്ച ഒരു വിവരാവകാശ രേഖ വച്ചാണു എനിക്കെതിരേയും മറ്റു മന്ത്രിമാർക്കെതിരേയും അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ അങ്ങ് ഉന്നയിച്ചത്. എന്നാൽ, എനിക്കെതിരേ ഒറ്റ കേസുപോലും നിലനിൽക്കുന്നില്ലെന്നു ലോകായുക്‌തയും വ്യക്‌തമാക്കുകയുണ്ടായി. ഇടതുപക്ഷത്തുള്ള നിരവധി സ്‌ഥാനാർഥികൾ കൊലപാതകം, അഴിമതി, ചെക്കുകേസ്, വഞ്ചനാ കുറ്റം, ആ ത്മഹത്യാ പ്രേരണ തുടങ്ങി നി രവധി കേസുകളിൽ പ്രതികളാ ണെന്ന് വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞിരുന്നു. അ തിനും മൗനമായിരുന്നു അങ്ങയുടെ മറുപടി.


ഇന്നിപ്പോൾ എനിക്കെതിരേ 12 കേസുകൾ നിലനിൽക്കുന്നുണ്ട് എന്നാണ് അങ്ങ് കോടതിൽ പറഞ്ഞതെന്ന് അറിയാൻ കഴിഞ്ഞു. എനിക്കെതിരേ 31 കേസുകൾ എന്നതിൽനിന്ന് അങ്ങിപ്പോൾ 12 കേസുകളിലേക്ക് എത്തിയിരിക്കുന്നു. ഈ കേസുകൾ ഏതൊക്കെയാണെന്നും ഈ കേസുകളിൽ എഫ്ഐആറുകൾ ഉണ്ടോ എന്നും വ്യക്‌തമാക്കാൻ ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നു. ഇന്ന് ഞാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. എനിക്കെതിരേ ഒരു എഫ്ഐആർ പോലുമില്ലെന്ന് ഇതിൽനിന്നു വ്യക്‌തമാണ്. അതല്ല എനിക്കെതിരേ ഏതെങ്കിലും കേസിൽ എഫ്ഐആർ നിലനിൽക്കുന്നുണ്ടെങ്കിൽ അതു പറയാനെങ്കിലും അങ്ങ് മൗനം ഭഞ്ജിക്കണം.

ഒളിച്ചോടുന്നത് അങ്ങല്ലേ? ലാവ്ലിൻ കേസിൽ ഒരു പതിറ്റാണ്ടു കാലം കൈക്കൊണ്ട നിലപാടു മാറ്റി ഒളിച്ചോടിയത് അങ്ങല്ലേ? ടി.പി. ചന്ദ്രശേഖരന്റ വിധവ രമയുടെ മുഖത്തുപോലും നോക്കാൻ കഴിയാതെ ഒളിച്ചോടിയത് അങ്ങല്ലേ? പി.സി. ജോർജ് ഒരു കാരണവശാലും നിയമസഭയിൽ എത്തരുതെന്നു പിണറായി വിജയൻ കൽപന പുറപ്പെടുവിച്ചു പോയ പൂഞ്ഞാറിൽ ഒറ്റവരിയിൽ പ്രസംഗം മുഴുമിപ്പിച്ച് പി.സി. ജോർജിനെതിരേ ഒന്നും പറയാതെ സ്റ്റേജിൽ നിന്ന് ഒളിച്ചോടിയത് അങ്ങല്ലേ? പറഞ്ഞതെല്ലാം വിഴുങ്ങി, കൂടെ നിന്നവരെയെല്ലാം വഴിയാധാരമാക്കി ജനങ്ങളുടെ സാമാന്യ ബുദ്ധി വെല്ലുവിളിച്ചു കൊണ്ടുള്ള ഈ ഒളിച്ചോട്ടം അധികാര കസേര ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെങ്കിൽ കേരളത്തിലെ ജനങ്ങൾ അത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.