എസ്എന്‍ഡിപിയുടേത് അസമത്വം സൃഷ്ടിക്കുന്ന ജാഥ: ഡീന്‍ കുര്യാക്കോസ്
എസ്എന്‍ഡിപിയുടേത് അസമത്വം സൃഷ്ടിക്കുന്ന ജാഥ: ഡീന്‍ കുര്യാക്കോസ്
Wednesday, November 25, 2015 12:51 AM IST
കോട്ടയം: ജാതിയും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി കേരളത്തില്‍ അസമത്വം സൃഷ്ടിക്കുന്ന പ്രചാരണ ജാഥയാണ് എസ്എന്‍ഡിപിയുടേതെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.

സാമൂഹിക അന്തരീക്ഷത്തില്‍ ജാതി വ്യവസ്ഥക്കെതിരേ പോരാട്ടം നയിച്ച ഗുരുദേവന്റെ ദര്‍ശനങ്ങളെ മോഹന്‍ ഭാഗവതിന്റെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ കേരളീയ സമൂഹം നിന്നു തരില്ല. സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള എസ്എന്‍ഡിപിയുടെ സ്വീകാര്യത കുറയ്ക്കുന്നതിനു മാത്രമേ ഇത് ഉപകരിക്കൂ. മതവൈരത്തിന്റെ വിത്തുകള്‍ ജാതി സ്പര്‍ധയിലേക്കും അതുവഴി ഗുജറാത്ത് മോഡല്‍ വര്‍ഗീയ കലാപം അണിയിച്ചൊരുക്കിയവര്‍ക്ക് പദ്ധതി ആസൂത്രണം ചെയ്യാനുമേ ഇത്തരം ജാഥകള്‍ സഹായകരമാകൂ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നീ ഗുരുദേവ സൂക്തങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതില്‍നിന്നു എസ്എന്‍ഡിപി പിന്മാറണം.


വര്‍ഗീയ ഫാസിസ്റ് ശക്തികള്‍ക്കെതിരേ ശക്തമായ പ്രചാരണ പരിപാടികള്‍ യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. രാജ്യമെമ്പാടും നേരിടുന്ന അസഹിഷ്ണുതയുടെയും ഫാസിസത്തിന്റെയും നിലപാടുകള്‍ക്കെതിരായി അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി പാര്‍ലമെന്റ് തലത്തിലുള്ള ജാഥകള്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു. ഹൃദയവും കരങ്ങളും ഫാസിസത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് നവോഥാന മാര്‍ച്ചുകള്‍ പാര്‍ലമെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25നു മുമ്പു പൂര്‍ത്തീകരിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.