പഞ്ചായത്ത് പടയൊരുക്കം പാര്‍ട്ടികള്‍ക്കു പണിയായേക്കും
Monday, October 5, 2015 1:04 AM IST
മൂന്നാര്‍: മൂന്നാര്‍ സമരം അനിശ്ചിതമായി നീളുകയാണെങ്കില്‍ മൂന്നാറിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മുന്നൊരുക്കം അവതാളത്തിലാക്കിയേക്കും. മൂന്നാറിലെ രാഷ്ട്രീയ പാര്‍ട്ടികളും അണികളും നേതാക്കളുമെല്ലാം ഇപ്പോള്‍ മൂന്നാര്‍ സമരത്തിന്റെ പിന്നിലാണ്. തെരഞ്ഞെടുപ്പ് അറിയിപ്പ് വന്നതോടെ ഇനി 27 ദിനങ്ങള്‍ മാത്രമാണു പാര്‍ട്ടികള്‍ക്കു മുന്നിലുള്ളത്. പൊമ്പിളൈ ഒരുമൈയുടെ മുന്നില്‍ ഇപ്പോള്‍ നടക്കുന്ന സമരം പാര്‍ട്ടികളുടെയും നേതാക്കളുടെയും അഭിമാന പ്രശ്നമായതോടെ ഈ സമരം പാര്‍ട്ടികള്‍ക്കു കീറാമുട്ടിയായേക്കും.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനു പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിനു പിടിപ്പതു പണിയാണുള്ളത്. എന്നാല്‍, ഈ ദിവസങ്ങളിലെല്ലാം നേതാക്കളും അണികളുമെല്ലാം മുഴുവന്‍ സമയത്തും സമരവേദിയിലുണ്ടാകുവാന്‍ ശ്രമിച്ചിരുന്നു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന പ്രസ്താവന മറ്റൊരു വെല്ലുവിളിയാണ്.


പതിനായിരത്തോളം വരുന്ന തൊഴിലാളികളുടെ തീരുമാനം പാര്‍ട്ടികളുടെ വിജയത്തെ നിര്‍ണയിക്കും. മാത്രവുമല്ല സമരം നടത്തുന്ന എല്ലാവരുംതന്നെ വിവിധ രാഷ്ട്രീയ കക്ഷികളിലും യൂണിയനുകളിലുള്ളവരുമാണ്. ബാക്കിയുള്ള ദിനങ്ങള്‍ കൈയും മെയ്യും മറന്നു പ്രവര്‍ത്തിക്കുകയും പോരടിക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ സമരം നീളുകയാണെങ്കില്‍ ട്രേഡ് യൂണിയനുകള്‍ എന്തു നിലപാടെടുക്കും എന്നതാണ് പ്രസക്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.