മുഖപ്രസംഗം: അവസരോചിതമായ ഇടപെടല്‍
Friday, October 9, 2015 11:54 PM IST
ഗുജറാത്തില്‍ 2002-ല്‍ ഗോധ്രകലാപം അരങ്ങേറിയ കറുത്തനാളുകളില്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഗുജറാത്ത് മുഖ്യമന്ത്രിയോടു രാജധര്‍മം പാലിക്കണം എന്ന് ആവശ്യപ്പെട്ടു. പൌരസമൂഹത്തെ വിശ്വാസത്തിന്റെയോ ഭാഷയുടെയോ ജാതിയുടെയോ പേരില്‍ വേര്‍തിരിച്ചു കാണാത്ത രാജധര്‍മമാണു താന്‍ ഉദ്ദേശിച്ചതെന്നും വാജ്പേയി അന്നു പറഞ്ഞു. കഴിഞ്ഞദിവസം രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങള്‍ കൈവെടിയരുതെന്നു രാജ്യത്തെ ഉദ്ബോധിപ്പിച്ചപ്പോള്‍ വാജ്പേയിയുടെ രാജധര്‍മ ആഹ്വാനം ഓര്‍മിക്കുന്നതു സ്വാഭാവികം. വാജ്പേയിയുടെ ആഹ്വാനം ലഭിച്ച ഗുജറാത്ത് മുഖ്യമന്ത്രി ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഗോധ്രകലാപം പോലെ വ്യാപകമല്ലെങ്കിലും മനഃസാക്ഷിയെ ഞെട്ടിക്കുന്നതും മനുഷ്യത്വത്തിനു നിരക്കാത്തതുമായ ക്രൂരത ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഉണ്ടായ പശ്ചാത്തലത്തിലാണു രാഷ്ട്രപതിയുടെ ബുധനാഴ്ചത്തെ ഉദ്ബോധനം.

ഭാരതസംസ്കാരം നാനാത്വത്തെ ആഘോഷിക്കുന്നതും സഹിഷ്ണുതയെയും ബഹുസ്വരതയെയും പ്രോത്സാഹിപ്പിക്കുകയും സമര്‍ഥിക്കുകയും ചെയ്യുന്നതുമാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണു രാഷ്ട്രപതി സംസാരിച്ചത്. "ശതാബ്ദങ്ങളായി നമ്മെ ഒന്നിപ്പിച്ചു നിര്‍ത്തുന്നത് കാതലായ ഈ മൂല്യങ്ങളാണ്. നിരവധി പൌരാണിക സംസ്കാരങ്ങള്‍ തകര്‍ന്നടിഞ്ഞു. എന്നാല്‍, തുടരെയുള്ള ആക്രമണങ്ങളും നീണ്ടകാലത്തെ വിദേശാധിപത്യവും ഒക്കെ സംഭവിച്ചിട്ടും നമ്മുടെ സംസ്കാരം അതിജീവിച്ചത് സംസ്കാരത്തിന്റെ കാതലായ ഈ മൂല്യങ്ങള്‍കൊണ്ടും ഇവയെ പാലിച്ചതുകൊണ്ടുമാണ്.''’ രാഷ്ട്രപതി എടുത്തുപറഞ്ഞ കാര്യമിതാണ്. ആശങ്കയുടെ കരിമേഘങ്ങള്‍ ദേശീയാന്തരീക്ഷത്തെ ഇരുട്ടില്‍ ആഴ്ത്തുന്നു എന്നു തോന്നിക്കുന്ന സമയത്താണ് പ്രകാശം ചൊരിയുന്ന ഈ ഉദ്ബോധനം ഉണ്ടായത്.

ദാദ്രിയില്‍ ഗോമാംസം ഭക്ഷിച്ചെന്നാരോപിച്ച് ഒരു കുടുംബനാഥനെ ജനക്കൂട്ടം കല്ലെറിഞ്ഞും അടിച്ചും കൊന്നു. അയാളുടെ അവശേഷിച്ച കുടുംബത്തിന് അവിടെ തുടര്‍ന്നു താമസിക്കാന്‍ വയ്യാത്ത സാഹചര്യമായി. അക്രമം നടന്ന് ഒരാഴ്ചയ്ക്കകം അവര്‍ നാടുവിട്ടു. ആ ഗ്രാമത്തിലേക്കു തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരെ പ്രവേശിപ്പിക്കാതെ ഒരു സമുദായക്കാര്‍ ഉപരോധം നടപ്പാക്കുന്നു. ഇങ്ങനെയെല്ലാം സംഭവിക്കുന്നതിനെ ന്യായീകരിക്കുകയാണു രാജ്യം ഭരിക്കുന്ന കക്ഷിയുടെ നേതാക്കള്‍. കൊലപാതകം ഒരു അപകടമാണെന്നു പലതവണ പറയാന്‍ ഒരു കേന്ദ്രമന്ത്രി മടിച്ചില്ല. കൊലപാതകത്തെ ന്യായീകരിക്കുന്നമട്ടില്‍ ഭരണകക്ഷിയിലെ നിരവധിപേര്‍ സംസാരിച്ചപ്പോള്‍ അവരെ വിലക്കാന്‍ ആരുമുണ്ടായില്ല. കൊലപാതകികള്‍ ഉന്നയിച്ച ഗോഹത്യ വിഷയം രാജ്യത്തു പലേടത്തും വലിയ തര്‍ക്കവിഷയമാക്കുന്നതില്‍ അക്കൂട്ടര്‍ വിജയിക്കുകയും ചെയ്തു. കേരളത്തിലെ കലാലയങ്ങളില്‍പോലും അത്തരക്കാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.

