അവയവങ്ങള്‍ ദാനംചെയ്ത് കുഞ്ഞുമാലാഖ പറന്നകന്നു
അവയവങ്ങള്‍ ദാനംചെയ്ത് കുഞ്ഞുമാലാഖ പറന്നകന്നു
Monday, August 3, 2015 12:02 AM IST
ഡി. ദിലീപ്

തിരുവനന്തപുരം: പ്രാണനായിരുന്നു മകള്‍. കുഞ്ഞുകണ്ണുകളില്‍ ഉറക്കമെത്തും വരെ അച്ഛനെയുറക്കാതെ കള്ളച്ചിരിയുമായി പാതിരകളെ പകലാക്കിയവള്‍. ആ മകള്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു പോവുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ അജിത്തിനു മുന്നില്‍ ലോകം നിശ്ചലമാവുകയായിരുന്നു.

തലച്ചോറിലെ ട്യൂമറിന്റെ രൂപത്തിലെത്തിയ മരണം മൂന്നുവയസുകാരിയായ മകള്‍ അഞ്ജനയോടു കനിവു കാട്ടിയില്ല. പക്ഷേ കനിവിന്റെ ഉറവയായി അവള്‍ ഇനിയും കാലങ്ങളോളം ജീവിക്കണമെന്ന് ആ അച്ഛന്‍ ആശിച്ചു. അഞ്ജനയുടെ കുഞ്ഞു കരളും ഇരുവൃക്കകളും നേത്രപടലങ്ങളും ദാനം ചെയ്യാന്‍ അജിത്തും ഭാര്യ ദിവ്യയും തീരുമാനിച്ചു. കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവായി മാറിയ അഞ്ജന ലോകത്തിന്റെ സ്നേഹനക്ഷത്രമായി.

ഛര്‍ദിയും തലചുറ്റലും ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണു കരകുളം ഏണിക്കര നിലവൂര്‍തട്ടം ചോതി ഭവനില്‍ അജിത്തിന്റെ മകളായ അഞ്ജനയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ബ്രെയിന്‍ ട്യൂമര്‍ കണ്െടത്തിയത്. കുട്ടിയുടെ ജീവന്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും മരുന്നുകളോടു പ്രതികരിക്കാത്തത് ഡോക്ടര്‍മാരില്‍ ആശങ്കയുളവാക്കി. നില അതീവഗുരുതരമായി തുടര്‍ന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഡോക്ടര്‍മാര്‍ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.

അഞ്ജന പോയാലും മറ്റൊരാളിലൂടെ അവളുടെ നന്മ ലോകത്തുണ്ടാകണമെന്ന മാതാപിതാക്കളുടെ ഉറച്ച തീരുമാനം പുതുജീവനേകിയതു ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വെള്ളറട സ്വദേശി അഞ്ചുവയസുകാരന്‍ അനിന്‍ രാജിനാണ്. അവയവം ആവശ്യമുള്ള കുട്ടികളെ കണ്െടത്താനായി അവയവ കൈമാറ്റചുമതലയുള്ള മൃതസഞ്ജീവനിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനിന്‍ രാജിനെ കണ്െടത്തിയത്. വെള്ളറട കിള്ളിയൂര്‍ സ്വദേശി എ.കെ. അനിയന്റെ മകനായ അനിന്‍ രാജിന്റെ കരളും ഇരുവൃക്കകളും തകരാറിലാണ്. രണ്ട് അവയവങ്ങളും ഒരാളില്‍ നിന്ന് ലഭിക്കുന്നതോടെ കുട്ടിയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാം എന്ന പ്രതീക്ഷയും ഡോക്ടര്‍മാര്‍ പങ്കുവച്ചു.


തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ അഞ്ജനയുടെ കുഞ്ഞ് ശരീരത്തില്‍നിന്ന് അവയവങ്ങള്‍ മാറ്റാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. കിംസിലെ ഡോ. വോണുഗോപാലിന്റെയും സബീര്‍ അലിയുടേയും നൃേത്വത്തിലുള്ള സംഘം എസ്എടി ആശുപത്രിയിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പം എസ്എടിയിലെ ഡോക്ടര്‍മാരായ ശങ്കര്‍, ഷീജ, അജയകുമാര്‍ എന്നിവരും ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കി.രാവിലെ ആറോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തുടര്‍ന്നു ഡോക്ടര്‍മാരുടെ സംഘം കരളും വൃക്കയും കിംസ് ആശുപത്രിയിലെത്തിച്ചു. പുലര്‍ച്ചെ റോഡില്‍ വാഹനത്തിരക്കില്ലായിരുന്നെങ്കിലും പോലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

രാവിലെ എട്ടിന് അഞ്ജനയുടെ കരളും വൃക്കകളും അനിന്‍രാജിലേക്കു തുന്നിച്ചേര്‍ക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. രാത്രി ഏഴുമണിയോടെയാണ് ഇരുശസ്ത്രക്രിയകളും പൂര്‍ത്തിയായത്. കരള്‍ മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് ആദ്യം നടത്തിയത്. ഉച്ചയ്ക്ക് 12 ഓടെയാണ് ഇതവസാനിച്ചത്. ഇതിനുശേഷം ഉച്ചകഴിഞ്ഞാണ് വൃക്കകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. അഞ്ജനയുടെ നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിക്കു കൈമാറി. രാവിലെ തന്നെ കരകുളം ഏണിക്കരയിലെ വീട്ടിലെത്തിച്ച അഞ്ജനയുടെ മൃതദേഹം പത്തരയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

എസ്എപി കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥിയായ അരുണ്‍, അഞ്ജനയുടെ സഹോദരനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.