ജഡ്ജിമാര്‍ അധികാരപരിധി ലംഘിക്കുന്നു: എം.വി.എസ്. നമ്പൂതിരി
Monday, August 3, 2015 12:21 AM IST
കണ്ണൂര്‍: ചില ഹൈക്കോടതി ജഡ്ജിമാര്‍ ഭരണഘടന അനുശാസിക്കുന്ന അധികാര പരിധി ലംഘിച്ചു ജുഡീഷല്‍ ആക്ടിവിസം പ്രകടിപ്പിക്കുകയാണെന്നു ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.വി.എസ്. നമ്പൂതിരി.

ലോയേഴ്സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സമ്മേളനം പയ്യാമ്പലം പാംഗ്രൂവ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സംവിധാനമായ അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതു നിയമവ്യവസ്ഥയ്ക്ക് എതിരാണ്. ജഡ്ജിമാരുടെ ഇത്തരം നിലപാടുകള്‍ ജുഡീഷറിയെക്കുറിച്ചു ജനങ്ങള്‍ക്കു തെറ്റായ സന്ദേശമാണു നല്‍കുകയെന്നും എം.വി.എസ്. പറഞ്ഞു.


ജില്ലാ പ്രസിഡന്റ് അഡ്വ.ഡി.കെ. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.സണ്ണിജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍, അഡ്വ.ടി.ഒ. മോഹനന്‍, അഡ്വ.വി.ഷാഹുല്‍ ഹമീദ്, അഡ്വ.റഷീദ് കവ്വായി, അഡ്വ. തങ്കച്ചന്‍ മാത്യു, അഡ്വ.സി.കെ. രത്നാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

അഡ്വക്കറ്റ് വെല്‍ഫയര്‍ ഫണ്ട് 20 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.