മുണ്ടുമുറുക്കിയുടുത്തു മലയോര കര്‍ഷകന്‍
മുണ്ടുമുറുക്കിയുടുത്തു മലയോര കര്‍ഷകന്‍
Sunday, February 14, 2016 12:37 AM IST
കണ്ണീര്‍ തോരാതെ മലയോരം-1/ ബിജു കുര്യന്‍

മലയോരത്തു വിളയിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്കു ന്യായവില ലഭിക്കുന്നില്ല. റബറിന്റെ വിലത്തകര്‍ച്ചയോടെ ഇതര കാര്‍ഷികോത്പന്നങ്ങള്‍ വിളയിക്കുന്ന കര്‍ഷകരും ബുദ്ധിമുട്ടിലായി.

കാട്ടുമൃഗങ്ങളോടു പോരാടി വിളവെടുക്കുന്നവരാണു പത്തനംതിട്ട ജില്ല ഉള്‍പ്പെടുന്ന മലയോര കര്‍ഷകര്‍. കാട്ടുപന്നി, കുരങ്ങ്, കാട്ടാന, വേഴാമ്പല്‍, പെരുമ്പാമ്പ് തുടങ്ങിയവയോടു പോരാടിയാണു കര്‍ഷകര്‍ വിളവെടുക്കുന്നത്. മരച്ചീനി, ചേന, ചേമ്പ്, കിഴങ്ങ് വര്‍ഗങ്ങള്‍, വാഴക്കുലകള്‍ എന്നിവയും പച്ചക്കറിയും കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന കര്‍ഷകര്‍ക്കാണ് ന്യായവില ഉറപ്പാക്കാനാകാത്തത്.

മൊത്തക്കച്ചവടക്കാരെന്ന പേരിലെത്തുന്ന ഇടനിലക്കാരുടെ ചൂഷണമാണു ന്യായവിലയ്ക്കു പ്രധാന തടസം. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ നേരിട്ടു വിറ്റഴിക്കാന്‍ വിപണി ലഭ്യമല്ല. ഇതോടെയാണ് ഇടനിലക്കാരെ ആശ്രയിച്ചു തുടങ്ങിയത്. ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതും ഇടനിലക്കാരായതോടെ കര്‍ഷകര്‍ക്കു ന്യായവില ലഭിക്കാതെയായി. വിപണിയില്‍ വാങ്ങാനെത്തുന്നവരില്‍നിന്ന് തീ വില ഈടാക്കുകയും കര്‍ഷകര്‍ക്കു ന്യായവില നല്‍കാതെയിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു കര്‍ഷകര്‍ക്കു ലഭ്യമായ വില ചുവടെ ഇക്കൊല്ലം ലഭ്യമായ വില, കഴിഞ്ഞ വര്‍ഷത്തെ വില ബ്രായ്ക്കറ്റില്‍: തൂക്കം 11 കിലോഗ്രാം കണക്കില്‍. ശീമച്ചേമ്പ് 300 മുതല്‍ 350 രൂപവരെ (400 മുതല്‍ 500), കണ്ണന്‍ചേമ്പ് 220 - 275 (300 - 400), കാച്ചില്‍ 180 - 300 (280 - 300), ചേന 200 - 250 (220 - 250), ഏത്തക്കുല 200 - 250 (280 - 400). മരച്ചീനിക്ക് കര്‍ഷകര്‍ക്ക് കിലോഗ്രാമിന് കഴിഞ്ഞവര്‍ഷം 30 രൂപ വരെ ലഭിച്ചു. ഇത്തവണ ഇത് അഞ്ചു രൂപ വരെയായി കുറഞ്ഞു. വിപണിയിലേക്ക് ഉത്പന്നങ്ങള്‍ ഏറെയെത്തുമ്പോള്‍ വിലയിടിവ് പിടിച്ചു നിര്‍ത്താനാകുന്നില്ല. ഓണക്കാലത്ത് ഉത്പാദനം പലപ്പോഴും കുറവായിരിക്കും. ഇതോടെ വിപണിയില്‍ വില കയറും. പിന്നീട് കര്‍ഷകര്‍ ഉത്പന്നങ്ങളുമായെത്തുമ്പോള്‍ ന്യായവിലയും ലഭിക്കില്ല. എന്നാല്‍ ഉപഭോക്തൃവിപണിയില്‍ മുമ്പുയര്‍ന്ന വില കണക്കാക്കി വില്പന നടക്കുകയും ചെയ്യും.

