ജേക്കബ് ജോബിന്റെ സസ്പെന്‍ഷന്‍: വിജിലന്‍സ് മലക്കംമറിഞ്ഞു,നടപടിക്കു ശിപാര്‍ശയുണ്െടന്നു വിശദീകരണം
ജേക്കബ് ജോബിന്റെ സസ്പെന്‍ഷന്‍: വിജിലന്‍സ് മലക്കംമറിഞ്ഞു,നടപടിക്കു ശിപാര്‍ശയുണ്െടന്നു വിശദീകരണം
Saturday, November 28, 2015 12:15 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ ഒറ്റയ്ക്കു ചോദ്യംചെയ്തതിന്റെ പേരില്‍ സസ്പെന്‍ഷനിലായ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെതിരേ തെളിവൊന്നും ഇല്ലെങ്കിലും വകുപ്പുതല നടപടികള്‍ തുടരാമെന്നു വിജിലന്‍സ് പോലീസ്.

പ്രതിയെ ഒറ്റയ്ക്കു ചോദ്യംചെയ്തതില്‍ അസ്വാഭാവികതയോ അഴിമതിയോ കണ്െടത്താനായിട്ടില്ലെന്നു മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു പിന്നാലെയാണ് ഉന്നത പോലീസ് മേധാവികളുടെ നിര്‍ദേശാനുസരണം വിജിലന്‍സ് പോലീസിന്റെ മലക്കംമറിച്ചില്‍. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിശേഷങ്ങള്‍ ആരാഞ്ഞ ഏതാനും മാധ്യമ പ്രവര്‍ത്തകരോടാണു റിപ്പോര്‍ട്ടില്‍ നടപടി തുടരാവുന്നതാണെന്ന ശിപാര്‍ശയുണ്െടന്നു വിശദീകരിച്ചത്.

നടപടി തുടരാമെന്ന ശിപാര്‍ശ റിപ്പോര്‍ട്ടിലുണ്െടന്നു മാധ്യമങ്ങളെ അറിയിക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കു പ്രത്യേക നിര്‍ദേശം തന്നിട്ടുണ്െടന്നും അവര്‍ വ്യക്തമാക്കി. ഡിജിപി ടി.പി. സെന്‍കുമാര്‍ അടക്കമുള്ള ഉയര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഇന്നലെ രാവിലെ തൃശൂരില്‍ ഉണ്ടായിരുന്നു.

ജേക്കബ് ജോബ് പ്രതി നിസാമിനെ ഒറ്റയ്ക്കു ചോദ്യംചെയ്തതിനു പിന്നില്‍ അഴിമതിയുണ്െടന്നു സംശയിക്കുന്നതായി ആരോപിച്ച് ഒരാള്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ നിര്‍ദേശാനുസരണം സമര്‍പ്പിക്കാന്‍ തയാറാക്കിയ ക്വിക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടാണ് ഇങ്ങനെ വിവാദമായത്. തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി കോടതിയില്‍ സമര്‍പ്പിക്കാനുള്ള അനുമതിതേടി റിപ്പോര്‍ട്ട് വിജിലന്‍സ് പോലീസ് ഡയറക്ടര്‍ക്കാണു സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മേയ് 25നകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുകോടതി ആവശ്യപ്പെട്ടിരുന്നതാണ്. കോടതി നിര്‍ദേശിച്ച തീയതി കഴിഞ്ഞ് ആറു മാസമായിട്ടും ക്വിക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയിട്ടില്ല. അടിയന്തരമായി കോടതി വിളിച്ചുവരുത്തിയില്ലെങ്കില്‍ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയേക്കാമെന്നാണു നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിസാമിനെ ചോദ്യംചെയ്ത പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് വഴിവിട്ട എന്തെങ്കിലും സൌകര്യം നിസാമിനു ചെയ്തുകൊടുത്തതായോ അതിനു നിര്‍ദേശം നല്‍കിയതായോ പ്രത്യുപകാരമായി എന്തെങ്കിലും കൈപ്പറ്റിയതായോ വിജിലന്‍സ് പോലീസിനു കണ്െടത്താനായില്ല. തെളിവുകളില്ലാതെ നടപടി തുടരാമെന്ന ശിപാര്‍ശയ്ക്കു സാധുതയുണ്ടാകില്ല.


ഇതേസമയം, പ്രതിയെ ചോദ്യം ചെയ്തതിനെച്ചൊല്ലി പോലീസ് ഓഫീസറെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ആഭ്യന്തര വകുപ്പിലെ ചിലരുടെയും നിലപാടില്‍ ഒരു വിഭാഗം പോലീസ് ഓഫീസര്‍മാര്‍ അസന്തുഷ്ടരാണ്. ധാര്‍മികത തകര്‍ക്കുന്ന ഈ നടപടി ചോദ്യംചെയ്യലടക്കമുള്ള കേസ് നടപടികളില്‍ മേലുദ്യോഗസ്ഥര്‍ ഇടപെടാതിരിക്കാന്‍ പ്രേരകമാകും.

ഇന്ത്യന്‍ ശിക്ഷാ നിയമം 36-ാം വകുപ്പനുസരിച്ചും പോലീസ് നിയമം 22-ാം വകുപ്പനുസരിച്ചും സംശയിക്കുന്നവരെയും പ്രതികളെയും ചോദ്യംചെയ്യാനും കേസന്വേഷണം നടത്താനുമുള്ള ചുമതലയും അധികാരവും പോലീസ് ഓഫീസര്‍ക്കുണ്ട്. നിസാമിനെ ചോദ്യംചെയ്ത പോലീസ് കമ്മീഷണറുടെ കാര്യത്തില്‍ ഇതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കാനാകില്ല: നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട് 14നു സമര്‍പ്പിക്കണം

തൃശൂര്‍: നിസാമിനെ ചോദ്യംചെയ്തതു സംബന്ധിച്ചു വിജിലന്‍സ് കോടതിയിലുള്ള കേസില്‍ വിജിലന്‍സ് പോലീസിന്റെ റിപ്പോര്‍ട്ട് ഡിസംബര്‍ 14നു സമര്‍പ്പിക്കണമെന്നു വിജിലന്‍സ് കോടതി ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.