ദാദ്രിയിലെ കൊലപാതകവും അനന്തരസംഭവങ്ങളും രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളില്‍ വലിയ ആശങ്ക ജനിപ്പിച്ചു. എന്തു തിന്നാം, എന്തു തിന്നാന്‍ പാടില്ല എന്നൊക്കെ ആള്‍ക്കൂട്ടം തീരുമാനിക്കുന്ന നില വരുന്നതു സ്വാഭാവികമായും ആശങ്ക വളര്‍ത്തുമല്ലോ. ഭൂരിപക്ഷത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എല്ലാവരും പാലിക്കണം എന്നു പറയുന്നതു ഫാസിസമാണ്; മനുഷ്യാവകാശ നിഷേധമാണ്. ഇന്നു ഭക്ഷണമാണെങ്കില്‍ നാളെ വസ്ത്രമാകാം, മറ്റന്നാള്‍ വിശ്വാസമാകാം അടിച്ചേല്‍പ്പിക്കുന്നത്.


ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെപ്പറ്റിയുള്ള ചിത്രം മാറ്റിയെടുക്കാന്‍ ഏറെ പണിപ്പെടുന്നയാളാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയായി മാറ്റാന്‍ അദ്ദേഹം ഉത്സാഹിക്കുന്നു. ഇന്ത്യ ലോകത്തിന്റെ ചാലകശക്തിയായി മാറണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഇങ്ങനെയൊക്കെ ആകണമെങ്കില്‍ വ്യക്തിസ്വാതന്ത്യ്രവും മനുഷ്യാവകാശങ്ങളുമൊക്കെ പാലിക്കുന്ന രാജ്യംകൂടിയാകണം ഇന്ത്യ. വികസനത്തിന്റെ അനിവാര്യസഹയാത്രികനാണു സ്വാതന്ത്യ്രം. മനുഷ്യാവകാശങ്ങളും വ്യക്തിസ്വാതന്ത്യ്രവും ചവിട്ടിമെതിച്ചുകൊണ്ടു വളര്‍ച്ച സാധിക്കുകയില്ല. ചരിത്രം നല്കുന്ന പാഠം അതാണ്. ഏറ്റവുമധികം മതസ്വാതന്ത്യ്രവും അഭിപ്രായസ്വാതന്ത്യ്രവും അനുവദിക്കുകയും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന രാജ്യങ്ങളാണു വലിയ സാമ്പത്തിക വളര്‍ച്ചയും നേടുന്നത്.

അതു മനസിലാക്കിക്കൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാജധര്‍മം നിറവേറ്റേണ്ടിയിരിക്കുന്നു. അതിന്റെ ഓര്‍മപ്പെടുത്തലാണു രാഷ്ട്രപതി തന്റെ അവസരോചിതമായ ലഘുപ്രസംഗത്തിലൂടെ നടത്തിയത്. രാഷ്ട്രപതിയുടെ സമുന്നതപദവിയെ ഒരിക്കല്‍ക്കൂടി തിളക്കമുളളതാക്കുകയാണു പ്രണാബ് മുഖര്‍ജി ഇതിലൂടെ ചെയ്തിരിക്കുന്നത്. ഒപ്പം രാജ്യത്തെ കോടിക്കണക്കായ ന്യൂനപക്ഷസമുദായാംഗങ്ങള്‍ക്ക് പ്രത്യാശയുടെ വെള്ളിവെളിച്ചവും നല്കുന്നു. നമ്മുടെ മഹത്തായ രാജ്യം സഹസ്രാബ്ദങ്ങളായി പിന്തുടരുന്നതും പരിപാലിക്കുന്നതും ഉയര്‍ത്തിപ്പിടിക്കുന്നതുമായ മൂല്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ ഇവിടെ ആള്‍ക്കാര്‍ ഉണ്ട് എന്നത് ആശ്വാസജനകമായ കാര്യമാണ്. സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും ചൈതന്യം ഇപ്പോഴും ഇവിടെ ശക്തമാണ്; നാനാത്വത്തിലെ ഏകത്വം ഇവിടെ ഇപ്പോഴും കരുത്തുറ്റ സന്ദേശമാണ് എന്നൊക്കെയാണു രാഷ്ട്രപതിയുടെ സൌമ്യവും ഒപ്പം കര്‍ക്കശവുമായ ഓര്‍മപ്പെടുത്തല്‍ ജനസാമാന്യത്തോടു പറയുന്നത്. അതു പ്രധാനമന്ത്രി അടക്കമുള്ളവര്‍ ചെവിക്കൊള്ളും എന്നു രാജ്യം മുഴുവനും പ്രതീക്ഷിക്കുന്നുണ്ട്. ദാദ്രിസംഭവത്തെപ്പറ്റി താന്‍ പുലര്‍ത്തിയ മൌനം രാഷ്ട്രപതിയുടെ പ്രസംഗത്തിനു പിറ്റേന്നു പ്രധാനമന്ത്രി വെടിഞ്ഞതു നല്ല തുടക്കമാണ്. ഇനി രാഷ്ട്രപതി പറഞ്ഞ കാര്യം അതിന്റെ ചൈതന്യത്തോടെ നടപ്പാക്കാന്‍ അദ്ദേഹം നേതൃത്വം നല്കണം. അപ്പോഴേ പ്രധാനമന്ത്രി രാജധര്‍മം നിര്‍വഹിച്ചു എന്നു പറയാനാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.