സെന്‍സസ് ഡ്യൂട്ടിയില്‍നിന്ന് അധ്യാപകരെ ഒഴിവാക്കണം: മാനേജേഴ്സ് അസോ.
Saturday, November 28, 2015 12:46 AM IST
ഇടുക്കി: അധ്യയനവര്‍ഷത്തിന്റെ ഏറ്റവും തിരക്കുള്ള സമയത്തു സെന്‍സസ് ഡ്യൂട്ടിക്കായി അധ്യാപകരെ നിയോഗിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നു കേരള സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ക്രിസ്മസ് പരീക്ഷയോടനുബന്ധമായ പാഠ്യപ്രവര്‍ത്തനം നടക്കുന്ന ഡിസംബര്‍ മാസം 16 ദിവസം അധ്യാപകര്‍ മാറി നില്‍ക്കേണ്ടിവരും. മേളകളും മത്സരങ്ങളും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും അധ്യാപകരുടെ നിരവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു.

ഹയര്‍ സെക്കന്‍ഡറി ക്ളാസുകളില്‍ ഏകജാലക പ്രവേശനം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ മാസം മുതലാണ് ഒന്നാം വര്‍ഷക്കാര്‍ക്ക് ക്ളാസുകള്‍ തുടങ്ങാന്‍ കഴിഞ്ഞത്. ഇതിനകം തന്നെ സേ പരീക്ഷയും പേപ്പര്‍ വാലുവേഷനും നടന്നു. അവശേഷിക്കുന്ന ദിവസങ്ങളില്‍ പാഠ്യഭാഗങ്ങള്‍ തീര്‍ക്കാനുള്ള തിരക്കിലാണ് അധ്യാപകര്‍. ഈ അവസരത്തില്‍ മറ്റു ഡ്യൂട്ടിക്കായി അധ്യാപകരെ നിയോഗിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പൊതുവിദ്യാലയങ്ങളെ ആശ്രയിക്കാന്‍ താത്പര്യം കാണിക്കുന്നവരും നിര്‍ബന്ധിതരുമായ കുട്ടികളോടും രക്ഷകര്‍ത്താക്കളോടും കാണിക്കുന്ന തികഞ്ഞ അനീതിയും വിവേചനവുമാണ്. അവധിക്കാലത്തു നടത്താവുന്ന സെന്‍സസ് ഇപ്പോള്‍ നടത്തുന്നതു സ്കൂളുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. സര്‍ക്കാര്‍ ഇടപെട്ട് സെന്‍സസ് മാറ്റിവയ്ക്കണമെന്നു അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ആവശ്യപ്പെട്ടു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.