പട്ടാപ്പകല്‍ തൊണ്ണൂറ്റിയാറുകാരിയെ തലയ്ക്കടിച്ചുവീഴ്ത്തി മാല കവര്‍ന്നു
പട്ടാപ്പകല്‍ തൊണ്ണൂറ്റിയാറുകാരിയെ തലയ്ക്കടിച്ചുവീഴ്ത്തി മാല കവര്‍ന്നു
Tuesday, February 9, 2016 12:22 AM IST
അറക്കുളം: തൊണ്ണൂറ്റിയാറുകാരിയായ വീട്ടമ്മയെ പട്ടാപ്പകല്‍ തലയ്ക്കടിച്ചുവീഴ്ത്തി മാല കവര്‍ന്നു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഇലപ്പളളി കുപ്പലാനിക്കല്‍ (മുരിക്കനാനിക്കല്‍) അന്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ ഇലപ്പളളി പാത്തിക്കപ്പാറ ജംഗ്ഷനില്‍ താമസിക്കുന്ന അന്നമ്മയുടെ വീട്ടില്‍ നിന്നു ഞരക്കവും മൂളലും കേട്ട് വാലാനിക്കല്‍ തോമസാണു സംഭവം അയല്‍ വീട്ടില്‍ പറഞ്ഞത്.

അവര്‍ അന്നമ്മയുടെ വീട്ടിലെത്തിയപ്പോള്‍ മുറ്റത്ത് ഉണക്കാന്‍ ഇട്ടിരുന്ന ഗ്രാമ്പുവിന്റെ മുകളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന അന്നമ്മയെയാണ് കണ്ടത്. അവര്‍ അയല്‍വാസികളെ വിളിച്ചുകൂട്ടി അന്നമ്മയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലക്കുള്ള മുറിവേറ്റതിനാല്‍ മുതലക്കോടം ആശുപത്രിയിലേക്കു മാറ്റി. അന്നമ്മ ഇപ്പോള്‍ ഐസിയുവിലാണ്.


അന്നമ്മയുടെ ഭര്‍ത്താവ് ജോസഫ് 14 വര്‍ഷം മുമ്പു മരിച്ചു. അഞ്ചു പെണ്‍മക്കളുള്ള അന്നമ്മ ഇളയ മകള്‍ ഗ്രേസിയുടെയും ഭര്‍ത്താവ് പീറ്ററിന്റെയും കൂടെയാണു താമസം. വെള്ളിയാഴ്ച രാവിലെ പീറ്റര്‍ കുടമുന്തിയിലെ പുരയിടത്തില്‍ പണിക്കാരുമായി പോവുകയും ഗ്രേസി ആശുപത്രിയില്‍ മരുന്നിനായി പോകുകയും ചെയ്തു. കൊച്ചു മകള്‍ ജോലിക്കും പോയി. അന്നമ്മ വീട്ടില്‍ തനിച്ചായിരുന്നു.

സംഭവം അറിഞ്ഞ് പീറ്ററെ വിളിച്ചുവരുത്തുകയായിരുന്നു. അന്നമ്മ സിഎസ്ഐ മുന്‍ മോഡറേറ്ററും ബിഷപ്പുമായിരുന്ന കെ.ജി.സാമുവലിന്റെ ബന്ധുവാണ്. കാഞ്ഞാര്‍ എസ് ഐ കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്നമ്മയുടെ വീട്ടിലെത്തി പരിശോധന നടത്തി. അന്നമ്മയുടെ കഴുത്തില്‍ കിടന്ന രണ്ടു പവന്റെ മാലയാണു നഷ്ടപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.