മഹാഗണി മരം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്നു
Friday, August 28, 2015 1:03 AM IST
കെ.പി. രാജീവന്‍

തളിപ്പറമ്പ്: മഹാഗണി മരം പ്രമേഹം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്കു മികച്ച ഔഷധമാണെന്നു കണ്െടത്തിയതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഹാഗണി മരങ്ങളുള്ള കേരളത്തില്‍ നിലവിലുള്ളവ സംരക്ഷിക്കാനും കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇവയുടെ കൃഷി വ്യാപിപ്പിക്കാനും ശ്രമങ്ങള്‍ ആരംഭിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴില്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ് ജനറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിംഗ്-ഐഎഫ്ജിടിബി- എന്ന സ്ഥാപനമാണ് ഇതിനു ശ്രമം തുടങ്ങിയത്.

ഇതിന്റെ ഭാഗമായി പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റിഗേറ്റര്‍ ഡോ. എം.വി. ദുരൈയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അടുത്തമാസം ആദ്യത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ പ്ളാന്റേഷനുകള്‍ സന്ദര്‍ശിക്കും. നിലമ്പൂര്‍, പുനലൂര്‍, അച്ചന്‍കോവില്‍, മലയാറ്റൂര്‍ എന്നിവിടങ്ങളിലെ പ്ളാന്റേഷനുകള്‍ സംഘം പരിശോധിച്ചുകഴിഞ്ഞു.

ലോകത്തില്‍ പൊതുവേ മരത്തിന്റെ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗപ്പെടുത്തുന്ന മഹാഗണി 1795ലാണ് കോല്‍ക്കത്ത ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ എത്തിയത്. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ പച്ചമല, മയ്യമപ്പാടി എന്നിവിടങ്ങളിലും 200 വര്‍ഷത്തോളം പഴക്കമുള്ള തോട്ടങ്ങള്‍ നിലവിലുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും തടി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മഹാഗണി 1886ലാണ് ബ്രിട്ടീഷുകാര്‍ കണ്ണവം വനപ്രദേശത്ത് നട്ടുപിടിപ്പിച്ചത്. കേരളത്തിലെ പ്രധാനപ്പെട്ട മഹാഗണി പ്ളാന്റേഷനുകളില്‍ ഒന്നാണിത്. നെടുംപൊയില്‍, അഞ്ചരക്കണ്ടി എന്നിവിടങ്ങളിലും സമാന രീതിയിലുള്ള തോട്ടങ്ങളുണ്ട്. നിലവില്‍ കേരളത്തിലും തമിഴ്നാട്ടിലും രണ്ടിനങ്ങളില്‍പ്പെട്ട മഹാഗണി മരങ്ങളാണുള്ളത്. ഇവയുടെ വിത്ത്, കായ്, തോലില്‍നിന്നുള്ള നീര് എന്നിവ ഔഷധ ഗുണങ്ങളുള്ളവയാണെന്നു കണ്െടത്തിയിട്ടുണ്ടന്നു ഡോ. ദുരൈ പറഞ്ഞു.


ആമസോണ്‍ മേഖലയിലെ ആദിവാസികള്‍ക്കിടയില്‍ മഹാഗണി വിത്തില്‍നിന്നു തയാറാക്കുന്ന മരുന്നുകള്‍ ഏറെ പ്രയോജനപ്രദമാണെന്നു ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.