മുഖപ്രസംഗം: അസഹിഷ്ണുതയെപ്പറ്റി പറയാനും പാടില്ലെന്നോ?
Wednesday, November 25, 2015 11:39 PM IST
അസഹിഷ്ണുത രാജ്യത്തു വളരുന്നു എന്ന വസ്തുത തുറന്നുപറയുന്നതിനെപ്പോലും അസഹിഷ്ണുതയോടെ കാണുന്ന അന്തരീക്ഷം രൂപപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിലും പൌരസ്വാതന്ത്യ്രത്തിലും വിശ്വസിക്കുന്നവര്‍ക്കെല്ലാം ആശങ്ക വളര്‍ത്തുന്നതാണ് ഈ അന്തരീക്ഷം. ഹിന്ദി ചലച്ചിത്രലോകത്തെ സൂപ്പര്‍ താരങ്ങളായ ഷാരുഖ് ഖാനും ആമിര്‍ ഖാനും രാജ്യത്തു വളരുന്ന അസഹിഷ്ണുതയെയും തത്ഫലമായി ന്യൂനപക്ഷസമുദായങ്ങളിലുണ്ടാകുന്ന അരക്ഷിതത്വ ബോധത്തെയും പറ്റി പരാമര്‍ശിക്കുകയുണ്ടായി. ആമിര്‍ ഖാന്‍ ഇതു പറഞ്ഞതു കേന്ദ്രമന്ത്രിമാരും മറ്റും പങ്കെടുത്ത ഒരു ചടങ്ങിലാണ് എന്നതു ശ്രദ്ധേയമാണ്.

ഷാരുഖും ആമിറും പറഞ്ഞതു രാജ്യത്തു കോടിക്കണക്കായ ജനങ്ങളുടെ മനസിലുള്ള ആശങ്കയാണ്. പലരും തുറന്നുപറയാന്‍ മടിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്ന കാര്യം. ന്യൂനപക്ഷങ്ങള്‍ക്കും നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്ന സമൂഹത്തിലെ നിശബ്ദ ഭൂരിപക്ഷത്തിന്റെ ഹൃദയത്തിലെ ഭീതിക്കു ശബ്ദം നല്കുകയാണു ബോളിവുഡ് നായകര്‍ ചെയ്തത്. ദൌര്‍ഭാഗ്യവശാല്‍, ഭരണകക്ഷിയും ഭരണകക്ഷിയെ അനുകൂലിക്കുന്നവരും അതിനോടു കൈക്കൊണ്ട സമീപനം ഒട്ടും ആശാവഹമല്ല. താരങ്ങള്‍ രാജ്യത്തെ അപമാനിച്ചെന്നും അവര്‍ക്ക് ഇത്രയേറെ ഉയര്‍ച്ച നല്കിയ രാജ്യത്തോട് അനാദരവ് കാണിച്ചെന്നും മറ്റുമാണു ഭരണപക്ഷത്തെ പല പ്രമുഖരും പറഞ്ഞത്. താരങ്ങളെ ഭീഷണിപ്പെടുത്തുന്നതും അപമാനിക്കുന്നതുമായ പരാമര്‍ശങ്ങളും ഉണ്ടായി.

രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെപ്പറ്റി പറയുമ്പോഴെല്ലാം ബിജെപിയുടെയും സംഘപരിവാറിന്റെയും സമീപനമിതാണ്. രണ്ടുമൂന്നു മാസമായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മുതല്‍ നിരവധിപേര്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. അപ്പോഴൊന്നും പ്രശ്നം എന്താണെന്നു പരിശോധിച്ചു തിരുത്തല്‍നടപടികള്‍ ഉണ്ടായില്ല. ഇന്ത്യയുടെ സൌന്ദര്യം ഇവിടത്തെ വൈവിധ്യമാണെന്നും മറ്റും എങ്ങും തൊടാതുള്ള ചില നല്ല പ്രയോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിലെ പ്രതികരണം ഒതുക്കി. ഇന്ത്യക്കു പുറത്തുവച്ചാണ് ആ പ്രസ്താവനകള്‍ പോലും ഉണ്ടായത്. രാജ്യത്തെ അരക്ഷിതരായ ന്യൂനപക്ഷ സമുദായങ്ങളുടെ ഉത്കണ്ഠ ലഘൂകരിക്കാന്‍ തക്ക പ്രസ്താവനയൊന്നും പ്രധാനമന്ത്രി നടത്തിയില്ല എന്നതു ഖേദകരമാണ്.

അസഹിഷ്ണുതാ വിവാദം ബിഹാര്‍ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്നതാണെന്നായിരുന്നു ഈ ആഴ്ചകളില്‍ ബിജെപിയും കൂട്ടാളികളും വാദിച്ചിരുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ അതേപ്പറ്റി ആരും പറയുന്നില്ലെന്നു പോലും ബിജെപി നേതാവായ ഒരു കേന്ദ്രമന്ത്രി പറഞ്ഞുകേട്ടു. തെരഞ്ഞെടുപ്പു രാഷ്ട്രീയമോ പ്രതിപക്ഷ ഗൂഢാലോചനയോ അല്ല ഈ വിഷയം ഉന്നയിക്കുന്നതില്‍ ഉള്ളതെന്നു പകല്‍പോലെ വ്യക്തമാണ്.

