പശ്ചിമഘട്ടം വീണ്ടും സമരച്ചൂടിലേക്ക്
പശ്ചിമഘട്ടം വീണ്ടും സമരച്ചൂടിലേക്ക്
Friday, September 4, 2015 11:59 PM IST
കെ.എസ്. ഫ്രാന്‍സിസ്

കട്ടപ്പന: പരിസ്ഥിതിലോല മേഖലകള്‍ പുനര്‍നിര്‍ണയിച്ചു നല്‍കിയതിലെ അശാസ്ത്രീയത കേരളത്തിനു വിനയായേക്കും. റിപ്പോര്‍ട്ടിലെ അവ്യക്തതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം കേരളത്തിനു നല്‍കിയ പത്തു കത്തുകളില്‍ ഒന്നിനുപോലും മറുപടി നല്‍കാതെ ഒട്ടും സുതാര്യതയില്ലാതെ അവസാനനിമിഷം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ടാണു കേരളത്തിനു വിനയായതെന്നാണ് ആക്ഷേപം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ 123 വില്ലേജുകള്‍ പരിസ്ഥിതിലോല വില്ലേജുകളാണ്. കേരളം ഏറ്റവും അവസാനമായി നല്‍കിയ റിപ്പോര്‍ട്ടില്‍ നാലു വില്ലേജുകളെ ഇഎസ്എയില്‍നിന്നും പൂര്‍ണമായി ഒഴിവാക്കി. ഇതിന് യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. ഇതു കേന്ദ്രത്തിന്റെ അതൃപ്തിക്കുള്ള ഒരു കാരണമാണ്.

പരിസ്ഥിതി സംരക്ഷണത്തിന് തുടര്‍ച്ച (കണ്ടിന്യൂറ്റി) പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍ച്ച സംരക്ഷിച്ചിട്ടില്ല. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി സംരക്ഷണത്തിനു വിഘാതമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഈ വീഴ്ചയാണ്. വനപ്രദേശത്തിനിടയില്‍ ജനങ്ങളുടെ അധിനിവേശം പരിസ്ഥിതിക്ക് ദോഷമായിട്ടുണ്െടന്നു പ്രഫ. ഗാഡ്ഗില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഉമ്മന്‍ വി. ഉമ്മന്‍ ചെയര്‍മാനായി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത് ആവര്‍ത്തിച്ചിരിക്കുകയാണ്.

ജനവാസ കേന്ദ്രങ്ങള്‍ക്കിടയില്‍ പുഴ, തോട്, റോഡ്, പാറക്കൂട്ടം എന്നിവ ഇഎസ്എയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു പരിസ്ഥിതിയുടെ കണ്ടിന്യൂറ്റി സംരക്ഷിക്കുന്നതിന് എതിരാണെന്നു കണ്െടത്തിയാണു കേന്ദ്രം കേരളത്തോടു വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ജനവാസ മേഖലകള്‍ക്കിടയില്‍ ഒറ്റപ്പെട്ട ഇഎസ്എ ഭാഗങ്ങള്‍ പരിസ്ഥിതി മന്ത്രാലയം അനുവദിക്കില്ല. ഇതു യുനസ്കോയും അംഗീകരിക്കുന്നതല്ല.

ഇക്കാരണങ്ങളാണു പ്രധാനമായും കേരളത്തിന്റെ റിപ്പോര്‍ട്ടിലെ ന്യൂനതയായി കേന്ദ്ര പരിസ്ഥിതി - വനം മന്ത്രാലയം ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നാണ് സൂചന. 18 മാസമായി ന്യൂനതകള്‍ സംബന്ധിച്ച കത്തുകള്‍ കേരളത്തിനു നല്‍കിയിട്ടും അനങ്ങാതിരുന്നത് തെറ്റുതിരുത്തുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുകയായിരുന്നു.


ഗാഡ്ഗില്‍ കമ്മിറ്റിയില്‍ കേരളത്തിന്റെ സ്ഥിതിവിവര ശേഖരണം നടത്തി നല്‍കിയത് അന്നത്തെ ബയോ ഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ. വി. വിജയനും അംഗമായിരുന്ന ഉമ്മന്‍ വി. ഉമ്മനും ചേര്‍ന്നാണ്. അതേ ഉമ്മന്‍ വി. ഉമ്മന്റെതന്നെ നേതൃത്വത്തിലാണ് പുതിയ റിപ്പോര്‍ട്ട് നല്‍കിയതും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ന്യായീകരിച്ചുള്ള റിപ്പോര്‍ട്ടായിരുന്നു അവസാനവും നല്‍കിയിരിക്കുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ ജനരോഷം ഉയര്‍ന്നപ്പോള്‍ ഡോ. കസ്തൂരിരംഗന്‍ ചെയര്‍മാനായി രൂപീകരിച്ച വര്‍ക്കിംഗ് ലെവല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരിസ്ഥിതി മേഖലയെ സോണ്‍ ഒന്ന്, രണ്ട്, മൂന്ന് എന്നു തിരിച്ചിട്ടില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍, കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍ സോണ്‍ തിരിവുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇത് ആസൂത്രിതമായി ഇടകലര്‍ത്തലാണെന്നാണ് ആക്ഷേപം.

ഏറെ വിവാദവിഷയമായതും ജനങ്ങളെ നേരിട്ടു ബാധിക്കുന്നതുമായ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്നുള്ള ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചതു റിപ്പോര്‍ട്ടിലെ ഗൂഢതന്ത്രങ്ങള്‍ മറച്ചുവയ്ക്കാനാണെന്ന സംശയവും ഇപ്പോള്‍ ബലപ്പെട്ടിരിക്കുകയാണ്.

ഇന്നു മുഖ്യമന്ത്രി കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയും കേരളത്തിനു പ്രയോജനമാകില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അഞ്ചുദിവസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനമുണ്ടായേക്കും. 93 ഇഎസ്എ വില്ലേജുകള്‍ ഉണ്ടായിരുന്ന ഗോവ നല്‍കിയ റിപ്പോര്‍ട്ടില്‍ 19 വില്ലേജുകള്‍ ഒഴിച്ചുള്ളവയെ പൂര്‍ണമായും ഇഎസ്എയില്‍നിന്നും ഒഴിവാക്കി വിശദീകരണം നല്‍കിയിട്ടുണ്െടന്നാണു പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള കത്തും കേരളം നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടും വെളിപ്പെടുത്താത്തത് ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.