കായികാധ്യാപകര്‍ ശക്തമായ നിലപാടിലേക്ക്; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ കായികപരിശീലനം അനിശ്ചിതത്വത്തില്‍
Wednesday, May 27, 2015 12:16 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികളുടെ കായിക പരിശീലനത്തില്‍ നിന്നു സംസ്ഥാനത്തെ കായികാധ്യാപകര്‍ പിന്മാറുന്നു. അടുത്ത അധ്യയന വര്‍ഷം ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികള്‍ക്കു കായികപരിശീലനം നല്കേണ്െടന്ന തീരുമാനമാണു കായികാധ്യാപകരുടെ സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത്തരമൊരു തീരുമാനം നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ആയിരക്കണക്കിനു ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ കയിക പരിശീലനം പൂര്‍ണമായും മുടങ്ങും.

ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായി 18 വര്‍ഷം സംസ്ഥാനം കിരീടനേട്ടം സ്വന്തമാക്കിയതു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ മികവിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. കായികാധ്യാപക നിയമനവുമായി ബന്ധപ്പെട്ടു കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ കായികാധ്യാപകരുടെ സംഘടന ഇത്തരമൊരു നിലപാടിലേക്കു കടന്നത്. ഹയര്‍ സെക്കന്‍ഡറിയില്‍ പഠിപ്പിക്കാന്‍ നിലവിലുണ്ടായിരുന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതോടെ നിലവില്‍ അധ്യാപകര്‍ക്കു ഹയര്‍ സെക്കന്‍ഡറിയില്‍ പീരിഡില്ല.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കായികാധ്യാപകര്‍ ഉണ്ടാകണമെന്നു വ്യവസ്ഥയുള്ളതാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ അധ്യാപക- വിദ്യാര്‍ഥി അനുപാതം അനുസരിച്ച് അധികമായി വന്ന ഭാഷാധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ ചെറിയ ഒരു പരിശീലനം നല്കിയശേഷം കായികാധ്യാപകരായി നിയമിക്കാന്‍ നീക്കവുമുണ്ടായി. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുകയും ജില്ലാ, സംസ്ഥാന കായികമേളകള്‍ വരെ മാറ്റിവയ്ക്കേണ്ട അവസ്ഥയുമുണ്ടായി. തുടര്‍ന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ മരവിപ്പിച്ച ശേഷം മാത്രമാണ് കായികമേളകള്‍ നടത്താന്‍ സാധിച്ചത്.


കെഇആര്‍ നിയമം അനുസരിച്ച് സംസ്ഥാനത്തെ കായികാധ്യാപകര്‍ക്കു യുപി സ്കൂളിലെ അധ്യാപകരുടെ ശമ്പള സ്കെയിലാണു ലഭിക്കുന്നത്. ഈ ശമ്പള സ്കെയിലില്‍ നിന്നുകൊണ്ടാണ് ഇവര്‍ ഹൈസ്കൂളിലേയും ഹയര്‍സെക്കന്‍ഡറിയിലെയും വിദ്യാര്‍ഥികള്‍ക്ക് കായികപരിശീലനം നല്കുന്നതും. ഹയര്‍ സെക്കന്‍ഡറിയില്‍ കായികപരിശീലനം നല്കുന്നതിനായി പ്രതിമാസം 200 രൂപയെന്ന അലവന്‍സാണ് ഇവര്‍ക്കു ലഭിക്കുന്ന ഏക അധിക തുക. കായികാധ്യാപകര്‍ നിലവിലുള്ള സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ലഭിച്ചപ്പോള്‍ അവിടുത്തെ കായികാധ്യാപകര്‍ തുടരട്ടെയെന്ന സര്‍ക്കുലറായിരുന്നു സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍, ആ ഉത്തരവ് പിന്‍വലിച്ചതോടെ ഹയര്‍ സെക്കന്‍ഡറിയില്‍ കായികാധ്യാപകര്‍ക്കു യാതൊരു പരിശീലനാവകാശവും ഇല്ലാതായി.

സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലായുള്ള ഹൈസ്കൂളുകളില്‍ 12,050 സ്കൂളുകളില്‍ 2600 കായികാധ്യാപകര്‍ മാത്രമാണു നിലവിലുള്ളത്. കെഇആര്‍ നിയമം അനുസരിച്ച് യുപി സ്കൂളില്‍ 500 വിദ്യാര്‍ഥികള്‍ ഉണ്െടങ്കില്‍ മാത്രമേ കായികാധ്യാപകനെ നിയമിക്കാന്‍ അനുവാദമുള്ളു. ഹൈസ്കൂളില്‍ എട്ട്, ഒന്‍പത് ക്ളാസുകളിലായി അഞ്ചു ഡിവിഷനകളും ഉണ്ടാവണം. ഈ നിയമത്തില്‍ ഭേദഗതികള്‍ ആവശ്യമാണെന്നു നിരവധി തവണ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍,

ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ ഒന്നുമുണ്ടായില്ല. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കായികപരിശീലനം നല്കണമെന്ന നിര്‍ദേശം ഉള്ളപ്പോള്‍ കേരളത്തില്‍ നേര്‍വിപരീതമായ കാര്യങ്ങളാണു നടക്കുന്നതെന്നതും വിരോധാഭാസം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ഈ അധ്യയനവര്‍ഷം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ കായികപരിശീലനം മുടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.