പാളയന്‍, ഞാലിപ്പൂവന്‍, പൂവന്‍, റോബസ്റ്റ, കദളി തുടങ്ങി നാടന്‍ വാഴക്കുലകള്‍ ഏറ്റെടുക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയുണ്ട്. ഉപഭോക്തൃ വിപണിയില്‍ കിലോഗ്രാമിന് ഇവയ്ക്ക് 20 രൂപയില്‍ താഴേക്കു വില പോയിട്ടില്ല. എന്നാല്‍ ഞാലിപ്പൂവന്‍ ഉള്‍പ്പെടെയുള്ള നാടന്‍കുലകള്‍ തുച്ഛമായ വില നല്‍കിയാണ് കര്‍ഷകരില്‍നിന്നു വാങ്ങുന്നത്. റോബസ്റ്റ കുലയ്ക്ക് കിലോഗ്രാമിനു രണ്ടു രൂപ വിലവച്ച് വില്‍ക്കേണ്ടിവന്നതായി കര്‍ഷകര്‍ പറയുന്നു.

റോബസ്റ്റ പഴത്തിനു വിപണിയില്‍ 20 രൂപയ്ക്കു മുകളിലാണ് വില. പാളയന്‍കോടന്‍ പഴത്തിന് 25 രൂപ നല്‍കണം. ഞാലിപ്പൂവന് 40 രൂപ കിലോഗ്രാമിനു നല്‍കണം. ചെങ്കദളി, പൂവന്‍ തുടങ്ങിയവയുടെ വില 50 രൂപയ്ക്കു മുകളിലേക്കാണ്. ഏത്തപ്പഴത്തിനും 45 രൂപയുണ്ട്. പക്ഷേ കര്‍ഷകര്‍ക്കു ലഭിക്കുന്നത് തുച്ഛമായ വിലയാണ്. ഇടനിലക്കാര്‍ പണം കൊണ്ടുപോകുന്നുവെന്നാണ് കര്‍ഷകരുടെ പരാതി.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലാളികള്‍ക്ക് കൂലി വര്‍ധിക്കുകയും വളത്തിനുള്‍പ്പെടെ വില കൂടി കാര്‍ഷികച്ചെലവുകള്‍ വര്‍ധിക്കുകയും ചെയ്തു. ഉത്പന്നങ്ങള്‍ക്കു വില കുത്തനെ താഴേക്കായതോടെ കര്‍ഷകര്‍ കൃഷി മടുത്തിരിക്കുകയാണ്. കാലാവസ്ഥയിലുണ്ടായ വ്യതിയാനം കാരണം പച്ചക്കറി കൃഷിയും നഷ്ടത്തിലായി. ന്യായവിലയ്ക്കുവേണ്ടിയാണ് കര്‍ഷകര്‍ സ്വന്തമായി കടകളാരംഭിച്ചത്. കര്‍ഷകരുടേതായ സഹകരണ സംഘങ്ങള്‍ രൂപീകരിച്ചും അല്ലാതെയും നാടന്‍ ഉത്പന്നങ്ങള്‍ക്കു വിപണി കണ്െടത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ ഉത്പാദനരംഗത്ത് ഇടയ്ക്കുണ്ടായ തടസങ്ങള്‍ വിപണികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ആവശ്യത്തിനനുസരിച്ച് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കര്‍ഷകര്‍ക്കു ബുദ്ധിമുട്ടായി. വിളവുമായി വിപണിയിലെത്തുമ്പോള്‍ ഇവ ഏറ്റെടുക്കാന്‍ ആളില്ലാത്ത സ്ഥിതിയും ഉണ്ടാകാറുണ്ട്. കര്‍ഷക വിപണിയില്‍ മാത്രം എല്ലാ സാധനങ്ങളും ഏറ്റെടുത്ത് വില്പന നടത്താന്‍ കഴിയില്ലെന്നായി. ഇതോടെ പല കര്‍ഷകസംഘങ്ങളും പ്രവര്‍ത്തനം നിര്‍ത്തി. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ന്യായവിലയ്ക്കു വാങ്ങാനുള്ള ക്രമീകരണം വേണമെന്നത് മലയോര കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

കാട്ടുമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക്

കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് പൊന്നുവിളയിച്ചവരാണ് മലയോര കര്‍ഷകര്‍. പണ്െടാക്കെ കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ക്കു കഴിയുമായിരുന്നു. ഇന്ന് ഇവയുടെ ആധിക്യം കര്‍ഷകനു വെല്ലുവിളിയായി. റാന്നി, കോന്നി വനംമേഖലയോടു ചേര്‍ന്ന് ഏക്കര്‍ കണക്കിനു പുരയിടങ്ങളാണ് കൃഷിയിടങ്ങളായുള്ളത്. ഇവയില്‍ ഏറെയും ഇന്നു തരിശിട്ടിരിക്കുന്നു. കാട്ടുമൃഗങ്ങളുടെ ശല്യം ഏറെ അനുഭവപ്പെടാതിരുന്ന റബറിനു വില ഇല്ലാതായതോടെ കൃഷിയിടങ്ങള്‍ തരിശിടാതെ മറ്റു മാര്‍ഗമില്ലെന്നായി കര്‍ഷകര്‍.


