തുല്യനീതി ഉറപ്പുവരുത്തണം: കെ.എം. മാണി
തുല്യനീതി ഉറപ്പുവരുത്തണം: കെ.എം. മാണി
Wednesday, November 25, 2015 12:42 AM IST
കണ്ണൂര്‍: തുല്യനീതിയും തുല്യനിയമസംരക്ഷണവും മുഴുവന്‍ പൌരന്മാര്‍ക്കും ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ക്കു കഴിയണമെന്നു കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മുന്‍ ധനകാര്യമന്ത്രിയുമായ കെ.എം. മാണി. ജനാധിപത്യത്തിന്റെ കാതലാണു തുല്യനീതി. അത് ഉറപ്പാക്കാന്‍ കഴിയാതിരിക്കുന്നതു ജനാധിപത്യത്തിന്റെ പരാജയമാണ്. പൌരന്‍മാരെ ഒന്നായി കാണാന്‍ സര്‍ക്കാരുകള്‍ക്കു കഴിയുന്നുണ്േടായെന്നു പരിശോധിക്കണം. കഴിയുന്നില്ലെങ്കില്‍ അതിനുവേണ്ടി പരിശ്രമിക്കണം. ജനാധിപത്യത്തില്‍ ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണന തുല്യനീതി ഉറപ്പുവരുത്തുന്നതിനായിരിക്കണമെന്നും കെ.എം. മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി കണ്ണൂര്‍ സ്റേഡിയം കോര്‍ണറില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം. മാണി. യുഡിഎഫ് സര്‍ക്കാരിനെ ഉദ്ദേശിച്ചല്ല തുല്യനീതിയെക്കുറിച്ചു പരാമര്‍ശിച്ചതെന്നു മാണി വ്യക്തമാക്കിയെങ്കിലും ബാര്‍ കോഴ കേസില്‍ ഇരട്ടനീതിയാണു നടപ്പാക്കുന്നതെന്ന ആക്ഷേപം ഒരിക്കല്‍ക്കൂടി ശക്തമായി ഉന്നയിക്കുകയായിരുന്നു അദ്ദേഹം.

സമത്വമുന്നേറ്റ യാത്ര നയിക്കുന്ന വെള്ളാപ്പള്ളി നടേശനെ കെ.എം. മാണി പ്രശംസിച്ചു. വലിയൊരു സമുദായത്തിന്റെ നേതാവായ അദ്ദേഹം തുല്യനീതിക്കും സമത്വത്തിനും വേണ്ടിയാണു യാത്ര നടത്തുന്നതെന്നു കെ.എം. മാണി പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ കോടതിയില്‍നിന്നു തനിക്കെതിരേ ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. കേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു നിയമമന്ത്രിയുടെ സ്ഥാനം ഗുണകരമാകുമോ എന്ന കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണു രാജിവച്ചത്. ഉന്നതമായ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നതിനാലായിരുന്നു രാജി. സ്ഥാനമാനങ്ങളില്ലെങ്കിലും പാര്‍ട്ടി കൂടെയുള്ളതിനാല്‍ ഒരു വിഷമവുമില്ല. തനിക്കുള്ള ഏറ്റവും വലിയ ഉപഹാരം ജനങ്ങളുടെ പിന്തുണയാണ്. ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണു വലുത്. ഒരുകാര്യത്തിലും പതര്‍ച്ചയില്ല. താഴെതലത്തില്‍നിന്നു വളര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍വരെ പടിപടിയായാണു വളര്‍ന്നത്. 50 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം കൈമുതലുള്ള തന്നെ ആരോപണത്തിലൂടെ ഇല്ലാതാക്കാനാവില്ലെന്നും മാണി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ നയം സുന്ദരമാണ്. താന്‍ അവതരിപ്പിച്ച 13 ബജറ്റുകളും കേരളത്തിന്റെ സ്ഥായിയായ വികസനം ലക്ഷ്യമിട്ടുള്ളതായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ആറില്‍ നില്‍ക്കുമ്പോള്‍ കേരളത്തിന്റേത് ഒന്‍പതാക്കി ഉയര്‍ത്താന്‍ സാധിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളും കേരളത്തില്‍ നടപ്പാക്കിയ ബജറ്റിലെ കര്‍മപരിപാടികളുമാണു വികസനത്തിനു വഴികാട്ടിയായത്. കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഒരുപരിധിവരെ പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചു.


റബറടക്കമുള്ള നാണ്യവിളകളുടെ വിലയിടിവുമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ പ്രശ്നം കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് ബോധ്യപ്പെടുത്താനും ചര്‍ച്ചചെയ്യാനുമായി സര്‍വകക്ഷി സംഘത്തെ കേന്ദ്രത്തിലേക്ക് അയയ്ക്കണം. ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനായി ബജറ്റില്‍ 300 കോടി രൂപ മാറ്റിവച്ചു. ന്യായവില ബാങ്ക് വഴി ലഭിക്കുന്ന പദ്ധതി ലോകത്തെവിടെയും കേട്ടുകേള്‍വി ഇല്ലാത്തതാണ്. കര്‍ഷകരുടെ സംരക്ഷണത്തിനായുള്ള പദ്ധതികള്‍, നിരവധി ക്ഷേമപദ്ധതികള്‍, കാരുണ്യ പദ്ധതി എന്നിവ ഏറെ സന്തോഷം തരുന്നവയാണെന്നും മാണി പറഞ്ഞു.

തന്റെ ജീവചരിത്രം ആരെങ്കിലും എഴുതുന്നുവെങ്കില്‍ അതില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതു കര്‍ഷകര്‍ക്കു പട്ടയം നല്‍കിയതിനായിരിക്കണം. മലയോര കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കിയ കസ്തൂരിരംഗന്‍ വിഷയത്തിലും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചെന്നും മാണി പറഞ്ഞു.

കെ.എം. മാണിക്ക് ആവേശോജ്വല സ്വീകരണമാണു കണ്ണൂരില്‍ ലഭിച്ചത്. സ്ത്രീകളുടെ ശിങ്കാരി മേളത്തിന്റേയും നൂറുകണക്കിനു പ്രവര്‍ത്തകരുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ ആനയിച്ചാണു മാണിയെ വേദിയിലെത്തിച്ചത്. വലിയ ഹാരത്തോടൊപ്പം വാളും പരിചയവും അദ്ദേഹത്തിനു നല്‍കി. ജില്ലയുടെ മലയോരമേഖലയില്‍നിന്നടക്കം പ്രവര്‍ത്തകര്‍ ആവേശപൂര്‍വം സ്വീകരണത്തിനെത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി. ജോസ് അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.ജെ. ജോസഫ്, മാത്യു കുന്നപ്പള്ളി, ജില്ലാ പ്രസിഡന്റ് ജോയ്സ് പുത്തന്‍പുര, മുഹമ്മദ് ഇക്ബാല്‍, ജോയ് കൊന്നയ്ക്കല്‍, പ്രഫ. ജോണ്‍ ജോസഫ്, സജി കുറ്റ്യാനിമറ്റം, കെ.ജെ. ദേവസ്യ, ജോണ്‍ പൂതക്കുഴി, പി.വി. മൈക്കിള്‍, കെ.ജെ. ജോര്‍ജ്, ജോസഫ് മുള്ളന്‍മട, കെ.ടി. സുരേഷ്കുമാര്‍, ഡോ. ബോബന്‍ കുഞ്ചെറിയ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.