പണമിടപാടുകാരന്റെ കൊലപാതകം: മരുമകന്‍ അറസ്റില്‍
Tuesday, December 1, 2015 12:45 AM IST
പയ്യന്നൂര്‍: ഇരുപത്തിമൂന്നു വര്‍ഷമായി പയ്യന്നൂരിലും പരിസരങ്ങളിലും പണമിടപാടു നടത്തുന്ന തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകനെ പയ്യന്നൂര്‍ പോലീസ് അറസ്റ് ചെയ്തു. പയ്യന്നൂര്‍ കേളോത്ത് സര്‍വീസ് സ്റേഷന്‍ റോഡിലെ ഫാത്തിമ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്കു താമസിക്കുന്ന തിരുപ്പൂര്‍ ടിപിഎംകാട് ചെട്ടിവളയം കൌണ്ടര്‍ സ്ട്രീറ്റിലെ എം. ഇളങ്കോയെ (43) കൊലപ്പെടുത്തിയ കേസിലാണു കൂടെ താമസിച്ചിരുന്ന മരുമകന്‍ ജഗന്നാഥനെ (26) പോലീസ് അറസ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 8.30ഓടെയായിരുന്നു ഇളങ്കോയെ തലക്കടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തിയത്.

ഇളങ്കോയുടെ കൂടെ കഴിഞ്ഞ എട്ടു വര്‍ഷമായി താമസിക്കുന്ന മരുമകന്‍ ജഗന്നാഥനാണു ഇളങ്കോയുടെ മൃതദേഹം കണ്ടതായി അയല്‍വാസികളോടു പറഞ്ഞത്. കടയില്‍ പോയി തിരിച്ചുവന്നപ്പോള്‍ അമ്മാവനെ മരിച്ചനിലയില്‍ കാണുകയായിരുന്നെന്നായിരുന്നു ജഗന്നാഥന്‍ പോലീസിനു നല്‍കിയ മൊഴി. ഇളങ്കോ എണ്ണിത്തിട്ടപ്പെടുത്തി വച്ചിരുന്ന പണത്തില്‍നിന്ന് 50,000 രൂപ കാണാതായിട്ടുണ്െടന്നും ഇയാള്‍ മൊഴി നല്കിയിരുന്നു. എന്നാല്‍, പിന്നീട് ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കൊലപാതകത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: കൊല്ലപ്പെട്ട ഇളങ്കോ കഴിഞ്ഞ ഒരുമാസമായി നാട്ടിലായിരുന്നു. ഈ സമയത്തെ പണമിടപാടുകള്‍ നടത്തിവന്നതു ജഗന്നാഥനായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ തിരിച്ചെത്തിയ ഇളങ്കോ ശ്രീകണ്ഠപുരത്തെ ചില ഇടപാടുകാരെ കണ്ടിരുന്നു. ഇവര്‍ പണമടച്ചിരുന്നെങ്കിലും ജഗന്നാഥന്‍ നല്‍കിയ കണക്കുകളില്‍ അതില്ലായിരുന്നു. കൂടാതെ കണക്കുകളില്‍ തിരിമറി നടന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പയ്യന്നൂരിലെ ഒരു യുവതിയുമായി ജഗന്നാഥനുള്ള അടുപ്പവും ഇളങ്കോയെ പ്രകോപിപ്പിച്ചു. ഉടന്‍ നാട്ടിലേക്കു തിരിച്ചുപോകാനും ഇളങ്കോ ആവശ്യപ്പെട്ടു.


ഇതില്‍ ക്ഷുഭിതനായ ജഗന്നാഥന്‍ ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. ക്വാര്‍ട്ടേഴ്സിന് അടുത്തുള്ള ബ്ളൂബെല്‍ സ്കൂളിനു സമീപത്തെ വീട്ടുവളപ്പില്‍നിന്ന് അടിക്കാനുപയോഗിച്ച ഇരുമ്പുവടി കണ്െടത്തി. ആരും കാണാതിരിക്കാന്‍ ലുങ്കിയില്‍ പൊതിഞ്ഞാണു കമ്പിവടി ഇവിടെ കൊണ്ടുവന്നിട്ടതെന്നു പോലീസിനോട് ഇയാള്‍ സമ്മതിച്ചു. ജഗന്നാഥന്റെ മൊബൈലില്‍നിന്ന് ഇയാളുമായി അടുപ്പമുള്ള യുവതിയുടെ ചിത്രങ്ങളും പോലീസിനു കിട്ടിയിട്ടുണ്ട്. പയ്യന്നൂര്‍ സിഐ പി.കെ. മണി, എസ്ഐമാരായ കെ.ജി. വിപിന്‍കുമാര്‍, എസ്ഐ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണു കൊലപാതകം നടന്നു പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.