സമ്പൂര്‍ണ മത്സ്യബന്ധന നിരോധന ഉത്തരവ് ഉടന്‍ പിന്‍വലിക്കണം: കടല്‍
Sunday, May 3, 2015 11:30 PM IST
കൊച്ചി: ഡോ. സെയ്ദ് റാവു കമ്മിറ്റിയുടെ ചുവടുപിടിച്ചു കേന്ദ്ര ഗവണ്‍മെന്റ് ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 31 വരെ ഇന്ത്യന്‍ കടലില്‍ 12 നോട്ടിക്കല്‍ മൈലിനപ്പുറം പരമ്പരാഗത യാനങ്ങള്‍ക്കു പോലും മത്സ്യബന്ധനം നിരോധിച്ചിറക്കിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നു കോസ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) എക്സിക്യൂട്ടീവ് യോഗം കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

മത്സ്യവിഭവ സംരക്ഷണത്തിനു വേണ്ടതു ട്രോളിംഗ് നിരോധനമാണ്. അതു മണ്‍സൂണ്‍ കാലത്ത് എല്ലാ സംസ്ഥാനങ്ങളിലും നിലവിലുണ്ട്. മറിച്ചു വെറും ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങളെ നിയന്ത്രിക്കുന്നതു ന്യായീകരിക്കാനാവില്ല. കൂടാതെ, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തില്‍ കിട്ടുന്ന ഏറ്റവും വലിയ സീസണ്‍പണി ഈ കാലയളവില്‍ മാത്രമാണ്. എണ്‍പതോളം നോട്ടിക്കല്‍ മൈല്‍ വരെ യാത്രചെയ്താണ് ഇവയില്‍ ഏറെ യാനങ്ങളും മത്സ്യബന്ധനം നടത്തുന്നത്. ഇതിനു നിരോധനം ഏര്‍പ്പെടുത്തിയാല്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തന്നെ തകരും. പ്രസ്തുത കാലയളവില്‍ ആഴക്കടല്‍ മത്സ്യബന്ധനക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധന നിരോധനം നടപ്പിലാക്കിയിട്ടില്ലെന്നതാണ് ഏറെ വിചിത്രമായ കാര്യം. അതിനാല്‍ത്തന്നെ സര്‍ക്കാര്‍ ഉത്തരവ് വിവേചനപരവും നീതിക്കു നിരക്കാത്തതുമാണ്.


യോഗത്തില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, കടല്‍ ഡയറക്ടര്‍ ഫാ. അന്റോണിറ്റോ പോള്‍, ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.