മുഖപ്രസംഗം: ഉത്സവദിനങ്ങളെ ലഹരിയിലാഴ്ത്തരുത്
Thursday, July 30, 2015 11:59 PM IST
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം പൂര്‍ണമായി നടപ്പില്‍വന്നശേഷമുള്ള ആദ്യത്തെ ഓണം അടുത്തുവരുകയാണ്. മദ്യോപയോഗത്തില്‍ ഗണ്യമായ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശമദ്യ വില്പനയില്‍നിന്നു ധാരാളം ബാറുകള്‍ ഒഴിവായപ്പോള്‍ മദ്യോപഭോക്താക്കള്‍ക്കു ബിവറേജസ് കോര്‍പറേഷന്റെ ചില്ലറവില്പന ശാലകള്‍ മാത്രമായി ആശ്രയം. അവിടെനിന്നു മദ്യം വാങ്ങി ഉപയോഗിക്കുന്നതിനുള്ള പ്രായോഗികമായ ചില ബുദ്ധിമുട്ടുകള്‍ ഒരു വിഭാഗം ആള്‍ക്കാരുടെ മദ്യോപയോഗം കുറയുന്നതിനു കാരണമായിട്ടുണ്ട്. വരുമാനത്തിലൊരു നല്ല പങ്ക് മദ്യത്തിനായി ചെലവഴിച്ചിരുന്നവര്‍ പലരും ആ തുക കുടുംബത്തിനായി ചെലവഴിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റം പല വീടുകളിലും ഇപ്പോള്‍ ദൃശ്യമാണ്. നേരിയതാണെങ്കില്‍ക്കൂടി ഈ നല്ല മാറ്റം സമൂഹത്തിനു ശുഭസൂചനയാണ്.

എന്നാല്‍, ഇതോടൊപ്പംതന്നെ വ്യാജമദ്യത്തിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. കല്ലുവാതുക്കല്‍, വൈപ്പിന്‍ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ കുപ്രസിദ്ധമായ മദ്യദുരന്തങ്ങള്‍ കേരളത്തെ ഏറെ പിടിച്ചുകുലുക്കിയവയാണ്. അത്ര വലിയ വിഷമദ്യദുരന്തങ്ങള്‍ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെങ്കിലും വ്യാജമദ്യത്തിന്റെ ഉത്പാദനം ഇല്ലാതായിട്ടില്ല. എക്സൈസ് വകുപ്പിന്റെ പരിശോധനയില്‍ പലേടത്തുനിന്നും വ്യാജമദ്യം കണ്െടടുക്കുകയും നശിപ്പിച്ചുകളയുകയും ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് എക്സൈസ് വിഭാഗം കൂടുതല്‍ ജാഗ്രതയോടെ റെയ്ഡ് നടത്താറുള്ളതാണ്. ഉത്സവകാലത്തെ വിപണന സാധ്യതകള്‍ മുതലെടുത്ത് വ്യാജമദ്യ നിര്‍മാതാക്കളും വിതരണക്കാരും തങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കും. ഇത്തരക്കാരെ കണ്ടുപിടിച്ചു കര്‍ശനമായ നടപടിയെടുക്കണം.

ഓണക്കാലത്തെ വ്യാജമദ്യക്കച്ചവടം തടയാനായി ഓഗസ്റ് അഞ്ചുമുതല്‍ സെപ്റ്റംബര്‍ നാലുവരെ എക്സൈസ് വകുപ്പ് തീവ്രയത്ന പരിപാടി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ഇതിനാവശ്യമായ സന്നാഹങ്ങള്‍ എക്സൈസ് വകുപ്പിനില്ല. ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെയും കുറവ് സ്ക്വാഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. കള്ളവാറ്റു തടയുക മാത്രമല്ല മയക്കുമരുന്നിന്റെയും നിരോധിത ഉത്പന്നങ്ങളുടെയും വില്പന കണ്െടത്തുക, അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മദ്യക്കടത്തു തടയുക തുടങ്ങി നിരവധി ചുമതലകള്‍ എക്സൈസിനു നിര്‍വഹിക്കാനുണ്ട്.

സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ പലേടത്തും നിരവധി എക്സൈസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നാലര പതിറ്റാണ്ടു പഴക്കമുള്ള സ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. പല എക്സൈസ് റേഞ്ചുകളിലും ആവശ്യത്തിനു വാഹനങ്ങളില്ല. വ്യാജമദ്യം സംബന്ധിച്ച വിവരം ലഭിച്ചാല്‍ അന്വേഷണത്തിനെത്തുമ്പോഴേക്കും ഇടപാടുകാര്‍ തൊണ്ടിസഹിതം കടന്നുകളഞ്ഞിട്ടുണ്ടാവും. പോലീസിനുള്ളതുപോലെതന്നെയുള്ള പ്രവര്‍ത്തനസംവിധാനങ്ങള്‍ എക്സൈസിനും ആവശ്യമാണ്.

