സോളാര്‍ കേസ്: മുതിര്‍ന്ന അഭിഭാഷകര്‍ക്കു കമ്മീഷന്റെ രൂക്ഷ വിമര്‍ശനം
Saturday, February 13, 2016 12:31 AM IST
കൊച്ചി: മുതിര്‍ന്ന അഭിഭാഷകര്‍ക്കു സോളാര്‍ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. കമ്മീഷനെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ അഡ്വ.എസ്.ശ്രീകുമാര്‍, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ അഡ്വ.രാജു ജോസഫ് എന്നിവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയ പ്രസ്താവനയെയാണു സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റീസ് ജി.ശിവരാജന്‍ വിമര്‍ശിച്ചത്.

കമ്മീഷന്‍ തടഞ്ഞതിനാലാണു സരിത ചില സത്യങ്ങള്‍ പറയാതിരുന്നതെന്നും കമ്മീഷനില്‍നിന്നു സരിതയ്ക്കു ചില സൂചന കിട്ടിയതോടെയാണ് അവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചതെന്നും കഴിഞ്ഞ ദിവസം സരിത എസ്. നായരുടെ വിസ്താരം കഴിഞ്ഞു പുറത്തിറങ്ങിയ അഭിഭാഷകന്‍ എസ്.ശ്രീകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതിനെയാണു കമ്മീഷന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. തന്റെ നല്ല പെരുമാറ്റം പലരും ദുര്‍വിനിയോഗം ചെയ്യുന്നു. കമ്മീഷനിലേക്കു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ഒരു ദിവസം വന്നശേഷം കമ്മീഷന്‍ മോശക്കാരനാണെന്നു വരുത്താനുള്ള ശ്രമം ശരിയല്ല. പ്രതികരിക്കുമ്പോള്‍ സൂക്ഷിച്ചു പ്രതികരിക്കണം. അല്ലെങ്കില്‍ ഫലം മോശമായിരിക്കും. ഒന്നുമില്ലെങ്കിലും ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട് കൊടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണിതെന്നെങ്കിലും കരുതാമായിരുന്നുവെന്നും ജസ്റീസ് ശിവരാജന്‍ പറഞ്ഞു.


അഡ്വ.ശ്രീകുമാറിന്റെ ചോദ്യങ്ങള്‍ സാക്ഷിയുടെ വ്യക്തിപരമായ വിഷയങ്ങളിലേക്കു കൂടുതല്‍ കടന്നപ്പോള്‍ ഇടപെട്ടതു നിയമപരമായ നടപടിക്രമമാണ്. മോശമായി പെരുമാറുന്നയാളല്ല താന്‍. പക്ഷേ, തന്നെ മോശക്കാരനാക്കി ചിത്രീകരിക്കുകയാണു ചെയ്തത്. കമ്മീഷനെ കുറ്റപ്പെടുത്തി കൊണ്ടുള്ള അഡ്വ.എസ്. ശ്രീകുമാറിന്റെ പ്രസ്താവന ശരിയായില്ല. അദ്ദേഹത്തിനെ പ്രസ്താവന നടത്താന്‍ ആരൊക്കെയോ പ്രേരിപ്പിച്ചതായി സംശയിക്കുന്നതായും ജസ്റീസ് ശിവരാജന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.