നിതീഷ്കുമാര്‍ മുഖ്യമന്ത്രിമാര്‍ക്കു മാതൃക: ഫാ. തൈത്തോട്ടം
Saturday, November 28, 2015 12:30 AM IST
കണ്ണൂര്‍: സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനപ്രകാരം അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും മാതൃകയാണെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ. തോമസ് തൈത്തോട്ടം.

ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സമ്പൂര്‍ണ മദ്യനിരോധനം. നാലായിരം കോടി രൂപയുടെ റവന്യൂനഷ്ടം ജനക്ഷേമത്തിനുവേണ്ടി ഏറ്റെടുത്തു നിതീഷ്കുമാര്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു പ്രേരണയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ മഹാഭൂരിപക്ഷം ജനങ്ങളും ദാരിദ്യ്രരേഖയ്ക്കു താഴെ നില്‍ക്കുന്ന ബിഹാറില്‍ സമ്പൂര്‍ണമായ നിരോധനം സാമൂഹിക സാമ്പത്തിക മേഖലകളില്‍ വന്‍ പുരോഗതിക്കു കളമൊരുക്കും. മുഖ്യമന്ത്രിയുടെ മദ്യത്തിനെതിരായ ധീരമായ നടപടി ദാരിദ്യ്രനിര്‍മാര്‍ജനത്തിന് ഊര്‍ജം പകരും. ലഹരിപദാര്‍ഥങ്ങളില്ലാത്ത ഭാരതം എന്ന രാഷ്ട്രപിതാവിന്റെ ക്ഷേമരാഷ്ട്ര സങ്കല്പത്തിന് ഈ നടപടി ആക്കം കൂട്ടും.


ഗാന്ധിയുടെ അഭിപ്രായം ഒറ്റയടിക്കു സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നതായിരുന്നു. ഘട്ടംഘട്ടമായുള്ള മദ്യനിരോധനം നിരവധി ഭരണഘടനാപരവും അല്ലാത്തതുമായ പ്രശ്നങ്ങള്‍ക്കും കോടതി ഇടപെടലുകള്‍ക്കും വഴിവയ്ക്കും. ബിഹാര്‍ മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയും ആര്‍ജവവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാണിച്ചിരുന്നെങ്കില്‍ ഇന്നു മദ്യനയം സംബന്ധിച്ചു കേരള സര്‍ക്കാര്‍ നേരിടുന്ന ഗുരുതരമായ പല പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.