ചങ്ങനാശേരി അതിരൂപതയില്‍ 13ന് കാരുണ്യ വര്‍ഷാചരണം ആരംഭിക്കും
Friday, November 27, 2015 12:47 AM IST
ചങ്ങനാശേരി: ആഗോളകത്തോലിക്കാ സഭയില്‍ കരുണയുടെ വിശുദ്ധവത്സരം ആചരിക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപതയില്‍ ഡിസംബര്‍ 13ന് കാരുണ്യ വത്സരത്തിന് തുടക്കം കുറിക്കും. ഡിസംബര്‍ എട്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പാ കാരുണ്യ വര്‍ഷത്തിന് തുടക്കംകുറിച്ചുകൊണ്ട് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ കരുണയുടെ കവാടം തുറക്കുന്നതിനോടനുബന്ധിച്ച് അതിരൂപതയിലെ ഒമ്പത് പള്ളികളില്‍ കരുണയുടെ വാതില്‍ തുറക്കും.

13ന് രാവിലെ ആറിന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ കരുണയുടെ കവാടം തുറന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കാരുണ്യവര്‍ഷാചരണം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലെ കവാടം തുറക്കും. തിരുവനന്തപുരം ലൂര്‍ദ്, എടത്വ, അതിരമ്പുഴ, കുടമാളൂര്‍, കൊല്ലം, ചമ്പക്കുളം ഫൊറോന പള്ളികളിലും മാന്നാനം ആശ്രമ ദേവാലയത്തിലുമാണ് കവാടങ്ങള്‍ തുറക്കുന്നത്.

കരുണയുടെ വര്‍ഷത്തില്‍ വ്യക്തിബന്ധങ്ങളില്‍ കരുണയും ക്ഷമയും സ്നേഹവും പുലര്‍ത്തണമെന്നും ശത്രുതയും വിദ്വേഷവും പൂര്‍ണമായി വെടിയണമെന്നും അനുതാപത്തോടെ തീര്‍ഥാടനങ്ങള്‍ നടത്തണമെന്നും അതിരൂപതയുടെ മുഖപത്രമായ മധ്യസ്ഥനില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. ചികിത്സാ സഹായം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, വീടില്ലാത്തവര്‍ക്ക് വീട് വച്ച് നല്‍കല്‍ തുടങ്ങിയ കാരുണ്യ പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടത്തണം. ആഘോഷങ്ങളിലെ ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കിയും നിയന്ത്രണങ്ങള്‍ പാലിച്ചും ഭവന രഹിതരെ സഹായിക്കണമെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു. പിന്നോക്കാവസ്ഥയിലുള്ള ദളിതര്‍, നാടാര്‍ സമൂഹങ്ങള്‍, വിധവകള്‍, വിഭാര്യര്‍, ഒറ്റപ്പെട്ടുകഴിയുന്നവര്‍, വികലാംഗര്‍, ബുദ്ധി, ശാരീരിക ന്യൂനതയുള്ളവര്‍ തുടങ്ങിയവരേയും കരുണയുടെ വര്‍ഷത്തില്‍ സഹായിക്കണമെന്നും സര്‍ക്കുലറില്‍ മാര്‍ പെരുന്തോട്ടം അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.