റബര്‍ സഹായം: കംപ്യൂട്ടര്‍ സെര്‍വര്‍ നാലു ദിവസമായി പണിമുടക്കില്‍
Wednesday, September 2, 2015 11:17 PM IST
കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ രജിസ്ട്രേഷനും ബില്ല് അപ്ലോഡിംഗിനുമുള്ള കംപ്യൂട്ടര്‍ സെര്‍വര്‍ വീണ്ടും പണിമുടക്കി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചമുതല്‍ ഇന്നലെ വരെ അപ് ലോഡിംഗ് നടപടികള്‍ നടന്നില്ല. സഹായപദ്ധതി വെബ് സൈറ്റിലുണ്ടായ സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്നു സെര്‍വര്‍ ഡൌണ്‍ ചെയ്യുകയായിരുന്നുവെന്നു റബര്‍ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

ഇന്നോ നാളെയോ വിദഗ്ധരെത്തി സാങ്കേതിക പരിമിതി പരിഹരിക്കും. പദ്ധതി നിലവില്‍വന്നതിനുശേഷം ഇത് നാലാം തവണയാണ് സാങ്കേതിക ശേഷിക്കുറവ് എന്ന പേരില്‍ കംപ്യൂട്ടര്‍ സെര്‍വര്‍ തകരാറിലാകുന്നത്.

കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന പദ്ധതിയില്‍ ഇതോടകം 1773 പേര്‍ക്കായി 41.60 ലക്ഷം രൂപ ബാങ്ക് അക്കൌണ്ടുകളില്‍ നല്‍കിയിട്ടുണ്ട്. രജിസ്റര്‍ ചെയ്ത രണ്ടു ലക്ഷം കര്‍ഷകരില്‍ ആറായിരം പേര്‍ക്കു മാത്രമേ ബില്ല് അപ് ലോഡിംഗ് ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു.


ജൂലൈ 15 വരെ ഷീറ്റ് വിറ്റവരുടെ ബില്ലുകളാണു നിലവില്‍ പരിഗണിക്കുന്നത്. നാലായിരം പേര്‍ക്കുകൂടി ശനിയാഴ്ചയ്ക്കു മുമ്പു സഹായം നല്‍കാനാകുമെന്നു റബര്‍ ബോര്‍ഡ് വ്യക്തമാക്കി.

ആര്‍പിഎസുകളിലും അക്ഷയകേന്ദ്രങ്ങളിലും 1.75 ലക്ഷം അപേക്ഷകളാണു കംപ്യൂട്ടറില്‍ അയയ്ക്കാനായി കെട്ടിക്കിടക്കുന്നത്. കുറഞ്ഞത് ഒരു മാസമെങ്കിലും ഈ നടപടികള്‍ക്കു താമസമുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.