മോണ്‍. വര്‍ഗീസ് കവലക്കാട്ട്: മാതൃകയാക്കേണ്ട അജപാലകന്‍
മോണ്‍. വര്‍ഗീസ് കവലക്കാട്ട്: മാതൃകയാക്കേണ്ട അജപാലകന്‍
Sunday, August 2, 2015 1:07 AM IST
കൊച്ചി: നമ്മെ സമീപിക്കുന്ന എല്ലാവരിലേക്കും മഹത്തായ സന്തോഷം പകരുക. കേരള കത്തോലിക്കാസഭയുടെ പൌരോഹിത്യ പരിശീലനത്തിന്റെ പുരാതന തറവാടായ മംഗലപ്പുഴ സെമിനാരിയുടെ പ്രഥമ തദ്ദേശീയ റെക്ടറായി സേവനം ചെയ്തശേഷം 1978 ഫെബ്രുവരി 18നു പടിയിറങ്ങുമ്പോള്‍, മോണ്‍. വര്‍ഗീസ് കവലക്കാട്ട് സെമിനാരിയിലുള്ളവരോടു പങ്കുവച്ച സന്ദേശമാണിത്. മോണ്‍. കവലക്കാട്ടിന്റെ ജീവിതം അക്ഷരാര്‍ഥത്തില്‍ അപരര്‍ക്ക് അറിവും സന്തോഷവും നന്മയും പകരുന്നതായിരുന്നു. ആഴമായ വിശ്വാസവും ആരോടും പകയില്ലാതെ പരസ്നേഹവും ഏതു സാഹചര്യത്തിലും പ്രത്യാശയോടെയുള്ള നിലപാടും സ്വന്തമായിരുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം ഓരോ വിശ്വാസിക്കും മാതൃകയാണ്.

വിദേശത്തുനിന്നുള്ള വൈദികര്‍ റെക്ടര്‍മാരായി ചുമതല വഹിച്ചിരുന്ന മംഗലപ്പുഴ സെമിനാരിയുടെ, ചരിത്രത്തിനു തിരുത്തു രേഖപ്പെടുത്തിയ വൈദികനായിരുന്നു മോണ്‍. കവലക്കാട്ട്. ഒസിഡി സഭാംഗമായിരുന്ന വിദേശത്തുനിന്നുള്ള ഫാ. ഡൊമിനിക്കിനു ശേഷമാണു സെമിനാരി ഭരണച്ചുമതല കേരളസഭ ഏറ്റെടുക്കുന്നത്. കര്‍മലീത്താസഭ 1976ല്‍ സെമിനാരിയുടെ ഭരണ നിര്‍വഹണ ചുമതല കേരള കത്തോലിക്കാ മെത്രാന്‍സമിതിയെ ഏല്‍പ്പിക്കുമ്പോള്‍, റെക്ടറാരെന്ന ചോദ്യത്തിനു മോണ്‍. വര്‍ഗീസ് കവലക്കാട്ട് എന്ന ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ.

സെമിനാരി മംഗലപ്പുഴയിലേക്കു മാറ്റി സ്ഥാപിച്ച 1932 മുതല്‍ അതിന്റെ ഭാഗമാണ് മോണ്‍. കവലക്കാട്ട്. അന്നവിടെ വിദ്യാര്‍ഥിയായിരുന്നു. 1939ല്‍ എറണാകുളം അതിരൂപതയ്ക്കുവേണ്ടി വൈദികനായി. ആരക്കുഴ, ചുണങ്ങംവേലി, അങ്കമാലി, എറണാകുളം സെന്റ് മേരീസ് ബസിലിക്ക എന്നിവിടങ്ങളില്‍ അജപാലന ശുശ്രൂഷ ചെയ്തു.

സഭാസേവനത്തിലെ അനന്യത കണക്കിലെടുത്ത് 1963ല്‍ സഭ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തി. 1951-1964 കാലഘട്ടത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുടെ ഡയറക്ടറായി സേവനം ചെയ്തു. 1965ല്‍ എറണാകുളം അതിരൂപതയുടെ പ്രോ വികാരി ജനറാളായി. 1967ല്‍ മംഗലപ്പുഴ സെമിനാരിയില്‍ പാസ്ററല്‍ തിയോളജി പ്രഫസറായി. പൌരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം 1969ല്‍ മോണ്‍. കവലക്കാട്ടിനെ സെമിനാരിയുടെ പ്രോ റെക്ടറായി നിയമിച്ചു.


സെമിനാരി പരിശീലനത്തെക്കുറിച്ചു മോണ്‍. കവലക്കാട്ടിന്റെ ദര്‍ശനങ്ങളും നിലപാടുകളും ദീര്‍ഘദര്‍ശനമുള്ളതായിരുന്നുവെന്നു ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ നിരീക്ഷിക്കുന്നു. പ്രാദേശികസഭകളുടെ ഹൃദയമാണു സെമിനാരിയെന്ന് അദ്ദേഹം പറഞ്ഞുവച്ചു. ഏതൊരു മെത്രാന്റെയും ഏറ്റവും മഹത്തായ ചുമതല ഭാവിവൈദികരുടെ രൂപീകരണമാണ്. ഇതിനു കാര്യപ്രാപ്തിയുള്ള മാതൃകാവൈദികാധ്യാപകരെ ആവശ്യമാണെന്നും മോണ്‍. കവലക്കാട്ട് ഓര്‍മിപ്പിച്ചിരുന്നു. കുറച്ചു കാലത്തേക്കെങ്കിലും സഹപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്നേഹോഷ്മളമായ സൌഹൃദവും പിതൃതുല്യമായ പ്രോത്സാഹനവും അനുവദിക്കാന്‍ തനിക്കു അവസരമുണ്ടായതു വലിയ ദൈവാനുഗ്രഹമായി കാണുന്നുവെന്നും മാര്‍ പുത്തൂര്‍ അനുസ്മരിക്കുന്നു.

അനുഭവസമ്പന്നനായ അജപാലകന്‍ എന്ന നിലയില്‍ മോണ്‍. കവലക്കാട്ട് പിതൃതുല്യമായ സ്നേഹത്തോടെ വൈദികാര്‍ഥികളെ പരിശീലിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തുവെന്നു ശിഷ്യഗണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റുള്ളവരെ പഠിപ്പിക്കുന്ന ലാളിത്യത്തിന്റെ വിശുദ്ധി സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.