നേര്‍ച്ചപ്പണം ദുരുപയോഗിക്കരുത്: മാര്‍ ആലഞ്ചേരി
നേര്‍ച്ചപ്പണം ദുരുപയോഗിക്കരുത്: മാര്‍ ആലഞ്ചേരി
Monday, April 20, 2015 1:07 AM IST
സിജോ പൈനാടത്ത്

കൊച്ചി: ദേവാലയങ്ങളിലെ നേര്‍ച്ചപ്പണം ദുരുപയോഗിക്കുന്നതു ദൈവതിരുമുമ്പില്‍ കുറ്റകരമാണെന്ന സത്യം ആരും മറക്കരുതെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നേര്‍ച്ചപ്പണം ദൈവാരാധനയുടെ ആവശ്യങ്ങള്‍ക്കും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യോദ്ധാരണ പദ്ധതികള്‍ക്കും ചെലവിടാനുള്ളതാണ്. അല്ലാതെയുളള ദുരുപയോഗങ്ങള്‍ ദൈവസന്നിധിയില്‍ കുറ്റകരമാണ്. ഇടപ്പള്ളിയിലെ പുതിയ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ കൂദാശകര്‍മത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദേവാലയങ്ങള്‍ പണിയുന്നതിന് അമിതമായി പണം ചെലവാക്കുന്നു എന്നും പിരിവുനടത്തി ജനങ്ങളെ വിഷമിപ്പിക്കുന്നു എന്നുമുളള നിരീക്ഷണം പലരും നടത്തുന്നുണ്ട്. അതില്‍ സത്യമുണ്ട് എന്നും സമ്മതിക്കേണ്ടിയിരിക്കുന്നു. പള്ളി പൊതുയോഗങ്ങളുടെയും പള്ളി കമ്മിറ്റികളുടെയും വികാരിമാരുടെയും തലത്തില്‍ ഈ പ്രശ്നത്തിനു പരിഹാരം കാണണം. ദേവാലയ നിര്‍മാണത്തില്‍ അധികചെലവും ധൂര്‍ത്തും നിര്‍ബന്ധമായും ഒഴിവാക്കണം. ചരിത്രപ്രാധാന്യമുളള ദേവാലയങ്ങളുടെ പുനര്‍നിര്‍മാണം അതിന്റെ പൌരാണികത്വം വിളിച്ചോതുന്ന രീതിയിലും കലാമൂല്യമുള്ള ശില്പശൈലിയിലും ആയിരിക്കണമെന്നതു വസ്തുതയാണ്. ഇവിടെയും നിര്‍മാണത്തില്‍ ധൂര്‍ത്തിനു സ്ഥാനമില്ല.

ചരിത്രപ്രാധാന്യമുള്ള ഇടപ്പള്ളി ദേവാലയം വലുപ്പത്തിലും ആകാരഭംഗിയിലും നിര്‍മിക്കപ്പെട്ടിരിക്കുന്നതിനെ ഇങ്ങനെയാണു മനസിലാക്കേണ്ടത്. ഏതു പശ്ചാത്തലത്തിലായാലും ദേവാലയ നിര്‍മാണത്തിന്റെയും തിരുനാളുകളുടെയും ആഘോഷങ്ങളുടെയും അവസരത്തില്‍ ധൂര്‍ത്തും ആഡംബരവും ആര്‍ഭാടവും വര്‍ജിക്കണം.


തീവ്രവാദികള്‍ സിറിയയിലും ഇറാക്കിലും ലിബിയയിലുമൊക്കെ ക്രൈസ്തവരെ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെ മാധ്യസ്ഥ്യം നമുക്കു തുണയാകും. ഭാരതമണ്ണിലെ രക്തസാക്ഷിയായ വിശുദ്ധ തോമാശ്ളീഹായെയും വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെയും അനുസ്മരിക്കാം. സഭയിലെ എല്ലാ രക്തസാക്ഷികളുടെയും മാധ്യസ്ഥ്യവും, ദരിദ്രരായ കര്‍ഷകര്‍ക്കു നീതി ലഭിക്കാന്‍ വേണ്ടിയുളള പോരാട്ടത്തില്‍ ജീവന്‍ ബലികഴിച്ച നമ്മുടെ അതിരൂപതാംഗമായ സിസ്റര്‍ റാണി മരിയയുടെ ധീരമാതൃകയും ക്രൈസ്തവ വിശ്വാസത്തിനും നീതിക്കും സ്നേഹത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ നമ്മെ ശക്തരാക്കുന്നു.

തങ്ങളുടെ മതവിശ്വാസങ്ങളെ തെറ്റിദ്ധരിച്ചു ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കുമെതിരേ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന മൌലികവാദികളുടെ മനഃപരിവര്‍ത്തനത്തിനുവേണ്ടി നാം പ്രാര്‍ഥിക്കേണ്ടതുണ്െടന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.