വെള്ളാപ്പള്ളിയുടെ യാത്ര കലാപത്തിന് അടിത്തറയിടാന്‍: ശ്രീനാരായണ ധര്‍മവേദി
Wednesday, November 25, 2015 12:50 AM IST
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വ മുന്നേറ്റയാത്ര ഭൂരിപക്ഷ ന്യൂനപക്ഷ കലാപത്തിന് അടിത്തറയിടാനാണെന്ന് ശ്രീനാരായണ ധര്‍മവേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഈ യാത്ര നാട്ടില്‍ വര്‍ഗീയ വിഷം കുത്തിവയ്ക്കുകയും നിലവിലെ സാമുദായിക സന്തുലിതാവസ്ഥയ്ക്കു കോട്ടം വരുത്തുകയും ചെയ്യും. ഈ യാത്ര എസ്എന്‍ഡിപി യോഗത്തിന്റെ കുലം കുത്തുന്നതിനു തുല്യമാണ്. ശ്രീനാരായണ സമൂഹം സ്വായത്തമാക്കുകയും അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സാമൂഹ്യബോധത്തെ സ്വന്തം താല്പര്യങ്ങള്‍ക്കായി ഒറ്റുകൊടുത്ത യൂദാസായി നടേശന്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കും. യോഗത്തിന്റെ ആത്മാവിനെയാണ് വെള്ളാപ്പള്ളി നശിപ്പിക്കുന്നത്.


മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്ര മന്ത്രിയാക്കാമെന്ന വാഗ്ദാനം കിട്ടിയതിനാലാണ് യാത്രയക്കിറങ്ങിയത്. യാത്രയ്ക്കായി പാര്‍ട്ടി കൊടി ഉപയോഗിക്കണം. യോഗത്തിന്റെ കൊടി ഉപയോഗിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

ശ്രീനാരായണ ധര്‍മവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു രമേശ്, സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍, പ്രഫ. ജി. മോഹന്‍ദാസ് പ്രഫ. കെ .സുശീല തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.