ദൈവദാസന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍ നാളെ മുതല്‍, പദയാത്രകള്‍ 10-ന് ആരംഭിക്കും
Tuesday, June 30, 2015 12:25 AM IST
തിരുവനന്തപുരം: മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഈവാനിയോസിന്റെ 62-ാം ഓര്‍മപ്പെരുന്നാള്‍ നാളെ മുതല്‍ 15 വരെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. നാളെ വൈകിട്ട് 5.00-ന് പ്രാര്‍ഥന, തുടര്‍ന്ന് പൂന-കട്കി എക്സാര്‍ക്കേറ്റിന്റെ അധ്യക്ഷന്‍ ബിഷപ് തോമസ് മാര്‍ അന്തോണിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോണ്‍. ജോര്‍ജ് കാലായില്‍ (പുത്തൂര്‍ രൂപതാ വികാരി ജനറാള്‍), മോണ്‍. ഗീവര്‍ഗീസ് മണ്ണിക്കരോട്ട് കോറെപ്പിസ്കോപ്പ (തിരുവനന്തപുരം മേജര്‍ അതിരൂപതാ വികാരി ജനറാള്‍), റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ (ബഥനി നവജീവന്‍ പ്രൊവിന്‍ഷ്യല്‍), ഫാ. പ്രേംകുമാര്‍ (മാര്‍ത്താണ്ഡം മാര്‍ എഫ്രേം എന്‍ജിനിയറിംഗ് കോളജ് സെക്രട്ടറി), റവ. ഡോ. ലൂയിസ് പുത്തന്‍വീട്ടില്‍ (ബത്തേരി രൂപതാ ചാന്‍സലര്‍), റവ. ഡോ. ഷാജി മാണികുളം (റെക്ടര്‍, മലങ്കര മേജര്‍ സെമിനാരി), മോണ്‍. വര്‍ഗീസ് കുന്നുംപുറം (മൂവാറ്റുപുഴ രൂപതാ വികാരി ജനറാള്‍), റവ. ഡോ. കുര്യാക്കോസ് തടത്തില്‍ (തിരുവല്ല രൂപതാ ചാന്‍സലര്‍), ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് (മാവേലിക്കര ബിഷപ്), റവ. ഡോ. ജോസ് കുരുവിള (ബഥനി ആശ്രമം സുപ്പീരിയര്‍ ജനറല്‍) എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.


എട്ടിനു പുനലൂര്‍ ബിഷപ് സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ ലത്തീന്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര, റവ.ഡോ. ജോര്‍ജ് ജെ. ഗോമസ് (പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ വികാരി) എന്നിവര്‍ സഹകാര്‍മികരായിരിക്കും. 10-നു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സീറോമലബാര്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം, മാര്‍ ഈവാനിയോസ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജിജി തോമസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.

സമാപന ദിവസമായ ജൂലൈ 15-നു രാവിലെ ഏഴിനു നടക്കുന്ന ആഘോഷമായ സമൂഹബലിക്കു മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ നേതൃത്വം നല്‍കും. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള റോമിലെ പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ വചനസന്ദേശം നല്‍കും.

മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ റാന്നി-പെരുന്നാട്, മാവേലിക്കര, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ഥാടന പദയാത്രകള്‍ ജൂലൈ 10-ന് ആരംഭിച്ച് 14-നു വൈകിട്ട് കബറിടത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.