വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനു പ്രതിഷ്ഠിച്ചു
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനു പ്രതിഷ്ഠിച്ചു
Monday, May 4, 2015 12:26 AM IST
എടത്വ: ജനസഹസ്രങ്ങള്‍ക്കു ദര്‍ശനപുണ്യമേകി എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനു ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിച്ചു. തിരുനാളിനു കൊടിയേറിയതിന്റെ ഏഴാം ദിവസമായ ഇന്നലെ രാവിലെ 7.30നു ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന എന്നിവയ്ക്കു ശേഷമാണു വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപം തിരുനടയില്‍നിന്ന് ദേവാലയ കവാടത്തിലേക്കു സംവഹിച്ചത്.

അയല്‍ സംസ്ഥാനങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ വന്‍ ഭക്തജന സമൂഹത്തെ സാക്ഷി നിര്‍ത്തി പ്രാര്‍ഥനകളുടെയും ദൈവ സ്തുതികളുടെയും നിറവില്‍ വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ തിരുസ്വരൂപം ആശീര്‍വദിച്ചു. വിശ്വാസികള്‍ നേര്‍ച്ചയായി തിരുസ്വരൂപത്തിലേക്കു വെറ്റില എറിഞ്ഞു. പാപപരിഹാരാര്‍ഥം തലയില്‍ കല്ലു ചുമന്നു നൂറുകണക്കിനു വിശ്വാസികള്‍ തിരുനടയിലെത്തി. ദേവാലയത്തിന്റെ പ്രധാന അള്‍ത്താരയ്ക്കു വലതുഭാഗത്തുനിന്നു തിരുസ്വരൂപം എടുത്തപ്പോള്‍ പള്ളിമണികള്‍ നിലയ്ക്കാതെ മുഴങ്ങി. വെടിക്കെട്ടും സ്തോത്രഗീതവും ഉയര്‍ന്നു. നിരവധി കുട്ടികളും മുതിര്‍ന്നവരും തലമുണ്ഡനം ചെയ്തു ചടങ്ങില്‍ പങ്കെടുത്തു. വിശുദ്ധ ഗീവര്‍ഗീസ് സഹദായെ അടുത്ത് കാണുന്നതിനും ദിവ്യസ്വരൂപത്തോട് ചേര്‍ന്നുനിന്നു പ്രാര്‍ഥിക്കുന്നതിനും ജനസഹസ്രങ്ങള്‍ക്ക് ഇന്നലെ മുതല്‍ അവസരം ലഭിച്ചുതുടങ്ങി.

അസിസ്റന്റ് വികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. തോമസ് കാഞ്ഞിരവേലില്‍, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. തോമസ് കാട്ടൂര്‍, ഫാ. മാത്യു മംഗലത്തില്‍, ഫാ. അഗസ്റിന്‍ പാടിയത്ത്, ഫാ. സണ്ണി പടിഞ്ഞാറേവാരിക്കാട്ട്, ഫാ. ടി.വി. ജോണ്‍, ഫാ. സുജന്‍കുമാര്‍, ഫാ. ജേക്കബ് കോയിപ്പള്ളി, ഫാ. ജോസഫ് കോളിന്‍സ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ജനറല്‍ കണ്‍വീനര്‍ റാംസെ ജെ.ടി., ജോയിന്റ് കണ്‍വീനര്‍ ഡോ. ജോച്ചന്‍ ജോസഫ് കൊഴുപ്പക്കളം, ജയന്‍ ജോസഫ് പുന്നപ്ര, കൈക്കാരന്മാരായ വര്‍ഗീസ് ജോസഫ് കുളപ്പുരയ്ക്കല്‍, ലോനപ്പന്‍ തോമസ് തെള്ളിയില്‍, തോമസ് സെബാസ്റ്യന്‍ കറുകയില്‍ പുത്തന്‍പുരയില്‍, രൂപക്കൂട് കമ്മിറ്റി കണ്‍വീനര്‍ ബില്‍ബി മാത്യു കണ്ടത്തില്‍, വോളന്റിയര്‍ ക്യാപ്റ്റന്‍മാരായ ബേബിച്ചന്‍ കടമ്മാട്ട്, ജോജോ റ്റി. ചേന്ദംകര, സെബാസ്റ്യന്‍ കോനാട്ട് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.


തമിഴ്നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍ പള്ളി പരിസരത്തും, സ്കൂളുകളിലും താത്കാലികമായി തയാറാക്കിയ പന്തലുകളില്‍ താമസിച്ചുതുടങ്ങി. പ്രധാന തിരുനാള്‍ ദിനമായ ഏഴുവരെ അന്യസംസ്ഥാന ഭക്തജനങ്ങള്‍ ഇവിടെയുണ്ടാകും. ആറിനു നടക്കുന്ന ചെറിയ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണത്തിലും തിരുനാള്‍ പ്രദിക്ഷണത്തിലും ഗീവര്‍ഗീസ് സഹദായുടെ രൂപവും ചെറിയ രൂപങ്ങളും കൊടിയും കുടകളും കുരിശുമൊക്കെ വഹിക്കുന്നതു തമിഴ്നാട്ടില്‍നിന്നുള്ള ഭക്തജനങ്ങളാണ്. ഇതവര്‍ക്കുള്ള പരമ്പരാഗതമായ അവകാശമാണ്. പിതൃവേദി-മാതൃജ്യോതിസ് സംഘടനയുടെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം മുതല്‍ സൌജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. ഭക്ഷണവിതരണ ഉദ്ഘാടനം വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ നിര്‍വഹിച്ചു.

കെഎസ്ആര്‍ടിസിയും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും പ്രത്യേക സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. തിരുനാളിനോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്കായി ദൈവദാസന്‍ പുത്തന്‍ പറമ്പില്‍ തൊമ്മച്ചന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പോലീസിന്റെ സഹായം വിശ്വാസികള്‍ക്കു ലഭിക്കാനായി കണ്‍ട്രോള്‍ റൂം ഇന്നലെ തുറന്നു. ചെങ്ങന്നൂര്‍ എഎസ്പി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ കണ്‍ട്രോള്‍ റൂം ഉദ്ഘാടനം നിര്‍വഹിച്ചു.

ക്രമസമാധന പാലനത്തിന് പോലീസിനെ സഹായിക്കുന്നതിന് 501 അംഗ കമ്മ്യൂണിറ്റി പോലീസ് സേനയുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. എടത്വ എസ്ഐ ശ്രീകുമാര്‍ എസ്. കമ്മ്യൂണിറ്റി പോലീസ് സേനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.