ലോക വ്യാപാര സംഘടന സെല്‍ പുനഃസംഘടിപ്പിക്കും: മന്ത്രി
ലോക വ്യാപാര സംഘടന സെല്‍ പുനഃസംഘടിപ്പിക്കും: മന്ത്രി
Sunday, May 24, 2015 11:41 PM IST
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡബ്ള്യുടിഒ സെല്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി കൃഷി വകുപ്പ്മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിവു നേരിടുന്ന കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന ലോകവാണിജ്യ കരാറുകളും തുടര്‍ന്നുള്ള സ്വതന്ത്രവ്യാപാര കരാറുകളും കര്‍ഷക താത്പര്യങ്ങള്‍ക്ക് അനുഗുണമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡബ്ള്യുടിഒ സെല്‍ പുനഃസംഘടിപ്പിക്കാന്‍ വിദഗ്ധരുടെ യോഗത്തില്‍ തീരുമാനിച്ചത്.

കരാറുകളുടെ പ്രസക്തി ഉള്‍ക്കൊണ്ട് ഡബ്ള്യുടിഒ സെല്ലിനെ സ്റേറ്റ് അഗ്രികള്‍ച്ചര്‍ ട്രേഡ് സെല്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന നിര്‍ദേശം യോഗം ചര്‍ച്ച ചെയ്തു.

സംസ്ഥാനത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തില്‍ വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യമുള്ള പരിചയസമ്പന്നരെ ഉള്‍പ്പെടുത്തി സ്റേറ്റ് അഗ്രികള്‍ച്ചര്‍ ട്രേഡ് സെല്‍ രൂപീകരിക്കണമെന്ന് പ്ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു.

കാര്‍ഷിക വ്യാപാര സംബന്ധമായ എല്ലാ വിഷയങ്ങളിലും സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ പ്രാപ്തമായിരിക്കണം സെല്‍.


മാര്‍ക്കറ്റ് ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതിന് കാര്‍ഷിക സര്‍വകലാശാലയില്‍ വെര്‍ച്വല്‍ യൂണിവേഴ്സിറ്റി ഓണ്‍ അഗ്രികള്‍ച്ചറല്‍ ട്രേഡ് പുനഃസ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. ആനുകാലിക പ്രാധാന്യമുള്ളതും വിപണന സാധ്യതയുള്ളതുമായ ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനം ഉള്‍പ്പെടെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും വെര്‍ച്വല്‍ യൂണിവേഴ്സിറ്റി നടത്തും.

മന്ത്രി കെ.പി. മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖര്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍ സുബ്രതോ ബിശ്വാസ്, സെക്രട്ടറി രാജുനാരായണ സ്വാമി, കാര്‍ഷിക വികസന നയരൂപീകരണ ഉപസമിതി ചെയര്‍മാന്‍ കെ. കൃഷ്ണന്‍കുട്ടി, പ്ളാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ.വര്‍ഗീസ് ജോര്‍ജ്, കേരള ഫീഡ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്, സിഡിഎസ് ഡയറക്ടര്‍ പ്രഫ.അമിത് റോയ്, മുന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍. ഹേലി, കൃഷി അനുബന്ധ വകുപ്പ് മേധാവികള്‍, വിവിധ കമ്മോഡിറ്റി ബോര്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.