എക്സൈസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും വര്‍ധിക്കണം. സര്‍ക്കാരിന്റെ പ്രധാനമായൊരു നയം നടപ്പാക്കുന്നതില്‍ തങ്ങളുടെ ജോലിക്കു നിര്‍ണായക പങ്കുണ്െടന്ന ബോധ്യം അവര്‍ക്കുണ്ടാകണം. എന്നാല്‍ മദ്യനയത്തെ തകര്‍ക്കുന്ന ചില നിലപാടുകള്‍ എക്സൈസ് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. കള്ളുഷാപ്പുകളുടെ സമയക്രമീകരണത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ഉത്തരവ് കൂടുതല്‍ കച്ചവടം ലാക്കാക്കിയുള്ളതാണ്. ബാറുകളില്‍നിന്നു ചില ഉദ്യോഗസ്ഥര്‍ക്കു കിട്ടിയിരുന്ന “പടി’ ഇല്ലാതായതോടെ കള്ളുഷാപ്പുകളില്‍നിന്നുള്ള ചില സമ്മാനങ്ങള്‍ മാത്രമായി അവരുടെ ആശ്രയം. അതുകൊണ്ടുതന്നെ പുതിയ മദ്യനയത്തെ മനസാ സ്വീകരിക്കാന്‍ ആ ഉദ്യോഗസ്ഥര്‍ക്കു സാധിക്കുന്നുണ്ടാവില്ല.


കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വിദേശമദ്യവില്പനയില്‍ 1.10 കോടി ലിറ്ററിന്റെ കുറവുണ്ടായതായി എക്സൈസ് മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. പതിനെട്ടു ശതമാനം കുറവ്. ഇതൊരു ചെറിയ മാറ്റമല്ല. പക്ഷേ, മദ്യവില്പനയിലൂടെയുള്ള വരുമാനത്തില്‍ വര്‍ധനയാണുണ്ടായിട്ടുള്ളത്. വില്പനനികുതി, എക്സൈസ് നികുതി എന്നിവയിലുണ്ടായ വര്‍ധനയാണിതിനു കാരണം.

മദ്യോപയോഗത്തില്‍ കുറവു രേഖപ്പെടുത്തുമ്പോഴും നമ്മെ ആകുലരാക്കുന്ന മറ്റൊരു കണക്കുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നുവെന്നതാണത്. മയക്കുമരുന്നു കേസുകളും വര്‍ധിച്ചുവരുന്നു. അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയകളുടെ ആളുകള്‍പോലും കേരളത്തില്‍ പിടിയിലായി. യുവാക്കളില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതിനെ മദ്യനയത്തിന്റെ പാര്‍ശ്വഫലമായി ചിത്രീകരിക്കുന്നവരുണ്ട്. എന്നാല്‍, മയക്കുമരുന്നിന് അടിമയാകുന്നതു മദ്യത്തിന്റെ ലഭ്യതക്കുറവുകൊണ്െടന്നു പറയാനാവില്ല. മദ്യത്തെക്കാള്‍ വളരെ വിലയുള്ളവയാണു പല മയക്കുമരുന്നുകളും. കൊക്കെയ്നിന്റെയും മറ്റും വില സാധാരണ യുവാക്കള്‍ക്കു താങ്ങാവുന്നതല്ല. വില കുറഞ്ഞ മയക്കുമരുന്നുകളുടെ വ്യാപനത്തെ മാത്രമേ മദ്യലഭ്യതക്കുറവുമായി ബന്ധപ്പെടുത്താനാവൂ.

തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍ മേഖലകളില്‍ വന്‍തോതില്‍ കഞ്ചാവു ഗോഡൌണുകള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് വിഭാഗത്തിനു വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആഡംബര കാറുകളും ബൈക്കുകളും നല്‍കി മാഫിയകള്‍ യുവാക്കളെ ഉപയോഗിച്ച് ഇവ കടത്തുന്നതായാണു പറയപ്പെടുന്നത്. ഇതു തടയുന്നതിന് അയല്‍ സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യമാണ്. അതിര്‍ത്തി കടന്നുവരുന്ന പച്ചക്കറികളില്‍ വിഷാംശം ഉണ്േടാ എന്ന പരിശോധന കര്‍ശനമാക്കാന്‍ അതിര്‍ത്തി ചെക്ക് പോസ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതോടെ ഉപരോധമടക്കമുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ തമിഴ്നാട് ഒരുങ്ങുകയാണ്. കേരളീയരുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന എല്ലാ വസ്തുക്കളുടെയും വരവു കര്‍ശനമായി തടയണം. ഓണക്കാലത്ത് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും കാര്യക്ഷമതയും ആവശ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.