ഇലക്ട്രോണിക് മാലിന്യം: കേരള മോഡല്‍ അനുകരണീയമെന്നു യുഎസ് പ്രതിനിധിസംഘം
Wednesday, November 25, 2015 12:54 AM IST
തിരുവനന്തപുരം: ഇലക്ട്രോണിക് മാലിന്യങ്ങള്‍ പണംകൊടുത്ത് സര്‍ക്കാര്‍ ശേഖരിക്കുന്ന കേരള മോഡല്‍ അനുകരിക്കാവുന്ന ആശയമാണെന്ന് യുഎസ് പ്രതിനിധി സംഘം. സംസ്ഥാനത്തെ നഗര വികസനവുമായി ബന്ധപ്പെട്ട് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇ-മാലിന്യ ശേഖരണമെന്ന ആശയത്തെ സംഘം പ്രകീര്‍ത്തിച്ചത്.

നഗരവികസനം അതിവേഗം നടക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ജനസംഖ്യയില്‍ പകുതിയിലധികം പേര്‍ നഗരവാസികളായി മാറി. പ്രകൃതി സൌഹൃദമായ വളര്‍ച്ചയാണ് കേരളം ആഗ്രഹിക്കുന്നത്. മാലിന്യ പ്രശ്നം പരിഹരിക്കാന്‍ പരിശ്രമങ്ങള്‍ തുടരുകയാണ്. രാജ്യത്തെ ആദ്യത്തെ ആധുനിക സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് മുട്ടത്തറയില്‍ തുടങ്ങാനായി. കൊച്ചിയില്‍ ആദ്യത്തെ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ളാന്റ് കമ്മീഷന്‍ ചെയ്യാന്‍ സജ്ജമായിട്ടുണ്ട്. കിലോഗ്രാമിന് 25 രൂപ നിരക്കില്‍ ഇ മാലിന്യങ്ങള്‍ വിവിധ സ്ഥാപനങ്ങളില്‍നിന്ന് ക്ളീന്‍ കേരള കമ്പനി ശേഖരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. ഇതുവരെ 150 ടണ്‍ ഇ മാലിന്യങ്ങള്‍ ശേഖരിച്ചു. 50 ടണ്‍ പ്ളാസ്റിക് മാലിന്യങ്ങളും ഒരുവര്‍ഷത്തിനിടെ ശേഖരിക്കാനായി. ഇ മാലിന്യ, പ്ളാസ്റിക് മാലിന്യ മുക്ത കാമ്പസുകളായി സ്കൂളുകളെ മാറ്റുന്ന പദ്ധതി തുടങ്ങാനിരിക്കുകയാണ്.

പ്രകൃതിയെ നശിപ്പിക്കാനിടയാവുമായിരുന്ന ഈ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സാധിച്ചുവെന്നതു വലിയ നേട്ടമാണെന്ന് ഇന്ത്യാനയിലെ കാര്‍മല്‍ കോര്‍പറേഷന്‍ മേയര്‍ ജെയിംസ് ബ്രെയിനാര്‍ഡ് അഭിപ്രായപ്പെട്ടു.


ഇന്നത്തെ സാഹചര്യത്തില്‍ വളരെ ആവശ്യമായ പദ്ധതിയാണിത്. നൂതനമായ ഈ ആശയം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജംഗ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റുകളില്ലാത്ത റൌണ്ട്എബൌട്ടുകള്‍ സമയനഷ്ടം ഒഴിവാക്കുന്നതായി യുഎസില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതായി സംഘം അറിയിച്ചു. കേരളത്തില്‍നിന്ന് ഒട്ടേറെ പദ്ധതികള്‍ മാതൃകയാക്കാനുണ്ട്. നഗര സൌന്ദര്യവത്കരണ പദ്ധതികളെക്കുറിച്ചുള്ള കേരളത്തിന്റെ ചിന്താഗതി പ്രോത്സാഹ ജനകമാണെന്നും സംഘം വിലയിരുത്തി. യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് വിദഗ്ധാംഗം സി.കെ. സുബൈര്‍, ക്ളീന്‍ കേരള കമ്പനി എംഡി കബീര്‍ ബി.ഹാറൂണ്‍, പ്രൊജക്ട് മാനേജര്‍ ജി. പ്രമോദ്, നഗരകാര്യ മുന്‍ ജോയിന്റ് ഡയറക്ടര്‍ പി.എ. പയസ്, കെഎസ്യുഡിപി ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ വിജയകുമാര്‍, യു.എസ്. കോണ്‍സുലേറ്റ് സാംസ്കാരിക വകുപ്പ് ഓഫീസര്‍ ആന്‍ഡി ജി ആര്‍മന്റ്, പൊളിറ്റിക്കല്‍ സെക്്ഷന്‍ അസോസിയേറ്റ് ആമി കോണ്‍റോയ്, പ്രോഗ്രാം ആന്‍ഡ് എക്സ്ചേഞ്ചെസ് സ്പെഷ്യലിസ്റ് രത്ന മുഖര്‍ജി തുടങ്ങിയവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.