തിങ്കളാഴ്ച കടകളടച്ചിട്ട് സമരപ്രഖ്യാപനം
Saturday, February 13, 2016 12:59 AM IST
തൃശൂര്‍: സംസ്ഥാനത്തെ വ്യാപാരികള്‍ തിങ്കളാഴ്ച കടകളടച്ചിട്ടു തൃശൂരില്‍ സംഗമിച്ചു സമരപ്രഖ്യാപന സമ്മേളനം നടത്തുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ ഉച്ചയ്ക്കുശേഷം 3.30നു നടക്കുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ ലക്ഷത്തിലേറെ വ്യാപാരികള്‍ പങ്കെടുക്കും. വിവിധ ജില്ലകളില്‍നിന്നു നഗരത്തിലെത്തുന്ന വ്യാപാരികള്‍ ചെറുജാഥകളായാണു സമ്മേളന നഗരിയിലെത്തുക. ഏഴോടെ സമ്മേളനം സമാപിക്കും.

സംസ്ഥാനത്ത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ ഭരണവും ലൈസന്‍സ് രാജുമാണു നടക്കുന്നതെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി. കെട്ടിടവാടക നിയന്ത്രണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, വാണിജ്യനികുതി അധികാരികള്‍ നടത്തുന്ന വ്യാപാരി പീഡനവും വാണിജ്യ മേഖലയെ തകര്‍ക്കുന്ന നയങ്ങളും അവസാനിപ്പിക്കുക, വികസനത്തിനായി കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്കു ന്യായമായ പുനരധിവാസം നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരപ്രഖ്യാപന കണ്‍വന്‍ഷന്‍. ബജറ്റിനെതിരായ പ്രതിഷേധംകൂടിയാണിത്.

വ്യാപാര മന്ത്രാലയം രൂപീകരിക്കുമെന്നതടക്കം രമേശ് ചെന്നിത്തലയുമായി ഒപ്പുവച്ച കരാര്‍പോലും അട്ടിമറിച്ചു. നടപ്പാക്കിയതെല്ലാം വ്യാപാരി വിരുദ്ധമായ നയങ്ങളാണ്. ദ്രോഹനടപടികള്‍ കൈക്കൊള്ളുന്ന സര്‍ക്കാരിനെതിരായ വികാരമാണു വ്യാപാരികള്‍ക്കിടയിലുള്ളത്. വ്യാപാരിദ്രോഹനയങ്ങളുള്ളവരെ അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണമെന്നാണു തങ്ങളുടെ അഭിപ്രായം. എന്നാല്‍, ഏതു മുന്നണിയെ പിന്തുണയ്ക്കുമെന്നു തീരുമാനിച്ചിട്ടില്ലെന്നു നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്കി.

ഉദ്യോഗസ്ഥര്‍ തോന്നുംപടി രേഖപ്പെടുത്തിയ അനുമാന നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് അയ്യായിരത്തോളം ചെറുകിട വ്യാപാരികള്‍ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിലായി നോട്ടീസ് അയച്ചിരിക്കുകയാണ്. ഒരു അടിസ്ഥാനവുമില്ലാതെ ചുമത്തിയിരിക്കുന്ന നികുതി ഏഴു ദിവസത്തിനകം അടയ്ക്കണമെന്നാണ് ആവശ്യം. അപ്പീല്‍ നല്കണമെങ്കില്‍ നികുതിത്തകയുടെ പകുതി അടയ്ക്കണം. മുപ്പതു ദിവസത്തിനകം ജപ്തി ചെയ്യുമെന്ന ഭീഷണിയോടെയാണു നോട്ടീസുകള്‍ അയച്ചിരിക്കുന്നത്.


വാണിജ്യ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ക്കു പുറമേ ലൈസന്‍സ് രാജിന്റെ പീഡനങ്ങളും അനുഭവിക്കേണ്ടിവരുന്നു.

14 ലക്ഷം വ്യാപാരികളും 60 ലക്ഷത്തോളം ജീവനക്കാരും ഉള്‍പ്പെടെ ഒന്നേകാല്‍ കോടി ജനങ്ങളാണ് വാണിജ്യ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. കേരളത്തിലെ മൂന്നുകോടി ജനങ്ങളില്‍ രണ്ടു ശതമാനം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനാണു ജനങ്ങളില്‍നിന്നു പിരിച്ചെടുക്കുന്ന നികുതിപ്പണത്തിന്റെ 80 ശതമാനവും വിനിയോഗിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 35,000 കോടി രൂപയാണു വ്യാപാരികള്‍ നികുതിപ്പണമായി സര്‍ക്കാര്‍ ഖജനാവില്‍ അടച്ചത്. വ്യാപാരികളെ വേട്ടയാടുന്ന വാണിജ്യനികുതി ഉദ്യോഗസ്ഥരെ പരിപാലിക്കാനാണ് ഈ തുകയുടെ പത്തു ശതമാനമായ 3,500 കോടിയോളം രൂപ വിനിയോഗിക്കുന്നത്. ഉദ്യോഗസ്ഥരെ ഭയപ്പെടുന്ന മന്ത്രിമാരാണു നമുക്കുള്ളതെന്നും വ്യാപാരി നേതാക്കള്‍ ആരോപിച്ചു.

വ്യാപാരികളുടെ ക്ഷേമ പദ്ധതിയും പെന്‍ഷനുകളും രണ്ടു കൊല്ലമായി മുടങ്ങിക്കിടക്കുന്നു. പോലീസിനെ ഉപയോഗിച്ചു റെയ്ഡ് നടത്തിച്ചു വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുകയും ജപ്തി ചെയ്തു ജയിലിലടയ്ക്കുകയും ചെയ്യാനാണു സര്‍ക്കാരിനു തിടുക്കമെന്ന് അവര്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ചത്തെ കടയടപ്പു സമരത്തില്‍നിന്നു തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നതെന്നു നേതാക്കള്‍ വ്യക്തമാക്കി.

ഏകോപനസമിതി ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്ത്, വൈസ് പ്രസിഡന്റുമാരായ പി.എ.എം. ഇബ്രാഹിം, മാരിയില്‍ കൃഷ്ണന്‍ നായര്‍, സെക്രട്ടറിമാരായ കെ.വി. അബ്ദുള്‍ ഹമീദ്, ജി. വസന്തകുമാര്‍, രാജു അപ്സര, തൃശൂര്‍ ജില്ലാ ട്രഷറര്‍ ജോര്‍ജ് കുറ്റിച്ചാക്കു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.