ഐജിയുടെ കോപ്പിയടി സ്ഥിരീകരിച്ച് ഡെപ്യൂട്ടി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്
Wednesday, May 6, 2015 11:09 PM IST
കൊച്ചി: തൃശൂര്‍ റേഞ്ച് പോലീസ് ഐജി ടി.ജെ. ജോസ് എല്‍എല്‍എം പരീക്ഷയ്ക്കിടെ കോപ്പിയടിച്ച സംഭവം സ്ഥിരീകരിച്ചു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു പ്രാഥമിക തെളിവു ലഭിച്ചതായി എംജി സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.സി. ബാബു റിപ്പോര്‍ട്ട് നല്‍കി. ഇന്നലെ പരീക്ഷാ കേന്ദ്രത്തില്‍ തെളിവെടുപ്പു നടത്തിയ ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണിനു കൈമാറി. കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യനു സമര്‍പ്പിച്ചു.

കളമശേരി സെന്റ് പോള്‍സ് കോളജില്‍ എംജി സര്‍വകലാശാലയുടെ ഓഫ് കാമ്പസ് വിഭാഗത്തിന്റെ എല്‍എല്‍എം നാലാം സെമസ്റ്ററിലെ ലോ ഓഫ് ക്രൈം രണ്ടാം ഭാഗ പരീക്ഷയ്ക്കിടെ തിങ്കളാഴ്ച ഐജി കോപ്പിയടിച്ചതായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഡെപ്യൂട്ടി രജിസ്ട്രാറെ പരിശോധനയ്ക്കായി സര്‍വകലാശാല നിയോഗിച്ചത്.

ഇന്നലെ ഉച്ചയോടെയാണു ഡെപ്യൂട്ടി രജിസ്ട്രാര്‍ സെന്റ് പോള്‍സില്‍ എത്തിയത്. ചീഫ് എക്സാമിനറും വൈസ് പ്രിന്‍സിപ്പലുമായ വി.ജെ. പീറ്റര്‍, കോപ്പിയടി പിടികൂടിയ ഇന്‍വിജിലേറ്റര്‍, ഡെപ്യൂട്ടി എക്സാമിനര്‍, പരീക്ഷയുടെ ചുമതലയുള്ള രണ്ട് അഡ്മിനിസ്റ്റേറ്റീവ് ഓഫീസര്‍മാര്‍ എന്നിവരില്‍ നിന്ന് രജിസ്ട്രാര്‍ വിവരങ്ങള്‍ ശേഖരിച്ചു. അഞ്ചുപേരും കോപ്പിയടി സ്ഥിരീകരിച്ച് മൊഴി നല്‍കി. തുവാലയില്‍ പാഠഭാഗങ്ങളുടെ ഫോട്ടോസ്റാറ്റ് കോപ്പി വച്ചാണ് കോപ്പിയടി നടത്തിയത്. പരീക്ഷയ്ക്കിടെ കോപ്പി പുറത്തെടുത്തു നോക്കി എഴുതുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ പരീക്ഷ യെഴുത്തു തടഞ്ഞെന്നും സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചെന്നും ഇന്‍വിജിലേറ്റര്‍ മൊഴി നല്‍കി. കൂടുതല്‍ ചോദ്യംചെയ്യും മുമ്പേ കോപ്പിയടിക്കാന്‍ ഉപയോഗിച്ച ഫോട്ടോസ്റാറ്റ് കോപ്പിയുമായി പരീക്ഷാര്‍ഥി ഇറങ്ങിപ്പോയെന്ന് ഇന്‍വിജിലേറ്റര്‍ അറിയിച്ചു.


കുറ്റം തെളിഞ്ഞാല്‍ പരീക്ഷാര്‍ഥിയെ ഡീബാര്‍ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍വകലാശാല നീങ്ങും. ഇതിനു നിശ്ചിത നടപടിക്രമങ്ങള്‍ ഉണ്ട്. ആരോപണവിധേയനായ ആളുടെ ഭാഗംകൂടി കേട്ടശേഷമായിരിക്കും നടപടി സംബന്ധിച്ച അന്തിമ തീരുമാനമു ണ്ടാവുക.

സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ നേരിട്ട് ഇടപെടുകയും ഐജിയോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണത്തിനായി ഉത്തര മേഖലാ എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

പോലീസ് തലത്തിലെ അന്വേഷണങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. വസ്തുതകളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചശേഷം മാത്രമേ അന്വേഷണം ആരംഭിക്കൂ എന്ന് എഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് ഐജിയുടെ കോപ്പിയടി പിടിച്ചത്. സംഭവം നിഷേധിച്ച ഐജി ഇന്നലെ പരീക്ഷയ്ക്കെത്തുമെന്നും പറഞ്ഞെങ്കിലും അതുണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.