രാജ്യത്തു സാമുദായികാന്തരീക്ഷം വളരെ മോശമായിട്ടുള്ളത് ഒരിടത്തു മാത്രമല്ല. ഗോവധമാരോപിച്ചു വീട്ടില്‍ക്കയറി കൊല നടത്തിയ ദാദ്രിയിലെ സംഭവം ഒറ്റപ്പെട്ട കാര്യമല്ല. ഇവിടെ കഴിയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പാക്കിസ്ഥാനില്‍ പൊയ്ക്കോളൂ എന്നുപദേശിക്കുന്ന ഗവര്‍ണര്‍മാരും മന്ത്രിമാരുമൊക്കെയാണ് ഇപ്പോള്‍ ഉള്ളത്. അന്യന്റെ ആഹാരം എന്തെന്ന് അന്വേഷിക്കുന്നതിലേക്കു മാത്രമല്ല; എന്തു ഭക്ഷിക്കാം, എന്തു ഭക്ഷിക്കരുത് എന്നു നിര്‍ദേശിക്കുന്നതിലേക്കു വരെ കാര്യങ്ങള്‍ എത്തുന്നു.


കേരളത്തില്‍പ്പോലും മതദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പലരും തയാറാകുന്നു. കുറേവര്‍ഷം മുന്‍പാണെങ്കില്‍ പൊതുവേദിയില്‍ ഉപയോഗിക്കാത്തതും പറയാത്തതുമായ ശൈലിയും കാര്യങ്ങളുമാണ് ഇന്നു പലരും ഉപയോഗിക്കുന്നതും പറയുന്നതും. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് വികസനകാര്യങ്ങളും ജനസംഖ്യാ വിഷയങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഒരു സമുദായ നേതാവ് ഈ ദിവസങ്ങളില്‍ യാത്ര നടത്തുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷസമുദായത്തോട് എന്തോ വലിയ അനീതി ചെയ്തെന്നു പറഞ്ഞു യാത്രനടത്തുന്ന വിധത്തില്‍ മോശമായിരിക്കുന്നു രാജ്യത്തെ അന്തരീക്ഷം. എന്നു മാത്രമല്ല അങ്ങനെ വിഷം വമിപ്പിക്കുന്നതും കള്ളപ്രചാരണം നടത്തുന്നതും സ്വീകാര്യത നേടുകയും ചെയ്യുന്നു.

രാജ്യത്തെ അന്തരീക്ഷം മോശമായെന്നു പരിതപിച്ച ആമിര്‍ ഖാനോടു തന്നെ വളര്‍ത്തിയതാരാണെന്നു ചിന്തിക്കണം എന്ന് ഒരു കേന്ദ്രമന്ത്രി തന്നെ ചോദിച്ചിരിക്കുന്നു. ഭീഷണിയുടെ സ്വരമാണ് ആ ചോദ്യത്തിലുള്ളത്. പള്ളി ആക്രമണങ്ങളെല്ലാം വെറും മോഷണശ്രമങ്ങളാണെന്നും കൊലപാതകങ്ങള്‍ 127 കോടി ജനങ്ങളുള്ള രാജ്യത്തെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ഒക്കെ വിശേഷിപ്പിച്ചു ന്യായീകരിച്ചതില്‍നിന്ന് ഒരു പടികൂടി കടന്നിരിക്കുന്നു. അസഹിഷ്ണുതയെപ്പറ്റി പറയുന്നവര്‍ തങ്ങളുടെ അവസ്ഥയും സാഹചര്യവും ഒക്കെ നോക്കി വേണം പറയാന്‍ എന്ന്. അതല്ലെങ്കില്‍ വേറേ വഴിയുണ്െടന്നാകാം അതിലെ ധ്വനി. ഇതൊക്കെ എന്തിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്ന് ആശങ്കപ്പെടാതെ തരമില്ല.

ഭീഷണിയും ബലവും ഉപയോഗിച്ച് എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുകയാണെന്നു കാര്യവിവരമുള്ളവര്‍ തിരിച്ചറിയുന്നുണ്ട്. വിവിധ മതങ്ങളും വംശങ്ങളും ഭാഷകളും വിശ്വാസങ്ങളും ഉള്ള ഇന്ത്യപോലെ വിശാലമായ ഒരു രാജ്യത്തു വൈവിധ്യങ്ങളെ ആദരിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതാണു ശരിയായ നയം. ഭരണഘടനയുടെ വിധാതാക്കള്‍ ദീര്‍ഘദൃഷ്ടിയോടെയാണു മതേതരമായ ഒരു രാജ്യത്തിനുവേണ്ട ഭരണഘടന തയാറാക്കിയത്. ആ ഭരണഘടന പാലിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നു പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ ആ പ്രതിജ്ഞ പാലിക്കണം. അതാണു ജനങ്ങള്‍ക്കിടയിലെ ആശങ്കകള്‍ അകറ്റാന്‍ വേണ്ടത്.

സമൂഹത്തെ ഭിന്നിപ്പിക്കാനും സമുദായങ്ങളെ വേറിട്ടു നിര്‍ത്താനും തുനിയുന്നവര്‍ക്കെതിരേ ഭരണകൂടം നടപടി എടുക്കണം. എല്ലാവരെയും സംരക്ഷിക്കുന്നതാകും ഭരണകൂടം എന്നു ബോധ്യപ്പെടുത്തണം. അതുണ്ടാകാത്തിടത്തോളം കാലം അസഹിഷ്ണുതയെപ്പറ്റി ആകുലത തുടരും, വിമര്‍ശനം തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.