സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി തേടി ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ നാളെ സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിച്ചേക്കും
Monday, August 31, 2015 1:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ ശിപാര്‍ശ നാളെ സര്‍ക്കാരിനു സമര്‍പ്പിച്ചേക്കും. ഇന്നു ചേരുന്ന കൌണ്‍സില്‍ യോഗം ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കും.

സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതു സംബന്ധിച്ചു പഠനം നടത്തിയ ഡോ. സിറിയക് തോമസ് അധ്യക്ഷനായ സമിതി നടത്തിയ സാധ്യതാ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൌണ്‍സില്‍ സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിക്കുന്നത്. കഴിഞ്ഞ 24നാണു സമിതി ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമിതിയുടെ ശിപാര്‍ശകള്‍ ഇന്നു ചേരുന്ന കൌണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുകയും അന്തിമരൂപം നല്‍കുകയും ചെയ്യും. ഇതിനു ശേഷം കൌണ്‍സില്‍ ശിപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.

സര്‍വകലാശാലകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസമന്ത്രി എതിര്‍പ്പു പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പണമെന്നതു ശ്രദ്ധേയമാണ്. വ്യക്തിപരമായി താന്‍ സ്വകാര്യ സര്‍വകലാശാലയ്ക്ക് എതിരാണെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തേ പറഞ്ഞിരുന്നു.

സെനറ്റിനു പകരം കോര്‍ട്ട്, സിന്‍ഡിക്കറ്റിനു പകരം എക്സിക്യൂട്ടീവ് കൌണ്‍സില്‍, അക്കാദമിക് കൌണ്‍സില്‍ എന്നിങ്ങനെയാണ് സ്വകാര്യ സര്‍വകലാശാലകളുടെ ഘടന. ഗവര്‍ണര്‍ വിസിറ്ററാണ്.

അക്കാദമിക രംഗത്ത് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പാരമ്പര്യമുള്ള ഏജന്‍സികള്‍ക്ക് സ്വകാര്യ സര്‍വകലാശാലയ്ക്കായി അപേക്ഷ നല്‍കാന്‍ കഴിയും. അനുമതി കിട്ടുന്ന ഏജന്‍സികള്‍ക്കു ചാന്‍സലറെ നിശ്ചയിക്കാം. പക്ഷേ, ഇതു യുജിസിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം. സിലബസും ഫീസുമെല്ലാം സ്വകാര്യ സര്‍വകലാശാലകള്‍ക്കു തീരുമാനിക്കാം. കോര്‍ട്ടിലേക്കും എക്സിക്യൂട്ടീവ് കൌണ്‍സിലിലേക്കും രണ്ടു പ്രതിനിധികളെയും അക്കാദമിക് കൌണ്‍സിലിലേക്ക് ഒരാളെയും ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന് നാമനിര്‍ദേശം ചെയ്യാം. സര്‍വകലാശാലയിലെ ഒരു ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു നല്‍കണമെന്നും മെരിറ്റ് അടിസ്ഥാനത്തില്‍ സംവരണ തത്ത്വങ്ങള്‍ പാലിച്ച് ഈ സീറ്റുകളില്‍ സര്‍ക്കാരിനു പ്രവേശനം നടത്താമെന്നുമുള്ള ശിപാര്‍ശകളാണു വിദഗ്ധസമിതി ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിനു സമര്‍പ്പിച്ചിട്ടുള്ളത്.


വിദഗ്ധസമിതി സമര്‍പ്പിച്ച ശിപാര്‍ശകളില്‍ മാറ്റം വരുത്താന്‍ ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന് അധികാരമുണ്െടങ്കിലും കാര്യമായ മാറ്റം വരുത്താതെ റിപ്പോര്‍ട്ട് അംഗീകരിക്കാനാണു സാധ്യത.

അതേസമയം, എസ്എഫ്ഐയും കെഎസ്യുവും അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ സ്വകാര്യ സര്‍വകലാശാലയ്ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ സെപ്റ്റംബര്‍ രണ്ടിനു വിദേശ സന്ദര്‍ശനത്തിനായി പോകുന്നതു കണക്കിലെടുത്ത് നാളെത്തന്നെ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കാനാണു സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.