ദേശീയ വൈഎംസിഎ പ്ളാനിംഗ് ഫോറം ആലുവയില്‍
Saturday, November 28, 2015 12:28 AM IST
ആലുവ: ദേശീയ വൈഎംസിഎയുടെ റൌണ്ട് പ്ളാനിംഗ് ഫോറം ഇന്നും നാളെയുമായി ആലുവ തോട്ടുമുഖം വൈഎംസിഎ ക്യാമ്പ് സൈറ്റില്‍ നടക്കുമെന്നു ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ് മാത്യു, ജനറല്‍ സെക്രട്ടറി സി.എച്ച്.ആര്‍.പി. മണികുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വരുന്ന മൂന്നു വര്‍ഷം ദേശീയ വൈഎംസിഎ നടപ്പാക്കുന്ന സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു യോഗം രൂപം നല്‍കും. ഇന്നു രാവിലെ ഒന്‍പതിനു മന്ത്രി അനൂപ് ജേക്കബ് സമ്മേളനം ഉദ്ഘാടനംചെയ്യും.

പ്രസിഡന്റ് ഡോ. ലെബി ഫിലിപ് മാത്യു അധ്യക്ഷതവഹിക്കും. വൈഎംസിഎ വേള്‍ഡ് അലയന്‍സ് എക്സിക്യൂട്ടീവ് അംഗം ഡോ.റോളണ്ട് വില്യംസ് മുഖ്യാതിഥിയായിരിക്കും.

നാളെ രാവിലെ എക്യുമെനിക്കല്‍ ആരാധനയോടെ സമ്മേളനം തുടങ്ങും. ഷിബു തെക്കുംപുറം, ആര്‍.എസ്. ഷെട്ടിയാര്‍, അഭിഷേക് സാഹു, ഡോ.ജെയിംസ് തോമസ്, വിജയ് പ്രധാന്‍, ജേക്കബ് രാജ്കുമാര്‍ എന്നിവര്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിക്കും. വൈകിട്ട് നാലിന് ദേശീയ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഡോ.ലെബി ഫിലിപ് മാത്യു അധ്യക്ഷതവഹിക്കും. മന്ത്രി കെ. ബാബു സാമൂഹ്യക്ഷേമ പദ്ധതികള്‍ ഉദ്ഘാടനംചെയ്യും.


ഡോ.ജോസഫ് മാര്‍ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. അന്‍വര്‍ സാദത്ത് എംഎല്‍എ ദേശീയ ഐക്യ സന്ദേശം നല്‍കും.

ഇന്ത്യയിലെ ഒന്‍പതു റീജണുകളില്‍നിന്നായി 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തില്‍ ആദ്യമായിട്ടാണ് ദേശീയ പ്ളാനിംഗ് ഫോറം ചേരുന്നത്. ആലുവയില്‍ 13 നില കെട്ടിടം ഉള്‍പ്പെടെ വന്‍ പദ്ധതികളാണ് പരിഗണനയിലുള്ളത്. സംഘാടക സമിതി ചെയര്‍മാന്‍ പ്രഫ.ജോയി സി. ജോര്‍ജ്, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ കുമാരി കുര്യാസ്, സംസ്ഥാന ട്രഷറര്‍ ഷിബു തെക്കുംപുറം, ആലുവ പ്രോജക്ട് ചെയര്‍മാന്‍ എജി ഏബ്രഹാം, റീജണല്‍ സെക്രട്ടറി സൈജു വര്‍ഗീസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.