ശബരി റയില്‍പാതയുടെ അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യം: സമരം 1000 ദിവസം പിന്നിടുന്നു
Wednesday, December 2, 2015 12:50 AM IST
പാലാ: ശബരി റയില്‍പാതയുടെ പുതിയ അലൈന്‍മെന്റിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപവത്കരിച്ച് നടത്തുന്ന സമരം 1000 ദിവസങ്ങള്‍ പിന്നിടുന്നു. അമ്പാറ ദീപ്തി റസിഡന്റ് അസോസിയേഷന്റെയും ദീപ്തി ആക്ഷന്‍ കൌണ്‍സിലിന്റെയും നേതൃത്വത്തിലാണ് അമ്പാറയില്‍ സായാഹ്ന റിലേ സത്യഗ്രഹ സമരം നടത്തുന്നത്.

ശബരി പാതയുടെ നിശ്ചിത അലൈന്‍മെന്റ് കടന്നുപോകുന്ന വേഴാങ്ങാനം, ചൂണ്ടച്ചേരി , ഭരണങ്ങാനം പ്രദേശങ്ങളിലെ ജനങ്ങളുടെ സഹകരണത്തോടെയാണ് ആക്ഷന്‍ കൌണ്‍സില്‍ സമരം നടത്തുന്നത്. ആയിരം ദിനങ്ങള്‍ പിന്നിടുന്ന നാലിന് വൈകുന്നേരം അഞ്ചിന് ദീപ്തി ജംഗ്ഷനില്‍ ചേരുന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാമൂഹ്യ,സാംസ്കാരിക പ്രവര്‍ത്തകരും പ്രസംഗിക്കും.

നാളിതുവരെയായിട്ടും പാത ഉപേക്ഷിക്കാനോ വീടുകള്‍ക്കും കൃഷിസ്ഥലങ്ങള്‍ക്കും നാശനഷ്ടം വരാത്തരീതിയില്‍ അലൈന്‍മെന്റ് മാറ്റാനോ ഇനിയും തീരുമാനം ആയിട്ടില്ല. മൂന്ന് അലൈന്‍മെന്റുകള്‍ പൂര്‍ത്തീകരിച്ചെങ്കിലും അവസാനത്തെ അലൈന്‍മെന്റുമായി മുന്നോട്ടുപോകുന്നതിന് ് റെയില്‍വേ തീരുമാനമെടുത്തിരുന്നു. എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ ആരംഭിക്കുന്ന പാതയ്ക്ക് ഇടുക്കി ജില്ലയിലെ തൊടുപുഴ വരെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. അന്തീനാട്- മങ്കര- വേഴാങ്ങാനം- ചൂണ്ടച്ചേരി- ദീപ്തി- പൂവത്തോട്- ചാത്തന്‍കുളം- മല്ലികശേരി- ആളുറുമ്പ്- കപ്പാട്- പഴുവത്തടം എസ്റേറ്റ്- 28-ാം മൈല്‍ വഴി എരുമേലിയില്‍ അവസാനിക്കുന്നതാണ് അലൈന്‍മെന്റ്.

പാത കടന്നു പോകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചിരിക്കുന്ന പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സ്ഥലം വില്‍ക്കാനോ പുതിയ നിര്‍മാണ പ്രവര്‍ത്തനം നടത്താനോ കഴിയാത്ത അവസ്ഥയാണ്. ഇവിടങ്ങളിലെ വസ്തുക്കള്‍ക്ക് വായ്പയായിപോലും പണം നല്‍കാന്‍ ബാങ്കുകള്‍ തയാറാകുന്നില്ലെന്നും സമരക്കാര്‍ പറയുന്നു.


ഭരണങ്ങാനം പഞ്ചായത്തിലെ നൂറോളം കുടുംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടത്. ഇവര്‍ക്ക് സ്ഥലവും റെയില്‍വേയില്‍ ജോലിയും നല്‍കാമെന്നാണ് അധികൃതരുടെ വാഗ്ദാനം.

വിവിധ റയില്‍വേ സോണല്‍ ഓഫീസുകളിലും മറ്റും സമരസമിതി പരാതി സമര്‍പ്പിച്ചിട്ടും ഫലമുണ്ടായിട്ടില്ല. റയില്‍വേ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് മങ്കര-ചൂണ്ടച്ചേരി-മല്ലികശേരി-കപ്പാട്-28-ാം മൈല്‍ വഴി എരുമേലിക്ക് അലൈന്‍മെന്റ് തയാറാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. റെയില്‍വേ നാട്ടിയ സര്‍വേകല്ലുകള്‍ പരിശോധിച്ചാല്‍ ഏതണ്ട് നാനൂറോളം കുടുംബങ്ങള്‍ക്ക് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മാത്രം ദുരിതം സമ്മാനിക്കും. റയില്‍വേ ആദ്യം നടത്തിയ അലൈന്‍മെന്റ് നടപ്പാക്കി പാത നിര്‍മിക്കണമെന്നാണ് ആക്ഷന്‍ കൌണ്‍ലിന്റെ ആവശ്യം. പുതിയ പാത നടപ്പിലാക്കിയാല്‍ ദൈര്‍ഘ്യം വര്‍ധിക്കുകയും നാശനഷ്ടം വര്‍ധിക്കുകയും ചെയ്യുമെന്നാണു കണക്കു നിരത്തി ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്.

താരതമ്യേന നഷ്ടം കുറവുള്ള ആദ്യത്തെ അലൈന്‍മെന്റില്‍ വീടുകള്‍ക്ക് നാശനഷ്ടം കുറവാണെന്നും സമരസമിതി പറയുന്നു. പ്രദേശിക നേതാക്കളുടെയും വന്‍കിട തോട്ടം ഉടമകളുടെയും സമ്മര്‍ദം മൂലമാണു പാത മാറ്റിയതെന്നു ദീപ്തി ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ടോമി തെങ്ങുംപള്ളില്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.