അരുവിക്കര ഉപതെരഞ്ഞെടുപ്പ്: വിജയകുമാര്‍ ഇടതു സ്ഥാനാര്‍ഥി; പ്രഖ്യാപനം ഇന്ന്
Friday, May 29, 2015 10:40 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന കമ്മിറ്റി അം ഗവും മുന്‍മന്ത്രിയുമായ എം. വിജയകുമാറിനെ മത്സരിപ്പിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അംഗീകരിക്കും.
സ്ഥാനാര്‍ഥിയാകാന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ. മധുവിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നെങ്കിലും അധികം ചര്‍ച്ച കൂടാതെ തന്നെ വിജയകുമാറിന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് യോഗം. സിപിഎം തീരുമാനം 31-നു ചേരുന്ന എല്‍ഡിഎഫ് യോഗം അംഗീകരിക്കുന്നതോടെ അരുവിക്കരയിലെ തെരഞ്ഞെടുപ്പു പോരാട്ടത്തിനു തുടക്കമാകും.

നാലു തവണ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുകയും സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു പരിചയമുള്ള വിജയകുമാര്‍ അരുവിക്കര നിവാസികള്‍ക്കും സുപരിചിതനാണ്. നെടുമങ്ങാടു ജനിച്ച അദ്ദേഹം വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണു രാഷ്ട്രീയ രംഗത്തെത്തുന്നത്. എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1996-2000 കാലഘട്ടത്തില്‍ സ്പീക്കറും 2006-2011 കാലഘട്ടത്തില്‍ നിയമ മന്ത്രിയുമായിരുന്നു. 2001-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ. മോഹന്‍കുമാറിനോട് അദ്ദേഹം തോറ്റിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ വിജയകുമാറിനുവേണ്ടി എല്‍ഡിഎഫ് പ്രചാരണം ആരംഭിച്ചു.

സുലേഖ യുഡിഎഫ് സ്ഥാനാര്‍ഥി ആയേക്കും; തീരുമാനം ഇന്ന്


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ ഡോ. എം.ടി. സുലേഖ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. യുഡിഎഫ് സ്ഥാനാര്‍ഥി സംബന്ധിച്ച അന്തിമ തീരുമാനം ഇന്നു രാത്രിയോടെയുണ്ടായേക്കും.

ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അരുവിക്കരയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഇന്നു ചര്‍ച്ച നടത്തുന്നുണ്ട്. സുലേഖയുമായി സോണിയാഗാന്ധി നേരിട്ടു സംസാരിച്ചേക്കും.

ഉമ്മന്‍ചാണ്ടി ഇന്നു രാത്രിയോടെ ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തിയാലുടന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. നാളെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും.

മത്സരരംഗത്തിറങ്ങാന്‍ എം.ടി. സുലേഖ മടിച്ചുനില്‍ക്കുകയാണ്. സ്ഥാനാര്‍ഥിയാകാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വരെ സുലേഖയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സുലേഖയുമായി ഇക്കാര്യവുമായി ബന്ധപ്പെട്ടു ചര്‍ച്ച നടത്തിയിരുന്നു. സുലേഖ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ പുതിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ കണ്െടത്താന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കുമെന്നു നേതാക്കള്‍ കരുതുന്നു. സുലേഖ സമ്മതിച്ചില്ലെങ്കില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനുള്ള ശ്രമവും ഒപ്പം നടക്കുന്നുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം. വിജയകുമാറിനെ അനൌദ്യോഗികമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എത്രയും വേഗം തീരുമാനത്തില്‍ എത്തണമെന്നാണ് യുഡിഎഫിലെ പൊതു വികാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.