കത്തോലിക്കാ കോണ്‍ഗ്രസിന്റെ മോചനയാത്രയ്ക്കു പ്രൌഢഗംഭീര തുടക്കം
കത്തോലിക്കാ കോണ്‍ഗ്രസിന്റെ മോചനയാത്രയ്ക്കു പ്രൌഢഗംഭീര തുടക്കം
Sunday, August 2, 2015 11:27 PM IST
തിരുവനന്തപുരം/ബന്തടുക്ക(കാസര്‍ഗോഡ്): വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മോചനയാത്ര തിരുവനന്തപുരത്തുനിന്നും കാസര്‍ഗോട്ടു നിന്നും തുടങ്ങി. പ്രസിഡന്റ് വി.വി. അഗസ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തെക്കന്‍ മേഖലാ യാത്ര കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലും, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം നേതൃത്വം നല്‍കുന്ന വടക്കന്‍ മേഖലാ യാത്ര തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടും ഉദ്ഘാടനം ചെയ്തു.

കത്തോലിക്കാ കോണ്‍ഗ്രസ് ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കു മാന്യമായ പരിഗണന നല്‍കിയില്ലെങ്കില്‍ പ്രതികരണമുണ്ടാകുമെന്നു തിരുവനന്തപുരം ലൂര്‍ദ് പള്ളി അങ്കണത്തില്‍ മോചനയാത്ര ഉദ്ഘാടനം ചെയ്തു മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനും കര്‍ഷക അവഗണനയ്ക്കെതിരേയും ലോകമെമ്പാടും വര്‍ധിച്ചുവരുന്ന മതപീഡനങ്ങള്‍ക്കും എതിരേയുമാണ് ചരിത്രപ്രധാനമായ മോചനയാത്ര ആരംഭിച്ചത്. നിവൃത്തികേടുകൊണ്ടാണ് മോചനയാത്ര നടത്തുന്നത്. വിലയിടിവുമൂലം കര്‍ഷകരുടെ പ്രതീക്ഷ കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കിലോയ്ക്കു 150 രൂപ താങ്ങുവില നിശ്ചയിച്ച് 300 കോടി രൂപ ചെലവഴിച്ച് റബര്‍ സംഭരിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ മറവില്‍ ഭൂനികുതി വീണ്ടും വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.വി. അഗസ്റിന് പതാക കൈമാറി.

ചടങ്ങില്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ലൂര്‍ദ് പള്ളി അസോസിയേറ്റ് വികാരി ഫാ. ജോര്‍ജ് മാന്തുരുത്തി, കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ സൈബി അക്കര, ജോസുകുട്ടി മാടപ്പിള്ളി, സാജു അലക്സ്, സ്റീഫന്‍ ജോര്‍ജ്, വിവിധ രൂപതാ പ്രസിഡന്റുമാരായ സെബാസ്റ്യന്‍ വടശേരി, ജോയി മുപ്രാപള്ളില്‍, ഐപ്പച്ചന്‍ തടിക്കാട്ട്, കെ.സി. ജോര്‍ജ്, ജോമി ഡൊമനിക്, രാജീവ് ജോസഫ്, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ജോസ് മുക്കം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്നു രാവിലെ 9.15ന് ആലപ്പുഴ മാര്‍ സ്ളീവാ ഫെറോനാ പള്ളിയില്‍ നിന്നാരംഭിക്കുന്ന മോചനയാത്ര ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാമങ്കരിയിലെ വിവിധ പള്ളികളിലെ സ്വീകരണം ഏറ്റുവാങ്ങും. വൈകുന്നേരം 5.30ന് ചങ്ങനാശേരിയില്‍ സമാപന സ്വീകരണ സമ്മേളനം നടക്കും.


കര്‍ഷകരക്ഷയ്ക്കായി കടുത്ത സമരമുറകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്നു വടക്കന്‍ മേഖലാ യാത്ര കാസര്‍ഗോഡ് ബന്തടുക്കയില്‍ ഉദ്ഘാടനം ചെയ്തു മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. ജനകീയ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടിയുള്ള മോചനയാത്ര കത്തോലിക്കാ കോണ്‍ഗ്രസ് കടുത്ത സമരമുറകള്‍ സ്വീകരിക്കുന്നതിന്റെ മുന്നറിയിപ്പാണ്. കാര്‍ഷികപ്രശ്നങ്ങളോടു ഭരണകൂടങ്ങള്‍ അവലംബിക്കുന്ന കടുത്ത അവഗണനകള്‍ക്കു പരിഹാരം കാണാന്‍ മോചനയാത്രയ്ക്കു സാധിക്കുമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.

അഡ്വ. ബിജു പറയന്നിലത്തിനു പതാക കൈമാറി മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തലശേരി അതിരൂപതാ പ്രസിഡന്റ് ദേവസ്യ കൊങ്ങോല അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടര്‍ റവ.ഡോ. തോമസ് കൊച്ചുകരോട്ട് ആമുഖപ്രഭാഷണം നടത്തി.

തലശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് എളൂക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് ആമക്കാട്ട്, ഫാ. ഷാജി വടക്കേത്തൊട്ടി, മാത്യു പൂഴിക്കാല, ജോണി തോമസ് വടക്കേക്കര, ഡേവിസ് പുത്തൂര്‍, ഫാ. മാത്യു ആലങ്കോട്ട്, ബേബി പെരുമാലില്‍, ഫാ. ആന്റണി തെക്കേമുറി, അഡ്വ. ഷീജ കാറുകുളം, ഫിലിപ്പ് കൊട്ടോടി, റോയി ആശാരിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്പൂര്‍ണ ഇടവക ലിസ്റ് പി.ജെ. ചാക്കോ, ജയിംസ് പാലയ്ക്കല്‍ എന്നിവര്‍ സമര്‍പ്പിച്ചു. ഫാ. മാണി മേല്‍വെട്ടം, ഫാ. മാത്യു വേങ്ങക്കുന്നേല്‍, ഫാ. ഷാജി മുകളേല്‍, ബാബു കദളിമറ്റം എന്നിവര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഫാ. തോമസ് പൈമ്പള്ളില്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പീയൂസ് പറേടം നന്ദി പറഞ്ഞു. മോചനയാത്രയ്ക്ക് ഇന്നു രാവിലെ ഒമ്പതിന് കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, 11ന് കരുവഞ്ചാല്‍, ഉച്ചയ്ക്ക് ഒന്നിന് ശ്രീകണ്ഠപുരം, ഉച്ചകഴിഞ്ഞു മൂന്നിന് ഇരിട്ടി, 4.30ന് പേരാവൂര്‍(തൊണ്ടിയില്‍), അഞ്ചിനു കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. നാളെ മാന്തവാടി രൂപത, നാലിന് താമരശേരി രൂപത, അഞ്ചിന് പാലക്കാട് രൂപത, ആറിന് തൃശൂര്‍ അതിരൂപത, ഏഴിന് ഇരിങ്ങാലക്കുട രൂപത, എട്ടിന് അങ്കമാലി അതിരൂപത എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.