വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ അക്രമപ്രവണത അവസാനിപ്പിക്കണം: ഉമ്മന്‍ ചാണ്ടി
വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ അക്രമപ്രവണത അവസാനിപ്പിക്കണം: ഉമ്മന്‍ ചാണ്ടി
Tuesday, October 6, 2015 12:41 AM IST
തിരുവനന്തപുരം: അക്രമവാസന ഉപേക്ഷിച്ചാല്‍ വിദ്യാര്‍ഥിപ്രസ്ഥാനങ്ങളെ ജനങ്ങള്‍ അംഗീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെഎസ്യുവിന്റെ സംസ്ഥാന നേതൃത്വ ക്യാമ്പില്‍ പങ്കെടുത്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലങ്ങളില്‍നിന്നു വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെയാണ് വിദ്യാര്‍ഥിരാഷ്ട്രീയം കടന്നുപോകുന്നത്. നല്ലൊരു ശതമാനം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളോട് അനുകൂലമായ മനോഭാവമല്ല. അക്രമരാഷ്ട്രീയമാണ് ഇതിനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐയും എബിവിപിയും അക്രമരാഷ്ട്രീയത്തിന്റെ പാതയിലൂടെയാണു നീങ്ങുന്നത്. ജനാധിപത്യശൈലി വിട്ട് എങ്ങനെയും ജയിക്കണം എന്ന ചിന്ത മാത്രമാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ക്കുള്ളത്. വര്‍ഗീയവിഷം കുത്തിവച്ചു വിഭാഗീയത സൃഷ്ടിച്ചു രാജ്യത്തെ വരുതിക്കു നിര്‍ത്താനുള്ള ബിജെപിയുടെ നീക്കത്തിനു തടയിടാന്‍ ആശയങ്ങളും ആദര്‍ശങ്ങളും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ ആപത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കലാലയങ്ങളില്‍ വര്‍ഗീയ ഫാസിസ്റ് ശക്തികള്‍ പിടിമുറുക്കുന്നു. ഇതിനെതിരേ രാഷ്ട്രീയഭേദമില്ലാതെ വിദ്യാര്‍ഥിസംഘടനകള്‍ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ. രോഹിത്, മന്ത്രി കെ.സി. ജോസഫ്, കെ.സി. വേണുഗോപാല്‍ എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.