കാട്ടുപന്നിയുടെ ശല്യമാണ് മലയോര കര്‍ഷകരുടെ പ്രധാന പ്രശ്നം. കിലോമീറ്ററുകള്‍ താണ്ടി ഇവ എത്താറുണ്ട്. റാന്നി, കോന്നി വനമേഖലയില്‍നിന്ന് കിലോമീറ്ററുകള്‍ അകലെപ്പോലും പന്നിയുടെ ശല്യം കാരണം കൃഷി ചെയ്യാനാകുന്നില്ല. മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗങ്ങളാണ് പന്നി കൂടുതലായി നശിപ്പിക്കുന്നത്. വേരുപിടിക്കുമ്പോള്‍ തന്നെ മാന്തി ഭക്ഷണമാക്കുന്ന രീതിയാണ് പന്നിയുടേത്. ഭക്ഷിക്കാറായിട്ടില്ലെങ്കില്‍ വിളകള്‍ പൂര്‍ണമായി ചവിട്ടിമെതിച്ചിടും. കാട്ടുകുരങ്ങ്, കാട്ടാന എന്നിവ വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ശല്യമുണ്ടാക്കുന്നു. കാട്ടാന കൃഷിയിടത്തില്‍ കയറിയാല്‍ പിന്നെ കര്‍ഷകന്റെ നട്ടെല്ലാണ് തകരുന്നത്. പൂര്‍ണമായി കൃഷിയിടങ്ങള്‍ നശിക്കും. റബറും തെങ്ങും എന്നുവേണ്ട നട്ടുവളര്‍ത്തിയ യാതൊന്നും അവിടെ അവശേഷിച്ചിട്ടുണ്ടാകില്ല. ഇഞ്ചി പോലെയുള്ള വിളകള്‍ ഭക്ഷിക്കാറില്ലെങ്കിലും ഇവ ചവിട്ടിമെതിച്ചു നശിപ്പിക്കുകയാണ് പതിവ്.

കൃഷിയിടങ്ങള്‍ കാട്ടാന ചവിട്ടിമെതിക്കുമ്പോള്‍ കാട്ടുകുരങ്ങ് കൃഷി നശിപ്പിക്കുകയും തെങ്ങില്‍ കയറി കരിക്ക് ഉള്‍പ്പെടെയുള്ളവ തള്ളിയിടുകയുമാണ് പതിവ്. കാട്ടാനയുടെ ശല്യം ഒഴിവാക്കാനായി ജൈവവേലിയും മറ്റും സ്ഥാപിച്ചെങ്കിലും ഫലപ്രദമായിട്ടില്ല. കിടങ്ങുകള്‍ സ്ഥാപിച്ചും മറ്റും ആനകളെ തുരത്താനുള്ള ശ്രമവും വിലപ്പോയില്ല. വേനല്‍ക്കാലമാകുമ്പോഴേക്കും കാട്ടാനക്കൂട്ടം വ്യാപകമായി നാട്ടിലേക്കിറങ്ങുകയാണ്.

വേഴാമ്പല്‍, പച്ചത്തത്ത തുടങ്ങിയവ ഏത്തവാഴക്കുലകള്‍ നശിപ്പിക്കുന്നു. പെരുമ്പാമ്പ് വ്യാപകമായതോടെ ഇവ കര്‍ഷകര്‍ക്കു മറ്റൊരു പ്രശ്നമായി. കോഴികളെ പെരുമ്പാമ്പ് വ്യാപകമായി കൊന്നു തിന്നു വരികയാണ്. നാട്ടില്‍ നിന്നു പിടികൂടുന്ന പെരുമ്പാമ്പിനെ ഉള്‍വനത്തില്‍ വിടാതെ കാട്ടിലേക്ക് കയറ്റി വിടുകയാണ് പതിവ്. ഇവ താമസിയാതെ വീണ്ടും നാട്ടിന്‍പുറങ്ങളിലിറങ്ങും. കൃഷിയിടങ്ങളില്‍ ഇവയുടെ സാന്നിധ്യം ഭീതിപ്പെടുത്തുന്നതാണെന്നും കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ക്കുണ്ടാകുന്ന നാശത്തിനു നഷ്ടപരിഹാരവും തുച്ഛമാണ്. കൃഷിയിടങ്ങളിലും ഇതിനോടു ചേര്‍ന്ന പ്രദേശങ്ങളിലും കാട്ടുമൃഗങ്ങള്‍ അപായപ്പെട്ടാല്‍ ഉത്തരവാദിത്വം കര്‍ഷകര്‍ക്കുമേല്‍ കെട്ടിവയ്ക്കുന്ന പ്രവണതയുമുണ്ട്. കഴിഞ്ഞയിടെ മുറിവേറ്റ കാട്ടാനക്കുട്ടി ചരിഞ്ഞത് കര്‍ഷകര്‍ വച്ചിരുന്ന പന്നിപ്പടക്കം കടിച്ചതുമൂലമാണെന്ന പേരില്‍ വനംവകുപ്പ് ഇവര്‍ക്കെതിരേ നീങ്ങിയിരിക്കുകയാണ്. പെരുകുന്ന കാട്ടുപന്നിയെ നശിപ്പിക്കാന്‍ കര്‍ഷകന് അനുവാദം നല്‍കുമെന്ന പ്രഖ്യാപനം വന്നതാണ്. പക്ഷേ വനംവകുപ്പ് നിയമങ്ങളുടെ പേരില്‍ കര്‍ഷകനെ ബലിയാടാക്കുകയാണ് പതിവ്. കാട്ടുമൃഗങ്ങള്‍ക്കുള്ള നീതിപോലും മലയോര കര്‍ഷകനുണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. മൃഗങ്ങളുടെ സംരക്ഷണത്തിനു സായുധസംഘം ഉള്‍പ്പെടെ കാവല്‍ നില്‍ക്കുകയാണ്. പക്ഷേ കര്‍ഷകന്റെ ദുഃഖത്തിന് ആരും കൂട്ടാകുന്നതുമില്ല.

