20 രൂപയ്ക്ക് ഊണു വിളമ്പി പാലാ നഗരസഭ
20 രൂപയ്ക്ക് ഊണു വിളമ്പി പാലാ നഗരസഭ
Saturday, May 23, 2015 1:16 AM IST
പാലാ: ഇരുപതു രൂപ മുടക്കി കൂപ്പണ്‍ വാങ്ങി ഉച്ചഭക്ഷണ കൌണ്ടറിലെത്തിയ സംസ്ഥാനത്തിന്റെ ഖജനാവ് സൂക്ഷിപ്പുകാരന്‍ ധനമന്ത്രി കെ.എം. മാണിക്കു കുടുംബശ്രീ പ്രവര്‍ത്തകര്‍ ആദ്യം നല്‍കിയത് ഉപ്പ്. പിന്നാലെ തോരനും മെഴുക്കുപുരട്ടിയും അച്ചാറും. ചൂടുചോറില്‍ സാമ്പാര്‍ ചേര്‍ത്തു കഴിച്ചു വയറു നിറഞ്ഞപ്പോള്‍ മന്ത്രിയുടെ ആദ്യ കമന്റ് - ഉഗ്രന്‍... നാല്‍പ്പതു രൂപയുടെ ഊണിനെ കടത്തിവെട്ടി, എല്ലാവരും ഇവിടെ വന്ന് ഉണ്ണണം. പാലാ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ന്യായവില ഉച്ചഭക്ഷണശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഊണു കഴിക്കുകയായിരുന്നു മന്ത്രി.

ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി, നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍, കൌണ്‍സിലര്‍മാര്‍ എന്നിവരും മന്ത്രിയോടൊപ്പം ന്യായവില ഭക്ഷണശാലയില്‍നിന്ന് ഊണു കഴിച്ചു.


ധനമന്ത്രി ഇരുപതു രൂപ നല്‍കി നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവനില്‍നിന്നു ടോക്കണ്‍ വാങ്ങി ഊണു കഴിക്കുന്നതു വീക്ഷിക്കാന്‍ ജനക്കൂട്ടവുമെത്തി. നാനൂറോളം പേരാണ് ആദ്യദിനമായ ഇന്നലെ ഇവിടെനിന്നു ഭക്ഷണം കഴിച്ചത്. പാലാ ജനറല്‍ ആശുപത്രിക്കു സമീപമാണു പുതിയ സംരംഭം. ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഡോ.ചന്ദ്രികാദേവി, കൌണ്‍സിലര്‍മാരായ ഷാജു വി. തുരുത്തന്‍, അഡ്വ.ബിനു പുളിക്കകണ്ടം, സാബു ഏബ്രഹാം, ലീന സണ്ണി, അഡ്വ. ബെറ്റി ഷാജു, നീന ചെറുവള്ളില്‍, തോമസ് മൂലംകുഴയ്ക്കല്‍, പ്രഫ.ഗ്രേസിക്കുട്ടി കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.