കര്‍ഷകരെ അവഗണിക്കുന്നതിനെതിരേ കത്തോലിക്കാ കോണ്‍ഗ്രസ്
കര്‍ഷകരെ അവഗണിക്കുന്നതിനെതിരേ കത്തോലിക്കാ കോണ്‍ഗ്രസ്
Monday, October 5, 2015 12:59 AM IST
കോഴിക്കോട്: കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും റബര്‍, നാളികേരം, നെല്ല് എന്നിവയടക്കമുള്ള കാര്‍ഷികോത്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പുവരുത്തുന്നതിലും കുറ്റകരമായ അനാസ്ഥ കാണിക്കുന്ന സര്‍ക്കാര്‍ കനത്തവില നല്കേണ്ടിവരുമെന്നു കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രകമ്മിറ്റി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം ഇഎസ്എ പ്രദേശങ്ങള്‍ സംബന്ധിച്ചു പശ്ചിമഘട്ടമേഖലയിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിലും ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലും അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ യോഗം പ്രതിഷേധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുപോലും പ്രഖ്യാപനങ്ങള്‍ മാത്രം തുടരുന്നതു കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നു യോഗം വിലയിരുത്തി.

താമരശേരി ബിഷപ്പും കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലഗേറ്റുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ യോഗം ഉദ്ഘാടനംചെയ്തു. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് മൂലവും വന്യജീവി ആക്രമണങ്ങളാലും പ്രതിസന്ധി അനുഭവിക്കുന്ന കര്‍ഷകരുടെയും ദീര്‍ഘകാലമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെയും പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടു പ്രതിഷേധാര്‍ഹമാണെന്നു ബിഷപ് പറഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിനു കത്തോലിക്ക കോണ്‍ഗ്രസ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ ഇല്ലായ്മചെയ്യാന്‍ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടും കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു.


കേന്ദ്രക്കമ്മിറ്റി പ്രസിഡന്റ് വി.വി.അഗസ്റിന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ.ജേക്കബ് പാലക്കപ്പിള്ളി, ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയന്നിലം, പിഎംഒസി ഡയറക്ടര്‍ ഫാ.ജോണ്‍ ഒറവുങ്കര, ട്രഷറര്‍ ജോസുകുട്ടി ജോര്‍ജ്, സെക്രട്ടറി ബേബി പെരുമാലില്‍, കേന്ദ്രസമിതി ഭാരവാഹികളായ ഡേവിസ് പുത്തൂര്‍, ടോണി ജോസഫ്, സ്റീഫന്‍ ജോര്‍ജ്, സൈബി അക്കര, ഡേവിസ് തുളുവത്ത്, വിവിധ രൂപത ഭാരവാഹികളായ സെബാസ്റ്യന്‍ വടശേരി, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, രാജീവ് ജോസഫ്, കെ.ജെ.ആന്റണി, ക്യാപ്റ്റന്‍ ജോര്‍ജ് ജോസഫ്, ദേവസ്യ കൊങ്ങോല, ജോര്‍ജ് കോയിക്കല്‍, മോഹന്‍ ഐസക്, ജോസ് മേനാച്ചേരി, ജയിംസ് പെരുമാംകുന്നേല്‍, ജോളി ജോര്‍ജ്, ഫാ. ഷെറിന്‍ പുത്തന്‍ പുരയ്ക്കല്‍, ഫാ.ചാണ്ടി പുന്നക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. റബര്‍ കര്‍ഷകരേയും ടാപ്പിംഗ് തൊഴിലാളികളേയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ശമ്പളമില്ലാത്തതിന്റെ പേരില്‍ അധ്യാപകര്‍ നടത്തുന്ന സമരത്തിനു സര്‍ക്കാര്‍ പരിഹാരം കാണുക, വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരിക്കുന്ന നിലവാരത്തകര്‍ച്ചയ്ക്കു പരിഹാരം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ ഉന്നയിച്ചു. അധ്യാപകസമരത്തിനു യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.