ളാഹ വനമേഖലയോടു ചേര്‍ന്ന് ജൈവവേലി നിര്‍മാണത്തിനു പ്രത്യേകഫണ്ട് അനുവദിച്ച് വനമേഖലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ടുവന്ന് പദ്ധതി ഉദ്ഘാടനം ചെയ്തതാണ്. ആനയുടെ വഴിത്താരയില്‍ പ്രത്യേകതരം കൈത കൃഷി ചെയ്താല്‍ ഇതിന്റെ മുള്ളു കാരണം പുറത്തേക്കു കടക്കില്ലെന്നായിരുന്നു നിഗമനം. എന്നാല്‍ ഇത്തരം വേലി നിര്‍മാണങ്ങളെ വെല്ലുവിളിച്ച് കാട്ടാനക്കൂട്ടം സ്വൈരവിഹാരം തുടരുന്നു. പഴയ പന്നിപ്പടക്കവും ഏറുപടക്കവുമൊക്കെ കര്‍ഷകര്‍ക്കു ശരണം. പടക്കം പൊട്ടിച്ച് മൃഗങ്ങളെ അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യം. അബദ്ധത്തിലെങ്ങാനും ഒരു പടക്കം എവിടെയെങ്കിലും കിടന്നുപൊട്ടി ഏതെങ്കിലും മൃഗത്തിനു പരിക്കുണ്ടാകുകയോ ജീവാപായം ഉണ്ടാകുകയോ ചെയ്താല്‍ വിലങ്ങണിയേണ്ടിവരുമെന്ന ചിന്തയിലാണ് ഇതുപയോഗിക്കുന്നത്. അന്തിയുറങ്ങുന്ന കൂരയ്ക്കു കീഴില്‍പോലും സുരക്ഷിതത്വം ഇല്ലാത്ത സ്ഥിതിയുണ്ട്. കാട്ടാനക്കൂട്ടം വീടുകളും വീട്ടുപകരണങ്ങളും തകര്‍ക്കുന്നതും പതിവുകാഴ്ചയാണ്.

പണയപ്പെടുത്തിയും പാട്ടത്തിനെടുത്തും കൃഷിയിറക്കിയിരുന്ന കര്‍ഷകര്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തി. ഇതോടെ കൃഷി തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യമായി. അവശേഷിച്ചിരുന്ന റബറിന്റെ നഷ്ടം കൂടി ആയപ്പോള്‍ ആശ്വാസം തേടുകയാണ് കര്‍ഷകര്‍. പകരം പരീക്ഷിച്ച കോലിഞ്ചി ഉള്‍പ്പെടെയുള്ളവ നഷ്ടത്തിലായി. വിളവെടുത്ത കോലിഞ്ചിയും വിപണി കണ്െടത്താനാകാതെ വില ഇടിഞ്ഞു. വാനിലയും കൊക്കോയും എല്ലാം ഇടയ്ക്കു പരീക്ഷിച്ചു. ഒടുവില്‍ ഇവയെല്ലാം കര്‍ഷകന്റെ ഓര്‍മകളില്‍ മാത്രമുള്ള കൃഷികളായി. വനമേഖലയോടു ചേര്‍ന്ന സ്വന്തം പുരയിടത്തില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനുപോലും വിലക്ക് നിലനില്‍ക്കുമ്പോള്‍ ഭൂമി തരിശിടുക മാത്രമേ നിര്‍വാഹമുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.