ടിപ്പറിനും ടാങ്കറിനുമിടയില്‍ ബൈക്ക് ഞെരിഞ്ഞമര്‍ന്ന് രണ്ടു യുവാക്കള്‍ മരിച്ചു
ടിപ്പറിനും ടാങ്കറിനുമിടയില്‍ ബൈക്ക് ഞെരിഞ്ഞമര്‍ന്ന് രണ്ടു യുവാക്കള്‍ മരിച്ചു
Sunday, May 3, 2015 11:16 PM IST
ചേര്‍ത്തല: ടിപ്പര്‍ലോറിക്കും ടാങ്കര്‍ലോറിക്കും ഇടയില്‍ ബൈക്ക് ഞെരിഞ്ഞമര്‍ന്നു ബൈക്കുയാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. ആലപ്പുഴ നെഹ്റുട്രോഫി വാര്‍ഡില്‍ അവലൂക്കുന്ന് നടുംചിറ ധനേഷ് ഭവനില്‍ ധര്‍മരാജന്റെ മകന്‍ ധനേഷ് (26), കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡ് കൊട്ടാരം സോമനിവാസില്‍ രാമചന്ദ്രന്‍ നായരുടെ (റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍) മകന്‍ രാഹുല്‍ (23), എന്നിവരാണു മരിച്ചത്.

ഇന്നലെ രാവിലെ ഒമ്പതരയോടെ ദേശീയപാതയില്‍ 11-ാം മൈല്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കിനു മുന്നില്‍ പോവുകയായിരുന്ന ടിപ്പര്‍ലോറി അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്തപ്പോള്‍ പിന്നാലെ വന്ന ടാങ്കര്‍ലോറി ഇവരുടെ ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ടിപ്പറിനും ടാങ്കറിനും ഇടയില്‍പ്പെട്ടു ബൈക്ക് ഞെരിഞ്ഞമര്‍ന്നു. ബൈക്ക് ഓടിച്ചിരുന്ന രാഹുല്‍ സംഭവസ്ഥലത്തു മരിച്ചു. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്കു മാറ്റിയത്. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ധനേഷും മരിച്ചു.


വയലാറില്‍ സഹോദരിയുടെ ഭര്‍തൃഗൃഹത്തില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടുദിവസം മുമ്പ് എത്തിയ ധനേഷ് ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ധനേഷിന്റെ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനാല്‍ ബൈക്ക് തിരുവിഴ ഭാഗത്തുവച്ചശേഷം ചേര്‍ത്തലയിലെത്തി പെട്രോള്‍ വാങ്ങി രാഹുലിന്റെ ബൈക്കില്‍ ലിഫ്റ്റ് വാങ്ങി ധനേഷ് കയറുകയായിരുന്നു. ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രാഹുല്‍ ജോലിക്കു പോകുമ്പോഴായിരുന്നു ധനേഷ് ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറുന്നത്. കെട്ടിട നിര്‍മാണത്തൊഴിലാളിയാണു ധനേഷ്.

മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പുകളില്‍ സംസ്കരിച്ചു. ലതയാണ് രാഹുലിന്റെ മാതാവ് സഹോദരി: രഞ്ജിത. ധനേഷിന്റെ മാതാവ്: ലീല. സഹോദരി: ധന്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.