വെള്ളാപ്പള്ളിയുടെ വാക്കുകള്‍ വേദനിപ്പിച്ചെന്നു നൌഷാദിന്റെ ഉമ്മ
Wednesday, December 2, 2015 12:55 AM IST
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശം വേദനിപ്പിച്ചതായി നൌഷാദിന്റെ മാതാവ് അസ്മാബി. വെള്ളാപ്പള്ളിയുടെ വാക്കുകള്‍ ക്രൂരമായിപ്പോയെന്ന് അവര്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് പോകേണ്ടത് പോയില്ലേ, ഏതു പണത്തിനാണ് നൌഷാദിനു പകരമാവാന്‍ കഴിയുക സഹോദരി ഷബ്നയും ചോദിച്ചു. സര്‍ക്കാരോ മറ്റാരെങ്കിലുമോ നല്‍കുന്ന പണത്തോട് ഞങ്ങള്‍ക്ക് ആര്‍ത്തിയില്ല. അങ്ങനെയൊരാഗ്രഹവുമില്ല. അവന്‍ പണ്േട അങ്ങനെയാണ്. മുന്നും പിന്നുംനോക്കാതെയാണ് എല്ലാറ്റിനും ചാടിയിറങ്ങുക. അതിന് അവനു ന്യായങ്ങളുമുണ്ടായിരുന്നു. അതാണു ശരിയെന്നാണ് ഞങ്ങള്‍ക്കു തോന്നാറ്. ഇത് ആദ്യത്തെ സംഭവമല്ല, ജീവന്‍ മറന്ന് നൌഷാദ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പക്ഷേ അപ്പഴെല്ലാം അവനെ ഞങ്ങള്‍ക്കു തിരിച്ചുകിട്ടി. ഇപ്പോള്‍ പക്ഷേ ഞങ്ങളെയെല്ലാം വിട്ടു പോയി. എന്നിട്ടും ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുമ്പോള്‍ നെഞ്ച് പൊട്ടിപ്പോകുന്നു. -ഷബ്ന പറഞ്ഞു. ജാതിയോ മതമോ നോക്കാതെയാണ് നൌഷാദ് ഓടയിലേക്ക് ചാടിയിറങ്ങിയത്. തങ്ങള്‍ക്ക് അവനെ നഷ്ടപ്പെടുകയും ചെയ്തു. എന്നിട്ടിപ്പോള്‍ ജാതിയും മതവും പറയുന്നതില്‍ വല്ലാത്ത വിഷമമുണ്െടന്നു നൌഷാദിന്റെ സുഹൃത്തുക്കളും പ്രതികരിച്ചു. കൂടുതല്‍ പറയാന്‍ ഇപ്പോഴില്ല. അതിനുള്ള അവസരമല്ലിത്. ഇനിയും ഇത്തരം പരാമര്‍ശത്തിലൂടെ വിഷമിപ്പിക്കരുതെന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.